Euro Cup | യൂറോയില്‍ ഇന്ന് വമ്പന്മാര് ഇറങ്ങുന്നു, ജര്‍മനിയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍
Euro Cup | യൂറോയില്‍ ഇന്ന് വമ്പന്മാര് ഇറങ്ങുന്നു, ജര്‍മനിയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍
രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ തുല്യശക്തികളായ ജര്‍മനിയും ഇംഗ്ലണ്ടും നേര്‍ക്കു നേര് വരുമ്പോള്‍ രണ്ടാം മത്സരത്തില്‍ സ്വീഡന് യുക്രൈനെ നേരിടും.
യൂറോ കപ്പ് മത്സരങ്ങള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നപ്പോഴേക്കും ആവേശം ഇരട്ടിയായിരിക്കുകയാണ്. ഇന്ന് രണ്ട് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് യൂറോയില്‍ നടക്കുന്നത്. രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ തുല്യശക്തികളായ ജര്‍മനിയും ഇംഗ്ലണ്ടും നേര്‍ക്കു നേര് വരുമ്പോള്‍ രണ്ടാം മത്സരത്തില്‍ സ്വീഡന് യുക്രൈനെ നേരിടും. മത്സരങ്ങള്‍ സോണി ചാനലില്‍ തത്സമയം കാണാനാകും.
ഇംഗ്ലണ്ടിന്റെ ഹോം ഗ്രൗണ്ട് ആയ വെംബ്ലിയില്‍ വെച്ചാണ് മത്സരം എന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഏക ടീമാണ് ഇംഗ്ലണ്ട്. ആ റെക്കോര്‍ഡ് സ്വന്തം കാണികളുടെ മുന്നില്‍ ഇന്നും തകര്‍ക്കാതെ നോക്കാനാകും സൗത്ത് ഗേറ്റിന്റെ ടീം ശ്രമിക്കുക. ക്രൊയേഷ്യയേയും ചെക്ക് റിപ്പബ്ലിക്കിനെയും 1-0ന് തോല്‍പ്പിച്ച ഇംഗ്ലണ്ട് സ്കോട്ലന്‍ഡിനോട് ഗോള്‍രഹിത സമനില വഴങ്ങുകയാണ് ചെയ്തത്.
എന്നാല്‍ താരങ്ങള്‍ ഗോളടിക്കാന്‍ പ്രയാസപ്പെടുന്നത് ഇംഗ്ലണ്ടിന് ആശങ്ക നല്‍കുന്നുണ്ട്. റഹിം സ്റ്റെര്‍ലിങ്, ഹാരികെയ്ന് എന്നിവരില്‍ത്തന്നെയാണ് ഇംഗ്ലണ്ടിന്റെ പ്രധാന പ്രതീക്ഷ. എന്നാല്‍ ഹാരികെയ്ന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ഇംഗ്ലണ്ട് ആകെ നേടിയ രണ്ട് ഗോളുകളും സ്റ്റെര്‍ലിങ്ങിന്റെ വകയായിരുന്നു. ഐസൊലേഷനില്‍ ഉള്ള മൗണ്ടും ചില്വേലും ഇന്ന് ഇംഗ്ലണ്ടിനൊപ്പം ഉണ്ടാകില്ല.
മറുഭാഗത്ത് മരണ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ജര്‍മ്മനി പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ അവരുടെ പ്രകടനങ്ങള്‍ക്ക് വലിയ സ്ഥിരത ഉണ്ടായിരുന്നില്ല. ഫ്രാന്‍സിനോട് പരാജയപ്പെട്ട അവര്‍ ഗംഭീര പ്രകടനത്തിലൂടെ പോര്‍ച്ചുഗലിനെ തോല്പിച്ചിരുന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ ഹംഗറിക്ക് എതിരെ അവര്‍ സമനില വഴങ്ങി. ഇംഗ്ലണ്ടിനെതിരെയുള്ള നേര്‍ക്കുനേര്‍ കണക്കുകളില്‍ ജര്‍മനിക്ക് നേരിയ മുന്‍തൂക്കമുണ്ട്. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് തവണയും ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ജര്‍മനിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അവസാന ഒമ്പത് മത്സരങ്ങളില്‍ എട്ടിലും ജയിച്ചു വരുന്ന ഇംഗ്ലണ്ട് ജര്‍മനിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
രാത്രി 12.30 ന് നടക്കുന്ന സ്വീഡന് യുക്രൈന് മത്സരത്തില്‍ ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായാണ് സ്വീഡന് പ്രീക്വാര്‍ട്ടറിലേക്ക് എത്തുന്നത്. എന്നാല്‍ യുക്രൈന്റെ ഗ്രൂപ്പ് ഘട്ടം അത്ര നല്ലതായിരുന്നില്ല. ആകെ മൂന്ന് പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാന്‍ ആയത്. ഭാഗ്യം തുണച്ചതു കൊണ്ട് പ്രീ ക്വാര്‍ട്ടറില്‍ എത്തിയ അവര്‍ക്ക് ഇന്ന് നല്ല പ്രകടനത്തിലൂടെ അത് മുതലെടുക്കേണ്ടതുണ്ട്. യാര്മലെങ്കോയുടെയും മലിനവോസ്കിയുടെയും ഒക്കെ ബൂട്ടിലാകും ഇന്ന് യുക്രൈന് പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഹോളണ്ടിനോടും ഓസ്ട്രിയയോടും തോറ്റെങ്കിലും മാസിഡോണിയയെ തോല്‍പ്പിച്ചതാണ് യുക്രൈന് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം നല്‍കിയത്. അവസാനമായി ഇരു ടീമും 2012ലാണ് ഏറ്റുമുട്ടിയത്. അന്ന് 2-1ന്റെ ജയം സ്വന്തമാക്കിയത് യുക്രൈനായിരുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിലെ യുക്രൈന് പരിശീലകനായ ഷെവ്ചങ്കോയുടെ ഇരട്ട ഗോളുകളുടെ ബലത്തിലാണ് യുക്രൈന് വിജയം നേടിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.