നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Euro Cup | സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഡെന്മാര്‍ക്കും ഇന്നിറങ്ങുന്നു, എതിരാളികള്‍ യുക്രൈനും ചെക്ക് റിപബ്ലിക്കും

    Euro Cup | സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഡെന്മാര്‍ക്കും ഇന്നിറങ്ങുന്നു, എതിരാളികള്‍ യുക്രൈനും ചെക്ക് റിപബ്ലിക്കും

    ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഇംഗ്ലണ്ട് ഇന്നും ക്ലീന്‍ ഷീറ്റോടെ വിജയിക്കാന്‍ ആകും ശ്രമിക്കുക.

    photo credit- talkSPORT

    photo credit- talkSPORT

    • Share this:
      യൂറോ കപ്പില്‍ ഇന്ന് രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളാണ് നടക്കുന്നത്. 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരാളികള്‍ യുക്രൈനാണ്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഇംഗ്ലണ്ടിന്റെ മത്സരമാണ് ഇന്ന് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്.

      തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ടിന്റെ കടന്നു വരവ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഇംഗ്ലണ്ട് ഇന്നും ക്ലീന്‍ ഷീറ്റോടെ വിജയിക്കാന്‍ ആകും ശ്രമിക്കുക. പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ ജര്‍മ്മനിയെ തോല്‍പ്പിച്ചാണ് അവര്‍ മുന്നേറിയിരിക്കുന്നത്. അവരുടെ സൂപ്പര്‍ താരങ്ങളുടെ പ്രകടനവും ടീമിന് വലിയ കരുത്ത് നല്‍കുന്നു. അവസാന മത്സരത്തില്‍ ഹാരികെയ്നും ഗോളടിച്ച് അക്കൗണ്ട് തുറന്നിരിക്കുന്നു. സ്റ്റെര്‍ലിങ്ങും ഫോമിലാണ്. മേസണ്‍ മൗണ്ടും ചില്‍വെലും ഐസൊലേഷന്‍ കഴിഞ്ഞു തിരികെ എത്തിയിട്ടുണ്ട്. മേസണ്‍ മൗണ്ട് ആദ്യ ഇലവനിലേക്ക് തിരികെയെത്താന്‍ സാധ്യതയുമുണ്ട്.

      എന്നാല്‍ മികച്ച ആക്രമണ ശേഷിയുള്ള യുക്രൈന്റെ പ്രതിരോധ നിര ഇംഗ്ലണ്ടിനെയും പ്രയാസപ്പെടുത്താന്‍ സാധ്യതയേറെയാണ്. യുക്രൈന് ഇത് ആദ്യ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലാണ്. പ്രീ ക്വാര്‍ട്ടറില്‍ ആവേശകരമായ മത്സരത്തില്‍ സ്വീഡനെ തോല്‍പ്പിച്ചാണ് യുക്രൈന്‍ ക്വാര്‍ട്ടറിലേക്ക് എത്തുന്നത്. 2013ലാണ് അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.

      പ്രീ ക്വാര്‍ട്ടറില്‍ മികച്ച വിജയങ്ങള്‍ നേടിയ ഡെന്മാര്‍ക്കും, ചെക്ക് റിപബ്ലിക്കുമാണ് ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. 2004ന് ശേഷം ഇതാദ്യമായാണ് ഡെന്‍മാര്‍ക്ക് യൂറോകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് വെയില്‍സിനെ ആയിരുന്നു ഡെന്‍മാര്‍ക്ക് കഴിഞ്ഞ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. കളിച്ച എല്ലാ മത്സരത്തിലും ആറിലധികം ഗോള്‍ശ്രമങ്ങള്‍ നടത്തിയ ഏക ടീമാണ് ഡെന്‍മാര്‍ക്ക്. അവസാന രണ്ടു മത്സരങ്ങളില്‍ നിന്നായി എട്ടു തവണ എതിര്‍ ടീമിന്റെ ഗോള്‍ വല കുലുക്കാന്‍ ഡെന്‍മാര്‍ക്ക് ടീമിനായിട്ടുണ്ട്. 1992ല്‍ യൂറോ കിരീടം നേടിയിട്ടുള്ള ഡെന്‍മാര്‍ക്ക് ഇത്തവണയും അത് ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്.

      എന്നാല്‍ മറുഭാഗത്ത് പൊരുതാന്‍ ശക്തിയുള്ള ഒരു നിര ചെക്ക് റിപബ്ലിക്കിനുണ്ട്. പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ ഹോളണ്ടിനെ അട്ടിമറിച്ചത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചു കൊണ്ട് ടൂര്‍ണമെന്റ് തുടങ്ങിയ ചെക്ക് റിപ്പബ്ലിക്ക് ശക്തരായ ക്രൊയേഷ്യയെ സമനിലയിലും തളച്ചിരുന്നു. 2004ലാണ് അവസാനമായി ചെക്ക് ടീം ഒരു യൂറോ കപ്പ് സെമിയില്‍ എത്തുന്നത്. 2016ലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 1-1 സമനിലയിലാണ് ഇരു ടീമും പിരിയുകയായിരുന്നു. അവസാന 25 മത്സരങ്ങളില്‍ ആകെ 2 തവണ മാത്രമേ ഡെന്മാര്‍ക്കിനെതിരെ ചെക്ക് ടീം പരാജയപ്പെട്ടിടയുള്ളൂ. നേര്‍ക്കുനേര്‍ കണക്കില്‍ ഡെന്‍മാര്‍ക്കിന് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാമെങ്കിലും നിലവിലെ ഫോമില്‍ മത്സരഫലം പ്രവചനാതീതമാണ്.
      Published by:Sarath Mohanan
      First published:
      )}