ഇംഗ്ലണ്ട് സീനിയർ വനിതാ ക്രിക്കറ്റ് ടീം (England Women Cricket Team) താരങ്ങളായ കാതറിൻ ബ്രണ്ടും (Katherine Brunt) നതാലി സിവറും (Nat Sciver) വിവാഹിതരായി. മെയ് 29 ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കമൻ്റേറ്ററും മുൻ ഇംഗ്ലണ്ട് താരവുമായ ഇസ ഗുഹയാണ് ഇരുവരും വിവാഹിതരായ വിവരം പുറത്തിവിട്ടത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഇസ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ഇസ ഇക്കാര്യം പങ്കുവെച്ചതിന് പിന്നാലെ തന്നെ ബ്രണ്ടിനും സിവറിനും ആശംസകൾ നേർന്നുകൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും (England Cricket Board) രംഗത്തെത്തി. ട്വിറ്ററിൽ ദമ്പതികളുടെ വിവാഹചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബോർഡ് ആശംസയറിയിച്ചത്. 'കഴിഞ്ഞ ദിവസം വിവാഹിതരായ ബ്രണ്ടിനും സിവറിനും ഞങ്ങളുടെ സ്നേഹോഷ്മള അഭിനന്ദനങ്ങൾ' - ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ട്വീറ്റിൽ പറയുന്നു.
Our warmest congratulations to Katherine Brunt & Nat Sciver who got married over the weekend ❤️ pic.twitter.com/8xgu7WxtFW
വിവാഹിതരായതോടെ ബ്രണ്ടും സിവറും വനിതാ ക്രിക്കറ്റിലെ മറ്റൊരു സ്വവർഗ ദമ്പതിമാർ ആയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ മാറിസാന്നെ കാപ്പും ഡേൻ വാൻ നീകെർക്കും ന്യൂസിലൻഡിന്റെ ആമി സാറ്റർത്വയ്റ്റും ലീ തഹുഹുവും മറ്റ് രണ്ട് ദമ്പതികൾ.
2017 ൽ വനിതാ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗങ്ങളായിരുന്നു ഇരുവരും. അന്ന് ലോർഡ്സിൽ ഇന്ത്യയെ വീഴ്ത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടധാരണം. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം 2021 ൽ ന്യൂസിലൻഡിൽ നടന്ന ലോകകപ്പിലും ഇരുവരും അംഗങ്ങളായിരുന്നു. 2021 ൽ ഫൈനലിൽ എത്തിയെങ്കിലും ഓസ്ട്രേലിയയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിന് അടിയറവ് പറയേണ്ടി വന്നു.
ഇംഗ്ലണ്ടിനായി ഒട്ടേറെ മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരങ്ങളാണ് ബ്രണ്ടും സിവറും. പേസ് ബൗളറായ 36കാരി ബ്രണ്ട്, ഇംഗ്ലണ്ടിനായി 14 ടെസ്റ്റ് മത്സരങ്ങളും 140 ഏകദിനങ്ങളും 96 ടി20 മത്സരങ്ങളും കളിച്ച താരം മൂന്ന് ഫോർമാറ്റുകളിലുമായി 316 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2021 ലെ വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനായി നാല് മത്സരങ്ങളിൽ ഇറങ്ങിയ താരം നാല് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
അതേസമയം, 29 കാരിയായ സിവർ ഓൾറൗണ്ടറാണ്. ദേശീയ ജഴ്സിയിൽ ഇംഗ്ലണ്ടിനായി 7 ടെസ്റ്റുകളും 89 ഏകദിനങ്ങളും 91 ടി20 മത്സരങ്ങളും കളിച്ച സിവർ മൂന്ന് ഫോർമാറ്റുകളിലുമായി 4,774 റൺസും 140 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2021 ലെ വനിതാ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ പുറത്താകാതെ 148 റൺസാണ് സിവർ അടിച്ചെടുത്തത്. എട്ട് മത്സരങ്ങളിൽ നിന്നായി 436 റൺസ് നേടിയ താരം ടൂർണമെന്റിലെ ഉയർന്ന മൂന്നാമത്തെ റൺ വേട്ടക്കാരി ആയിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.