ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ചരിത്രത്തിലാദ്യമായി ഒന്നാമതെത്തിയെന്ന പ്രഖ്യാപനത്തോടെ ആഘോഷം തുടങ്ങിയ ഇന്ത്യൻ ആരാധകരെയും ബിസിസിഐയെയും നിരാശയിലാഴ്ത്തി റാങ്കിങ് തിരുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഐസിസി വെബ്സൈറ്റിൽ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യയെ ഒന്നാമന്മാരായി കാണിച്ചത്. ട്വന്‍റി20യിലും ഏകദിനത്തിലും ഇതിനകം മുന്നിലുള്ള ടീമിന്റെ ചരിത്രനേട്ടം വലിയ വാർത്തയായി.
ബിസിസിഐ സെക്രട്ടറി ജയ്ഷാ ഉൾപ്പെടെ ആഘോഷത്തിൽ പങ്കുചേർന്ന് ട്വീറ്റ് ചെയ്തു. എന്നാൽ, രാത്രി ഏഴുമണിയോടെ ഐസിസി അബദ്ധം തിരുത്തി. മുമ്പത്തെപ്പോലെ ഓസ്ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതുമായി.
Also Read- വെടിക്കെട്ടിനിടെ ഫ്ലഡ് ലൈറ്റിൽ തീപിടിച്ചു; പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരം വൈകി
115 പോയിന്റുകളാണ് ഒന്നാമതുള്ള ഇന്ത്യയ്ക്കുണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയയ്ക്ക് 111 പോയിന്റുമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നാലെ ഓസ്ട്രേലിയയുടെ പോയിന്റ് 126 ആയി ഉയർന്നു. എന്നാൽ, എന്തുകൊണ്ടാണ് ഇത്രയും പെട്ടന്ന് റാങ്കിൽ വ്യത്യാസം വന്നതെന്ന് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു.
106 പോയിന്റുമായി ഇംഗ്ലണ്ടാണു മൂന്നാമത്. വ്യാഴാഴ്ച ന്യൂസീലൻഡിനെ ടെസ്റ്റിൽ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് പോയിന്റ് മെച്ചപ്പെടുത്താൻ അവസരമുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ തകർപ്പന്‍ പ്രകടനം കാഴ്ചവച്ച ആ. അശ്വിനും രവീന്ദ്ര ജഡേജയും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി.
ബോളിങ്ങിൽ 846 പോയിന്റുമായി രവിചന്ദ്രൻ അശ്വിൻ രണ്ടാമതെത്തി. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് (867 പോയിന്റ്) ഒന്നാം സ്ഥാനത്തുള്ളത്. ഓൾ റൗണ്ടര്‍മാരിൽ 424 പോയിന്റുമായി ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.