• HOME
 • »
 • NEWS
 • »
 • sports
 • »
 • Euro Cup|യൂറോ കപ്പ്: വല നിറച്ച് സെൽഫ് ഗോളുകൾ; സെൽഫ് ഗോളിൽ റെക്കോർഡിട്ട് യൂറോ 2020

Euro Cup|യൂറോ കപ്പ്: വല നിറച്ച് സെൽഫ് ഗോളുകൾ; സെൽഫ് ഗോളിൽ റെക്കോർഡിട്ട് യൂറോ 2020

യൂറോ കപ്പ് ചരിത്രത്തിൽ 1960 മുതൽ 2016 വരെ ആകെ മൊത്തം ഒമ്പത് സെൽഫ് ഗോളുകളേ പിറന്നിട്ടുള്ളൂ. അങ്ങനെയിരിക്കെയാണ് ഇത്തവണ ക്വാർട്ടർ തീരുമ്പോഴേക്കും വലയിൽ കയറിയ പത്തെണ്ണം.

ജർമനി ഫ്രാൻസ് മത്സരത്തിലെ ഹമ്മൽസിന്റെ സെൽഫ് ഗോൾ

ജർമനി ഫ്രാൻസ് മത്സരത്തിലെ ഹമ്മൽസിന്റെ സെൽഫ് ഗോൾ

 • Share this:
  ഗോളുകൾ എന്നാൽ ഫുട്‍ബോളിന്റെ ഭാഗമാണ്. ഒരു ഫുട്‍ബോൾ ടൂർണമെന്റ് നടക്കുമ്പോൾ അതിലെ ഗോളുകളെ കുറിച്ച് ചർച്ച ചെയ്യുക സ്വാഭാവികമാണ്. ഈ യൂറോ കപ്പിലേയും ഗോളുകൾ എല്ലാവരുടെ ഇടയിലും ചർച്ചാവിഷയമാണ്. എന്നാൽ ഈ യൂറോയിൽ കളിക്കാർ സ്വന്തം ടീമിനായി നേടിയ ഗോളുകളേക്കാൾ അവർ എതിർ ടീമിന് ദാനമായി നൽകിയ സെൽഫ് ഗോളുകളാണ് ചർച്ചയാവുന്നത്. രസകരമായ രീതിയിലാണ് ഇതിനെ എല്ലാവരും ചർച്ച ചെയ്യുന്നത്. ഇത്തവണത്തെ യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം സെൽഫ് ഗോളുകൾ സ്വന്തമാക്കും എന്നാണ് പലരും തമാശരൂപേണ പറയുന്നത്. അവർ പറയുന്നതിലും കാര്യമുണ്ട്. ഇത്തവണ യൂറോയിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കഴിഞ്ഞപ്പോൾ പിറന്നിരിക്കുന്നത് 10 സെൽഫ് ഗോളുകളാണ്. യൂറോയിലെ ഒരു പതിപ്പിൽ പിറന്ന സെൽഫ് ഗോളുകളുടെ എണ്ണത്തിൽ ഇത് റെക്കോർഡാണ്. യൂറോ കപ്പ് ചരിത്രത്തിൽ 1960 മുതൽ 2016 വരെ ആകെ മൊത്തം ഒമ്പത് സെൽഫ് ഗോളുകളേ പിറന്നിട്ടുള്ളൂ. അങ്ങനെയിരിക്കെയാണ് ഇത്തവണ ക്വാർട്ടർ തീരുമ്പോഴേക്കും വലയിൽ കയറിയ പത്തെണ്ണം.

  ഇതിൽ ചിലത് അബദ്ധവശാൽ പറ്റുമ്പോൾ മറ്റ് ചിലത് നിസ്സാര പിഴവുകൾ കൊണ്ട് സെൽഫ് ഗോൾ ആയി മാറുന്നവയാണ്. ഇതിനുപുറമെ സെൽഫ് ഗോൾ നിയമത്തിൽ വന്ന മാറ്റവും ഇതിന് പിന്നിലെ കാരണമായിട്ടുണ്ട്. മുൻപ്, ഗോളിലേക്കുള്ള ഒരു ഷോട്ട് എതിർതാരത്തിന്റെ കാലിലോ ദേഹത്തോ കൊണ്ട് ദിശമാറി പോസ്റ്റിൽ കയറിയാലും അടിച്ചയാളുടെ പേരിൽ ഗോൾ രേഖപ്പെടുത്തുമായിരുന്നു. ആരുടെ ദേഹത്തു തട്ടിയാണോ പന്ത് പോസ്റ്റിൽ കയറുന്നത്, ആ താരത്തിന്റെ പേരിൽ സെൽഫ് ഗോൾ രേഖപ്പെടുത്തുന്നാണ് ഇപ്പോഴത്തെ രീതി.

  ഇത്തവണ യൂറോയിൽ ഗോൾ അക്കൗണ്ട് തുറന്നതുതന്നെ ഒരു സെൽഫ് ഗോളിലൂടെയായിരുന്നു. ഇറ്റലിക്കെതിരായ പോരാട്ടത്തില്‍ തുർക്കി താരം ഡെമിറാലിന്റെ വകയായിരുന്നു ഇത്. ഇതും ഒരു റെക്കോർഡ് ആയിരുന്നു. ഒരു ടൂർണമെന്റിലെ ആദ്യത്തെ ഗോൾ സെൽഫ് ഗോൾ ആവുന്നത് ആദ്യമായിട്ടായിരുന്നു. സെൽഫ് ഗോളിന് അതൊരു മികച്ച തുടക്കം തന്നെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. സെൽഫ് ഗോൾ കൊണ്ട് മാത്രം കളി ജയിച്ച മത്സരങ്ങളും ഉണ്ടായി. ജര്‍മനി-ഫ്രാന്‍സ് പോരാട്ടത്തില്‍ ഫ്രാന്‍സ് ജയിച്ചു കയറിയത് ജര്‍മന്‍ പ്രതിരോധനിര താരം മാറ്റ് ഹമ്മല്‍സിന്‍റെ സെല്‍ഫ് ഗോളിലായിരുന്നു. കളിയിൽ പിറന്ന ഏക ഗോളും ഇതായിരുന്നു. സ്ലൊവാക്യക്കെതിരെ പോളണ്ടിന്‍റെ വോജ്സിക് സെ സെനിയും ബെല്‍ജിയത്തിനെതിരെ ഫിന്‍ലന്‍ഡിന്‍റെ ലൂക്കാസ് ഹാര്‍ഡെക്കിയും സെൽഫ് ഗോൾ നേടി വില്ലന്മാരായവരാണ്.

  Also read- Euro Cup | ഇനി സെമി ആവേശം! യൂറോപ്പിന്റെ കാല്‍പന്തു കളി ആര് ഭരിക്കും?

  പിന്നീട് ഒരു പടി കൂടി കടന്ന് ഒന്നിലധികം സെൽഫ് ഗോളുകൾ വീഴുന്ന മത്സരങ്ങൾ കൂടി പിറന്നു. ജര്‍മനിക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ താരങ്ങളായ റൂബന്‍ ഡയസും റാഫേല്‍ ഗുറെറോയും സെൽഫ് ഗോളുകൾ വഴങ്ങിയ മത്സരത്തിൽ 4-2 എന്ന സ്കോറിനാണ് അവർ തോറ്റത്. ഗോൾ അടിക്കാൻ ബുദ്ധിമുട്ടുന്നു എന്ന് വിമർശിച്ചവർക്കെതിരെ സ്പെയിൻ മറുപടി നൽകിയ മത്സരത്തിലും അവരുടെ ഗോൾ എണ്ണം കൂട്ടാൻ സഹായകമായത് സെൽഫ് ഗോളുകളായിരുന്നു. സ്പെയിനെതിരായ മത്സരത്തില്‍ സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ഡുബ്രാവ്കയും ജുറാജ് കുക്കയുമാണ് സ്വന്തം വലയിലേക്ക് ഗോളുകൾ അടിച്ചു കയറ്റി സ്പാനിഷ് നിരയെ സഹായിച്ചത്. അഞ്ച് ഗോളുകൾ പിറന്ന മത്സരത്തിൽ ആദ്യത്തെയും അവസാനത്തെയും ഗോളുകൾ സ്ലോവാക്യൻ താരങ്ങളുടെ വകയായിരുന്നു.

  സെൽഫ് ഗോൾ വഴങ്ങിയിട്ടും തോൽവി വഴങ്ങാതെ രക്ഷെപ്പെട്ട ടീം സ്പെയിനാണ്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ സ്പാനിഷ് ഗോളിയുടെ പിഴവാണ് ഈ സെൽഫ് ഗോളിൽ കലാശിച്ചത്. മൈതാനമധ്യത്ത് നിന്നും സ്പാനിഷ് താരം പെഡ്രി ഉനായി സിമോണിന് നൽകിയ മൈനസ് പാസിൽ നിന്നുമാണ് ഇത് ഗോളായത്. പന്ത് സ്വീകരിക്കാൻ നിന്ന സ്പാനിഷ് ഗോളിയുടെ കാലിൽ നിന്നും വാഴ്ത്തിയ പന്ത് നേരെ ഗോളിലേക്ക് കയറുകയായിരുന്നു. സെൽഫ് ഗോൾ വഴങ്ങിയ സ്‌പെയിൻ പിന്നീട് അതിമനോഹരമായി കളിച്ച് 5-3 എന്ന നിലയിലാണ് ക്രൊയേഷ്യയെ മറികടന്ന് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

  Also read- Copa America|കോപ്പ അമേരിക്ക: സെമി മത്സരത്തിനുള്ള വേദി മാറ്റണം; ടൂർണമെന്റ് സംഘാടകർക്കെതിരെ വീണ്ടും വിമർശനവുമായി ടിറ്റെ

  ഇനിയും മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ എത്ര സെൽഫ് ഗോളുകൾ കൂടി പിറക്കും എന്നത്‌ പ്രവചിക്കാൻ കഴിയില്ല. പുതിയ വല്ല റെക്കോർഡ് കൂടി സെൽഫ് ഗോൾ സ്വന്തമാക്കുമോ എന്നത് കാത്തിരുന്ന കാണാം.

  Summary

  Euro 2020 singlehandedly has a record 10 self goals in its account while the Euro tournaments from 1960-2016 only has a total of 9 self goals
  Published by:Naveen
  First published: