• HOME
 • »
 • NEWS
 • »
 • sports
 • »
 • Euro Cup| അവസാന എട്ടിലേക്ക് ചുരുങ്ങി യൂറോ പോരാട്ടം; ക്വാർട്ടർ ലൈനപ്പായി

Euro Cup| അവസാന എട്ടിലേക്ക് ചുരുങ്ങി യൂറോ പോരാട്ടം; ക്വാർട്ടർ ലൈനപ്പായി

ടീമുകളുടെ എണ്ണം ചുരുങ്ങിയെങ്കിലും ആവേശത്തി തരിമ്പും കുറവ് വന്നിട്ടില്ല. ആദ്യം ഉണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങ് ആവേശമാണ് ക്വാർട്ടർ ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ടൂർണമെന്റിൽ നിന്നും ആരാധകർ അനുഭവിക്കുന്നത്.

Euro Cup Trophy

Euro Cup Trophy

 • Share this:
  ഫുട്‍ബോൾ പ്രേമികൾക്ക് വിരുന്നൂട്ടാൻ എത്തിയ യൂറോ കപ്പ് അതിന്റെ പതിവ് തെറ്റിച്ചില്ല. യൂറോപ്പിലെ മുൻനിര ടീമുകൾ കിരീടം നേടാൻ കച്ചകെട്ടിയിറങ്ങിയ ടൂർണമെന്റിൽ ആരാധകർക്ക് സ്വന്തമായത് ഒട്ടനവധി അവിസ്മരണീയ മുഹൂർത്തങ്ങളാണ്. ഗ്രൂപ് ഘട്ടവും പ്രീക്വാർട്ടറും കടന്ന് ഇപ്പോഴിതാ അവസാന എട്ട് ടീമുകളുടെ പോരാട്ടത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ടീമുകളുടെ എണ്ണം ചുരുങ്ങിയെങ്കിലും ആവേശത്തി തരിമ്പും കുറവ് വന്നിട്ടില്ല. ആദ്യം ഉണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങ് ആവേശമാണ് ക്വാർട്ടർ ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ടൂർണമെന്റിൽ നിന്നും ആരാധകർ അനുഭവിക്കുന്നത്.

  കിരീട സാധ്യതയുമായി വന്ന ടീമുകളിൽ പലരും ഇതിനോടകം പുറത്തായിക്കഴിഞ്ഞു. ഫ്രാൻസ്, ജർമനി, പോർച്ചുഗൽ, നെതർലൻഡ്‌സ്‌ എന്നിങ്ങനെ നീളുന്നു ആ നിര. വമ്പന്മാർ വീണ ടൂർണമെന്റിൽ ചില കുഞ്ഞൻ ടീമുകളുടെ പ്രകടനവും ശ്രദ്ധേയമായി. അരങ്ങേറ്റക്കാരായി എത്തി പ്രീക്വാർട്ടർ യോഗ്യതയുടെ അടുത്തെത്തി വീണ ഫിൻലൻഡിന്റെ പേര് ഇതിൽ ഉൾപ്പെടും. ഇതിനോടൊപ്പം മരണ ഗ്രൂപ്പിൽ അക്ഷരാർത്ഥത്തിൽ പെട്ട് പോയി എന്ന് എല്ലാവരും വിധി എഴുതിയ ഹംഗറിയും ഈ ഗണത്തിൽ പെടും. ലോക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും അടങ്ങിയ ഗ്രൂപ്പിൽ പെട്ട അവർ അവരെയെല്ലാം വിറപ്പിച്ചതിനു ശേഷമാണ് കീഴടങ്ങിയത്. ഇതിനു പുറമെ ചില അവിസ്മരണീയ തിരിച്ചുവരവുകൾക്കും യൂറോ ഗ്രൂപ് ഘട്ടം സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് ബിയിൽ ആദ്യ രണ്ട് കളികളും തോറ്റ് പുറത്താകലിന്റെ വക്കിൽ നിന്നും തകർപ്പൻ പ്രകടനം പുറത്തെടുത്താണ് ഡെന്മാർക്ക് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.

  ഗ്രൂപ്പ് ഘട്ടം കടന്ന് പ്രീക്വാർട്ടറിൽ എത്തിയപ്പോൾ ആവേശം ഇരട്ടിക്കുകയാണ് ഉണ്ടായത്. സൂപ്പർ പോരാട്ടങ്ങൾക്ക് വേദിയായ പ്രീക്വാർട്ടർ ഘട്ടം ആവേശകരമായ അട്ടിമറികൾക്കും സാക്ഷിയായി. ലോക ചാമ്പ്യന്മാരുടെ പകിട്ടുമായി കിരീട സാധ്യത ഏറ്റവും കൂടുതലുള്ള ടീം എന്ന ഖ്യാതിയിൽ എത്തിയ ഫ്രാൻസിന് സ്വിറ്റ്സർലൻഡിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ അടിയറവ്‌ പറയേണ്ടിവന്നു. മറ്റൊന്ന് ഗ്രൂപ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചെത്തിയ നെതർലൻഡ്‌സിന് ചെക്ക് റിപ്പബ്ലിക്ക് ചെക്ക് വച്ചതായിരുന്നു. ഇവർക്ക് പുറമെ സൂപ്പർ ടീമുകളായ ജർമനിക്കും പോർച്ചുഗലിനും ഇംഗ്ലണ്ടിന്റേയും ബെൽജിയത്തിന്റേയും വെല്ലുവിളികൾ മറികടന്ന് ക്വാർട്ടർ ബെർത്ത് നേടാൻ കഴിഞ്ഞില്ല എന്നതാണ്.  ഇന്നലെ അവസാനം നടന്ന പോരാട്ടത്തിൽ സ്വീഡനെ മറികടന്ന് യുക്രെയ്ൻ കൂടിഎത്തിയതോടെയാണ് ക്വാർട്ടർ പോരാട്ട ചിത്രം മൊത്തത്തിൽ തെളിഞ്ഞത്.


  ആദ്യ ക്വാർട്ടർ ഫൈനലിൽ പൊരുതി ജയിച്ചതിന്റെ അനുഭവക്കരുത്ത് പങ്കിടുന്ന രണ്ട് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ക്രൊയേഷ്യയെ തോൽപ്പിച്ചെത്തുന്ന സ്പെയിനും ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചെത്തുന്ന സ്വിറ്റ്സർലൻഡും. ഗോൾ അടിക്കാതെ ഉഴറിയ ആദ്യത്തെ രണ്ട് മത്സരങ്ങൾക്ക് ശേഷം കഴിഞ്ഞ രണ്ട് കളികളിൽ നിന്നും പത്ത് ഗോളുകൾ നേടി തകർപ്പൻ ഫോമിലാണ് സ്‌പെയിൻ നിൽക്കുന്നതെങ്കിൽ ഫ്രാൻസിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസം പേറിയാകും സ്വിസ് ടീം ഈ മത്സരത്തിന് ഇറങ്ങുക.

  ക്വാർട്ടറിലെ സൂപ്പർ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമാണ് അടുത്തത്. ക്വാർട്ടറിൽ എത്താൻ ആധികാരിക പ്രകടനം കാഴ്ച്ചവെച്ച ബെൽജിയവും ഇറ്റലിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം ആർക്കാവും എന്ന് പ്രവചിക്കുക അസാധ്യം. ബെൽജിയത്തിന്റെ സുവർണതലമുറയിൽ പെട്ട താരങ്ങൾ അടങ്ങുന്ന ടീമിന് കിരീടം തന്നെയാണ് ലക്ഷ്യം. മറുഭാഗത്ത് റോബർട്ടോ മാൻചീനിക്ക് കീഴിൽ സ്വപ്നതുല്യമായ യാത്രയുടെ പാതയിലാണ് ഇറ്റലി. തീപാറുന്ന പോരാട്ടം തന്നെയാകും ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ദൃശ്യമാവുക. ഇറ്റലിയെ നേരിടാൻ ഒരുങ്ങുന്ന ബെൽജിയത്തിന് പ്രതിസന്ധി നൽകുന്നത് അവരുടെ സൂപ്പർ താരണങ്ങളായ ഏദൻ ഹസാർഡിന്റേയും കെവിൻ ഡിബ്രൂയ്‌നയുടേയും പരുക്കുകളാണ്.

  ടൂർണമെന്റിലെ കറുത്ത കുതിരകൾ എന്ന് വിളിക്കാവുന്ന രണ്ട് ടീമുകൾ തമ്മിലാണ് അടുത്ത മത്സരം. തങ്ങളുടെ സൂപ്പർ താരമായ എറിക്സന്റെ വീഴ്ചയിൽ ആദ്യം പിന്നോട്ട് പോയെങ്കിലും പിന്നീട് ശക്താമായി പൊരുതിക്കയറി വന്ന ഡെന്മാർക്കും അട്ടിമറി വീര്യവുമായി വരുന്ന ചെക്ക് റിപ്പബ്ലിക്കുമാണ് കൊമ്പ് കോർക്കുന്നത്. ക്വാർട്ടർ വരെ പൊരുതിയെത്തിയ ഡെന്മാർക്ക് അവർ 1992ൽ നേടിയ കിരീടത്തിൽ ഒന്നുകൂടി മുത്തമിടുക എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്.

  അവസാനത്തെ ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടും യുക്രെയ്‌നുമാണ് നേർക്കുനേർ വരുന്നത്. 1966ന് ശേഷം ഒരു കിരീടം നേടിയിട്ടില്ല എന്ന കുറവ് തീർക്കാൻ ഉറച്ച് ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ അവസാനം വരെ പോരാടാനുള്ള വീര്യം കുത്തിനിറച്ചാണ് യുക്രെയ്ൻ മത്സരത്തിനിറങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ ഡച്ച് നിരയെ വിറപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു എന്നതിനാൽ അവർക്കെതിരെ ഒന്ന് കരുതി തന്നെയാകും ഇംഗ്ലണ്ട് ഇറങ്ങുക.

  Also read- Euro Cup| യൂറോ കപ്പ്: മരണ ഗ്രൂപ്പ് എന്നത് അറിഞ്ഞിട്ട പേര്; ക്വാർട്ടറിൽ എത്തും മുൻപേ പുറത്തായി ഗ്രൂപ്പ് എഫ് ടീമുകൾ

  ക്വാർട്ടർ ഫൈനൽ ലൈനപ്പും സമയവും

  സ്വിറ്റ്സർലൻഡ് vs സ്പെയിൻ - ജൂലൈ 2, വെള്ളി, രാത്രി 9.30

  ബെൽജിയം vs ഇറ്റലി - ജൂലൈ 2, ശനി, രാവിലെ 12.30

  ചെക്ക് റിപ്പബ്ലിക്ക് vs ഡെന്മാർക്ക് - ജൂലൈ 3, ശനി, രാത്രി 9.30

  യുക്രൈൻ vs ഇംഗ്ലണ്ട് - ജൂലൈ 3, ഞായർ , രാവിലെ 12.30

  Summary

  Euro Cup quarter lineup complete; Italy vs Belgium clash to be the heavy weight challenge of the Round of eight stage
  Published by:Naveen
  First published: