HOME » NEWS » Sports » EURO CUP GROUP B BELGIUM AND DENMARK ENTERS PRE QUARTER

Euro Cup| യൂറോ കപ്പ്: ഫിൻലൻഡിനെ തോൽപ്പിച്ച് ബെൽജിയം, റഷ്യയെ തകർത്ത് ഡെന്മാർക്ക് പ്രീക്വാർട്ടറിൽ

ഗ്രൂപ്പ് ബി പോരാട്ടത്തിൽ നടന്ന മത്സരത്തിൽ ബെൽജിയം ഫിൻലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും ഡെന്മാർക്ക് റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്കുമാണ് പരാജയപ്പെടുത്തിയത്. 

News18 Malayalam | news18-malayalam
Updated: June 22, 2021, 3:21 AM IST
Euro Cup| യൂറോ കപ്പ്: ഫിൻലൻഡിനെ തോൽപ്പിച്ച് ബെൽജിയം, റഷ്യയെ തകർത്ത് ഡെന്മാർക്ക് പ്രീക്വാർട്ടറിൽ
മത്സരശേഷം വിജയമാഘോഷിക്കുന്ന ഡെന്മാർക് താരങ്ങൾ
  • Share this:


യൂറോ കപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ നാല് ടീമുകൾക്കും സാധ്യത നിലനിൽക്കെയാണ് അവർ അവസാന മത്സരത്തിന് ഇറങ്ങിയത്. ഇതിൽ ബെൽജിയം ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഏറെക്കുറെ യോഗ്യത ഉറപ്പിച്ചിരുന്നു. അതുകൊണ്ട് ബാക്കിയായ രണ്ടാം സ്ഥാനത്തിന് വേണ്ടി ആയിരുന്നു മത്സരം. ഫിൻലൻഡിനെ മറികടന്ന് ഹാട്രിക് വിജയം നേടി ബെൽജിയവും, ആദ്യ രണ്ട് കളികൾ പരാജയപ്പെട്ടിട്ടും അവസാന മത്സരത്തിൽ റഷ്യയെ തകർത്തെറിഞ്ഞ് കൊണ്ട് ഡെന്മാർക്കും അവസാന 16 ടീമുകളുടെ പോരാട്ടത്തിന് യോഗ്യത നേടി.

ഗ്രൂപ്പ് ബി പോരാട്ടത്തിൽ നടന്ന മത്സരത്തിൽ ബെൽജിയം ഫിൻലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും ഡെന്മാർക്ക് റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്കുമാണ് പരാജയപ്പെടുത്തിയത്. 



ബെൽജിയം - ഫിൻലൻഡ്



ആദ്യത്തെ രണ്ട് മത്സരങ്ങളും ജയിച്ച ബെൽജിയം ഫിൻലൻഡിനെതിരെ എട്ട് മാറ്റങ്ങളുമായാണ് കളത്തിൽ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ലുകാകു, ഗോളി കുർട്ട്വാ, ഡിനേയർ എന്നിവരൊഴികെ ബാക്കിയുള്ള താരങ്ങളെ എല്ലാം മാറ്റിയാണ് റോബർട്ടോ മാ തൻ്റെ ടീമിനെ ഇറക്കിയത്. മറുവശത്ത്, യൂറോയിലെ അരങ്ങേറ്റത്തിൽ തന്നെ പ്രീക്വാർട്ടർ പ്രവേശനം എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഫിൻലൻഡ് ഇറങ്ങിയത്. തോൽവി അവരുടെ സാധ്യതക്ക് മങ്ങലേൽപ്പിക്കും എന്നതിനാൽ പ്രതിരോധത്തിൽ അഞ്ച് പേരുമായാണ് അവർ ഇറങ്ങിയത്.

ആക്രമണത്തിന് ഊന്നൽ നൽകി കളിക്കുന്ന ബെൽജിയൻ ടീമിനെ ആദ്യ പകുതിയിൽ പിടിച്ച് നിർത്താൻ അവർക്കായി. ആദ്യ പകുതിയിൽ ഏറിയ പങ്കും കളി നടന്നത് ഫിൻലൻഡ് പകുതിയിൽ ആയിരുന്നു. ബെൽജിയത്തിന് അവസരങ്ങൾ കിട്ടിയെങ്കിലും ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ അവരുടെ ഏറ്റവും നല്ല അവസരം പിറന്നത് 42ാം മിനിറ്റിൽ ആയിരുന്നു. ടീമിലേക്ക് വന്ന ഡോകു ഇടത് ഫ്ലാങ്കിൽ നിന്നും ഉള്ളിലേക്ക് കട്ട് ചെയ്ത് കയറി പോസ്റ്റിൻ്റെ വലത് മൂല ലക്ഷ്യം വച്ച് അധികം ഉയരെ അല്ലാതെ എടുത്ത ഒരു വലം കാൽ ഷോട്ട് ഫിൻലൻഡ് ഗോളി ഹ്രാഡെക്കിയുടെ തകർപ്പൻ സേവ് ഒന്ന് കൊണ്ട് മാത്രമാണ് ഗോൾ ആവാതെ പോയത്. ഇതുകൂടാതെ കളിയിൽ അവർക്ക് വേണ്ടി ലുകാകു, ഹസാഡ്, ഡിബ്രൂയ്‌ന എന്നിവർക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല.

രണ്ടാം പകുതി തുടങ്ങിയത് ഫിൻലൻഡ് സൃഷ്ടിച്ച അവസരങ്ങൾ കൊണ്ടാണ്. അവരുടെ മുന്നേറ്റ താരങ്ങളായ പുക്കിയിലൂടെയും പോജൻപാലോയിലൂടെയും അവസരങ്ങൾ അവർ ഉണ്ടാക്കിയെടുത്തെങ്കിലും ബെൽജിയൻ പ്രതിരോധ നിര കടന്ന് അവർക്ക് മുന്നേറാൻ കഴിഞ്ഞില്ല.

ഇതിന് ശേഷം പന്ത് കൈകലാക്കിയ ബെൽജിയം വീണ്ടും ആക്രമണങ്ങൾ നടത്തിയെങ്കിലും ഫിൻലൻഡ് ഗോളി അവയെല്ലാം തടഞ്ഞിട്ടു. പക്ഷേ 66ാം മിനിറ്റിൽ ലുകാകു ഫിൻലൻഡ് വലയിൽ പന്തെത്തിച്ചെങ്കിലും വാർ പരിശോധനയിലൂടെ റഫറി ഗോൾ നിഷേധിച്ചു. എന്നാൽ എട്ട് മിനിറ്റുകൾക്ക് ശേഷം ബെൽജിയം കളിയുടെ സമനില ചരട് പൊട്ടിച്ചു. അത്രയും നേരം ബെൽജിയം മുന്നേറ്റം തടഞ്ഞു നിർത്തിയ ഫിൻലൻഡ് ഗോളി ഹ്രാഡെക്കിയുടെ സെൽഫ് ഗോൾ ആയിരുന്നു ബെൽജിയത്തിന് കളിയിൽ ലീഡ് നൽകിയത്. ഡിബ്രൂയ്‌ന എടുത്ത കോർണർ കിക്കിലേക്ക് ചാടി ഉയർന്ന  വേർമെയ്‌ലൻ്റെ ഹെഡർ സൈഡ്പോസ്റ്റിൽ തട്ടിയതിന് ശേഷം ഹ്രാഡെക്കിയുടെ കയ്യിൽ തട്ടി ഗോൾ ആവുകയായിരുന്നു. പന്ത് ഗോൾ ആകുന്നതിന് മുമ്പ് രക്ഷപ്പെടുത്താൻ ഗോളിക്ക് കഴിഞ്ഞതുമില്ല. 

ഗോൾ വീണതോടെ ആവേശത്തിലായ ബെൽജിയൻ ടീം തുടരെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇതിൻ്റെ ഫലമായാണ് 81ാം മിനിറ്റിൽ അവരുടെ രണ്ടാം ഗോൾ വന്നത്. വാറിൽ പെട്ട് ആദ്യ ഗോൾ നിഷേധിക്കപ്പെട്ട ലുകാകുവിൻ്റെ വകയായിരുന്നു ഗോൾ. ലുകാകുവിനെ തേടി ബോക്സിലേക്ക് വന്ന ഡിബ്രൂയ്‌നയുടെ പന്തിനെ കാലിൽ സ്വീകരിച്ച് കറങ്ങി തിരിഞ്ഞ് ഫിൻലൻഡ് പ്രതിരോധ താരത്തെ മറികടന്ന് താരം എടുത്ത കരുത്തുറ്റ ഷോട്ട് വലയിലേക്ക് പോകുന്നത് നോക്കി നിൽക്കാനേ ഫിൻലൻഡ് ഗോളിക്ക് കഴിഞ്ഞുള്ളൂ. 

മൂന്ന് കളിയും ജയിച്ച ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാർ ആയാണ് പ്രീക്വാർട്ടറിലേക്ക് മുന്നേറുന്നത്. തോൽവിയോടെ ഫിൻലൻഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. ഇനി നാല് ടീമുകളിൽ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന നിലയിൽ മുന്നേറാം എന്ന പ്രതീക്ഷയാണ് അവർക്ക് ബാക്കിയുള്ളത്.



ഡെന്മാർക്ക് - റഷ്യ

ഡെന്മാർക്ക് ഇൻ ഡ്രീം ലാൻഡ്!! അതായിരുന്നു കമന്റേന്റർ ഡെന്മാർക്കിന്റെ നാലാം ഗോൾ പിറന്നപ്പോൾ പറഞ്ഞ വാക്കുകൾ. അതാണ് സത്യം!! ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രാത്രിയിൽ എല്ലാം തങ്ങളുടേതാക്കി മാറ്റിയിരിക്കുകയാണ് ഡെന്മാർക്ക്.

ജയം കൊണ്ട് മാത്രമേ യൂറോയിൽ മുന്നോട്ട് പോക്ക് ഉള്ളൂ എന്ന നിലയിൽ ഇറങ്ങിയ റഷ്യയും എറിക്സൻ്റെ വീഴ്ച്ച നൽകിയ ആഘാതങ്ങൾ മറികടന്ന് ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിന് അടിവരയിടാൻ ഉറച്ച് ഇറങ്ങിയ ഡെന്മാർക്കും തമ്മിൽ കടുപ്പമേറിയ പോരാട്ടമാണ് നടന്നത്. 

ബലാബലം മുന്നേറിയ ഇരുടീമുകളും ഒരു പോലെ അങ്ങോട്ടും ഇങ്ങോട്ടും മുന്നേറ്റങ്ങൾ നടത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഡെന്മാർക്കിൻ്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കൂടുതൽ ആക്രമിച്ച് കളിച്ചത് ആതിഥേയർ തന്നെയായിരുന്നെങ്കിലും റഷ്യൻ പ്രതിരോധ നിരയെ മറികടക്കാൻ അവർ പാട്പെട്ടു. 38ാം മിനിറ്റിലാണ് കളിയുടെ സമനില ചരട് പൊട്ടിയത്. ഡെന്മാർക്ക് താരമായ ഡാംസ്ഗാർഡിൻ്റെ മനോഹരമായ ഗോളിൽ ആതിഥേയർ ലീഡ് എടുക്കുകയായിരുന്നു. ആദ്യ ഗോൾ വീണതോടെ ആത്മവിശ്വാസത്തോടെ കളിച്ച അവർ രണ്ടാം പകുതിയിൽ റഷ്യയെ ആക്രമണം കൊണ്ട് വരിഞ്ഞുമുറുക്കിക്കൊണ്ട് മൂന്ന് ഗോളുകളാണ് നേടിയത്. പോൾസെൻ, ക്രിസ്റ്റെൻസെൻ, മെയെൽ എന്നിവരാണ് രണ്ടാം പകുതിയിൽ ഡെൻമാർക്കിനായി ലക്ഷ്യം കണ്ടത്. റഷ്യക്കായി സ്യൂബ അവരുടെ ആശ്വാസ ഗോൾ നേടി.

ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടും മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ ജയം ഡെൻമാർക്കിന് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനം നൽകി. കളി തുടങ്ങുന്നതിനു മുൻപ് ഗ്രൂപ്പിൽ അവസാന സ്ഥാനക്കാർ ആയിരുന്ന അവർ കളി കഴിഞ്ഞപ്പോൾ പ്രീക്വാർട്ടറിലെ 16 ടീമുകളിൽ ഒന്നായി.



Summary

Belgium beat Finland, secures their third win; Denmark overpowers Russia and steers into knockout stage
Published by: Naveen
First published: June 22, 2021, 3:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories