HOME » NEWS » Sports » EURO CUP QUARTER FINAL MATCHES TO START TODAY

Euro Cup| അവസാന നാലിലേക്ക് ആര്; യൂറോ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കം

അവസാന നാലിലെത്താനുള്ള പോരാട്ടത്തിൽ രാത്രി 9.30ന് സ്‌പെയിൻ സ്വിറ്റ്സർലൻഡിനെയും അർദ്ധരാത്രി 12.30ന് ക്വാർട്ടറിലെ സൂപ്പർ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ ബെൽജിയം ഇറ്റലിയെ നേരിടും.

News18 Malayalam | news18-malayalam
Updated: July 2, 2021, 11:25 AM IST
Euro Cup| അവസാന നാലിലേക്ക് ആര്; യൂറോ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കം
അവസാന നാലിലെത്താനുള്ള പോരാട്ടത്തിൽ രാത്രി 9.30ന് സ്‌പെയിൻ സ്വിറ്റ്സർലൻഡിനെയും അർദ്ധരാത്രി 12.30ന് ക്വാർട്ടറിലെ സൂപ്പർ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ ബെൽജിയം ഇറ്റലിയെ നേരിടും.
  • Share this:
യൂറോ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. 24 ടീമുകളുമായി പോരാട്ടം തുടങ്ങിയ ടൂർണമെന്റ് അതിന്റെ ആവേശകരമായ ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ യൂറോപ്പ് ഭരിക്കാൻ കണ്ണും നട്ട് കാത്തിരിക്കുന്നത് എട്ട് ടീമുകളാണ്. കടുപ്പമേറിയ വെല്ലുവിളികൾ അതിജീവിച്ച് വന്ന ഈ എട്ട് ടീമുകളിൽ നിന്ന് അടുത്ത ഘട്ടമായ സെമിയിലേക്ക് ആരൊക്കെയാകും മുന്നേറുക എന്നത് ഇന്ന് മുതൽ അറിയാം. അവസാന നാല് ടീമുകളിൽ രണ്ട് ടീമുകൾ ആരൊക്കെ എന്നത് ഇന്നത്തെ മത്സരങ്ങൾ കഴിയുമ്പോൾ വ്യക്തമാകും. അവസാന നാലിലെത്താനുള്ള പോരാട്ടത്തിൽ രാത്രി 9.30ന് സ്‌പെയിൻ സ്വിറ്റ്സർലൻഡിനെയും അർദ്ധരാത്രി 12.30ന് ക്വാർട്ടറിലെ സൂപ്പർ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ ബെൽജിയം ഇറ്റലിയെ നേരിടും.

ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്‌പെയിൻ സ്വിറ്റ്സർലൻഡിനെ നേരിടും. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ വെച്ചാണ് മത്സരം നടക്കുന്നത്. ക്രൊയേഷ്യയെ ഗോൾ മഴയിൽ മുക്കിയാണ് സ്‌പെയിൻ ക്വാർട്ടർ ടിക്കറ്റ് എടുത്തതെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട വാശിയേറിയ പോരാട്ടത്ത്തിനൊടുവില ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചാണ് സ്വിസ് ടീം ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. യൂറോയിലെ ചരിത്രത്തിൽ ആദ്യമായാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത് എന്ന പ്രത്യേകാതെയും ഈ പോരാട്ടത്തിനുണ്ട്.

കഴിഞ്ഞ രണ്ട് കളികളിൽ നിന്നും പത്ത് ഗോളുകൾ നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാകും സ്പാനിഷ് ടീം ഈ മത്സരത്തിനിറങ്ങുക, അതേസമയം ഫ്രാൻസിനെതിരെ നേടിയ അവിസ്മരണീയ വിജയത്തിന്റെ ആത്മവിശ്വാസം സ്വിസ് ടീമിന് മുതൽക്കൂട്ടായേക്കും. പന്ത് കയ്യിൽ വെച്ച് കളിച്ച് കാളി സ്വന്തമാക്കുന്ന രീതിയാണ് സ്പാനിഷ് ടീമിന്റെ തന്ത്രമെങ്കിൽ അടങ്ങാത്ത പോരാട്ടവീര്യവുമായി കളിക്കുന്ന രീതിയാണ് സ്വിസ് ടീമിന്റേത്. കളിയിൽ പിന്നിൽപ്പോയാലും തിരിച്ചുവരാനുള്ള വീര്യം അവർക്ക് സ്വായത്തമാണ് എന്നത് കഴിഞ്ഞ കളിയിൽ കണ്ടതുമാണ്.

മധ്യനിരയും പ്രതിരോധനിരയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോഴും മുന്നേറ്റ നിരയിലെ താരങ്ങളുടെ പ്രകടനങ്ങളിൽ ഉള്ള അനിശ്ചിതാവസ്ഥ സ്പാനിഷ് ടീമിന് തിരിച്ചടിയാണ്. പിഴവുകൾ വരുത്തുന്ന കാര്യത്തിൽ ടീമിലെ മുന്നേറ്റ നിരയിലെ താരങ്ങൾ തമ്മിൽ മത്സരമാണ്. ഇത് അവർക്ക് ചെറിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. മറുഭാഗത്ത് സ്വിസ് ടീമിന് അവരുടെ ക്യാപ്റ്റനായ ഗ്രാനിറ്റ് ഷാക്കയുടെ വിലക്കാണ് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതിനു പുറമെ അവരുടെ ഏഴ് കളിക്കാർ കൂടി ഓരോ മഞ്ഞക്കാർഡ് കണ്ട് സസ്‌പെൻഷൻ ഭീഷണയിലാണ്.

ഇരുടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കിൽ സ്പാനിഷ് ടീമിനാണ് മുൻ‌തൂക്കം. 23 കളികളിൽ നേർക്കുനേർ വന്നപ്പോൾ 16 തവണയും സ്പാനിഷ് ടീമിനായിരുന്നു വിജയം. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ സ്വിസ് ടീമിന് ജയിക്കാനായത് ഒറ്റ മത്സരത്തിൽ മാത്രം.

ലോക ഒന്നാം നമ്പർ ടീമായ ബെൽജിയവും റോബർട്ടോ മാൻചീനിക്ക് കീഴിൽ കഴിഞ്ഞ 31 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുന്ന ഇറ്റലിയും തമ്മിലാണ് അടുത്ത ക്വാർട്ടർ പോരാട്ടം. ക്വാർട്ടറിലെ സൂപ്പർ പോരാട്ടം എന്ന പേരിൽ ശ്രദ്ധ്യാകാർഷിച്ചിരിക്കുന്ന മത്സരം നടക്കുന്നത് ജർമനിയിലെ മ്യുണിക്കിലാണ്. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം നടക്കുന്നത്.

പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ ഒറ്റ ഗോളിന്റെ ബലത്തിൽ മറികടന്നാണ് ബെൽജിയം വരുന്നതെങ്കിൽ ഓസ്ട്രിയ ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് അസൂറികൾ എത്തുന്നത്. ടൂർണമെന്റിലെ കിരീട സാധ്യതയുള്ള രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം എന്ന് പ്രവചിക്കുക അസാധ്യം.

മികച്ച താരങ്ങളുടെ ഒരു നിര അതാണ് ഇറ്റലി ടീം. ടീമിലെ എല്ലാ പൊസിഷനുകളിൽ കളിക്കുന്ന താരങ്ങളും ഒന്നിനൊന്ന് മികച്ചവർ. പകരക്കാരുടെ നിരയിലെ കാര്യവും ഇത് തന്നെ. അതുകൊണ്ട് ആരെയൊക്കെ കളിപ്പിക്കണം എന്ന തലവേദനയാകും മാൻചീനിക്ക്. പ്രതിരോധം മുഖമുദ്രയായി കൊണ്ടുനടന്നിരുന്ന ഇറ്റാലിയൻ ടീമിപ്പോൾ ഗോൾ അടിക്കുന്നതിലും മുമ്പന്മാരാണ്. പരുക്ക് കാരണം കഴിഞ്ഞ കളികളിൽ പുറത്തിരുന്ന അവരുടെ ക്യാപ്റ്റൻ കില്ലെനി ഇന്നത്തെ മത്സരത്തിൽ കളത്തിലറങ്ങിയേക്കും. പ്രതിരോധത്തിൽ കില്ലെനി- ബൊനൂച്ചി സഖ്യത്തിന് ബെൽജിയൻ മുന്നേറ്റത്തെ പൂട്ടിടാൻ കഴിഞ്ഞാൽ കാളി അവർക്ക് സ്വന്തമാക്കാം. മറുവശത്ത് ആക്രമണത്തിലൂന്നി കളിക്കുന്ന ബെൽജിയൻ ടീമിൽ മുന്നേറ്റത്തിനൊപ്പം ഗോളടിയിൽ മികവ് കാട്ടാൻ കഴിയുന്ന മധ്യനിരയുമുണ്ട് എന്നതാണ് അവരുടെ ശക്തി. മുന്നേറ്റനിരയിലെ ഒറ്റക്കൊമ്പനായ ലുകാകുവിനൊപ്പം കിട്ടുന്ന അർധാവസരങ്ങൾ പോലും മുതലെടുത്ത് ഗോളടിക്കാൻ കഴിവുള്ള തോർഗൻ ഹസാർഡും ആക്സൽ വിറ്റ്‌സെലുമെല്ലാം ഇറ്റാലിയൻ പ്രതിരോധ നിരക്ക് മുകളിൽ ശക്തമായ വെല്ലുവിളി ഉയർത്തും.

സൂപ്പർ താരങ്ങളായ കെവിൻ ഡിബ്രൂയ്നയുടെയും ഏദൻ ഹസാർഡിന്റെയും പരുക്കുകളാണ് ബെൽജിയൻ ടീമിന് തിരിച്ചടിയാവുന്നത്. ഇരുവരും കളിച്ചില്ലെങ്കിൽ ഇവരുടെ വിടവ് എങ്ങനെയാണ് പരിശീലകനായ റോബർട്ടോ മാർട്ടിനസ് നികത്തുകയെന്നത് കണ്ടറിയണം.

ഇരുവരും തമ്മിലുള്ള നേർക്കുനേർ കണക്കുകളിൽ മേജർ ടൂർണമെന്റുകളിൽ ഇറ്റാലിയൻ സംഘത്തിനാണ് മുൻ‌തൂക്കം. അഞ്ച് കളികളിൽ മൂന്നെണ്ണവും അവരാണ് ജയിച്ചത്. ഒരെണ്ണത്തിൽ ബെൽജിയം ജയിച്ചപ്പോൾ മറ്റൊന്ന് സമനിലയായി.

Summary

Euro Cup Quarter final matches starts today; Spain meets Switzerland at St Petersburg, Russia, while Belgium lock horns with Italy at Munich, Germany
Published by: Naveen
First published: July 2, 2021, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories