യൂറോ കപ്പ് ഫുട്‌ബോളിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടൂർണമെൻ്റ് കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രതിസന്ധി കാരണം ഈ വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ലോകകപ്പ് കഴിഞ്ഞാൽ ഫുട്ബോളിൽ ഏറ്റവും പ്രാമുഖ്യമുള്ളതാണ് യൂറോപ്പിലെ രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ഈ ടൂർണമെൻ്റ്. നാളെ റോമിൽ തുടക്കമാകുന്ന ടൂർണമെൻ്റ് മൊത്തം 11 വേദികളിൽ ആയാണ് നടക്കുന്നത്. ജൂലായ് 11ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വച്ചാണ് ഫൈനൽ മത്സരം.
യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന ഒട്ടുമിക്ക താരങ്ങൾ യൂറോയുടെ മാറ്റ്കൂട്ടുന്നു. ക്ലബ്ബ് ഫുട്ബോളിൽ ഒരുമിച്ച് കളിക്കുന്ന താരങ്ങൾ നേർക്കുനേർ വരുന്ന രസകരമായ പോരാട്ടങ്ങൾക്ക് കൂടി ഈ ടൂർണമെൻ്റ് സാക്ഷിയാകും. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിൽ ഗ്രൂപ്പ് ഘട്ടം മുതൽ തന്നെ തീ പാറുന്ന പോരാട്ടങ്ങൾ അരങ്ങേറും. ഇതിൽ മരണ ഗ്രൂപ്പുകളിൽ പെടുന്ന ടീമുകളുടെ മത്സരങ്ങൾ കൂടുതൽ ആവേശകരമായിരിക്കും. ഒന്നിലധികം രാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ അതാത് രാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്താകും കാണികൾക്ക് പ്രവേശനം നൽകുക.
കിരീട സാധ്യതകൾ പ്രവചിക്കുക അസാധ്യമാണെന്ന് തന്നെ പറയാം. നിലവിലെ ചാമ്പ്യൻമാരുടെ പകിട്ടുമായെത്തുന്ന പോർച്ചുഗൽ, ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, മുൻ ചാമ്പ്യൻമാരായ ജർമനി, ഇറ്റലി, സ്‌പെയിർൻ, നെതർലൻഡ്‌സ്, കന്നിക്കിരീടം എന്ന ലക്ഷ്യത്തോടെ വരുന്ന ഇംഗ്ലണ്ട്, ലോക ഒന്നാം നമ്പർ ടീമായ ബൽജിയം എന്നിവരെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച ടീമുകളാണ്.
ഇതിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത് മരണ ഗ്രൂപ്പായ എഫിനെ കുറിച്ചാണ്. ഫ്രാൻസ്, ജർമനി, പോർച്ചുഗൽ എന്നീ ശക്തരായ ടീമുകൾക്കൊപ്പം പെട്ടിരിക്കുകയാണ് ഹംഗറി ടീം. ഇതിൽ എല്ലാവരും കിരീട സാധ്യത പതിച്ചു നൽകുന്ന ഫ്രാൻസ് ടീമിന് മികവുറ്റ ഒരു നിര തന്നെയാണ് ഉള്ളത്. ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസ് യൂറോയിലും തകർപ്പൻ പ്രകടനം നടത്തി കഴിഞ്ഞ വട്ടം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുമെന്ന് ഏവരും കരുതുന്നു. ജർമനിക്ക് അവരുടെ പരിശീലകനായ യോക്കിം ലോക്ക് മികച്ച ഒരു യാത്രയയപ്പ് നൽകുക എന്ന ലക്ഷ്യമമാണുള്ളത്. ഒന്നര പതിറ്റാണ്ട് കാലം അവരുടെ പരിശീലകനായി അവർക്ക് ലോകകപ്പ് അടക്കം നേടി കൊടുത്തിട്ടുള്ള പരിശീലകനാണ് ലോ. പോർച്ചുഗൽ ആവട്ടെ 2016 ലെ കിരീടനേട്ടം വീണ്ടും ആവർത്തിക്കാൻ ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. റൊണാൾഡോ എന്ന വന്മരത്തിൻ്റെ കീഴിൽ നിന്നും വിട്ട് ഇന്ന് അവർക്ക് ഒരു പിടി മികച്ച താരങ്ങൾ തന്നെ കൂട്ടായുണ്ട്. ഇവരുടെ മികവിൽ കിരീടം നേടാനാകും എന്നാണ് പോർച്ചുഗൽ വിശ്വസിക്കുന്നത്.
മുൻ ചാമ്പ്യന്മാരായ സ്പെയിൻ കോവിഡ് പ്രതിസന്ധിയിൽ വലയുകയാണ് അവരുടെ ക്യാപ്‌റ്റനായ സെർജിയോ ബുസ്‌ക്വെറ്റ്‌സും പ്രതിരോധ നിരയിലെ ഡിയേഗോ ലോറൻ്റെയും രോഗം സ്ഥിരീകരിച്ചതിനാൽ ഐസോലേഷണിൽ കഴിയുകയാണ്. ഉൾപ്പെടെയുള്ളവർക്ക് കോവിഡാണ്. റോബർട്ടോ മൻചീനി അണിനിരത്തുന്ന പ്രതിരോധത്തിലെ അശാൻമാരയ ഇറ്റലി, കറുത്ത കുതിരകളാവൻ ഒരുങ്ങുന്ന തുർക്കി, ലോകകപ്പ് റണ്ണർ അപ്പുകളായ ക്രൊയേഷ്യ, സ്വിറ്റ്‌സർലൻഡ്, സ്വീഡൻ, റോബർട്ട് ലെവൻഡോസ്‌കി നയിക്കുന്ന പോളണ്ട്, ഐസ്‌ലൻഡ് എന്നീ ടീമുകളും അട്ടിമറിക്ക് കെൽപ്പുള്ളവരാണ്.
നാളെ രാത്രി റോമിൽ നടക്കുന്ന ഇറ്റലി തുർക്കി മത്സരത്തോടെ ടൂർണമെൻ്റിന് തുടക്കമാകും. ഇവരെ കൂടാതെ സ്വിറ്റ്സർലൻഡ് വെയ്ൽസ് എന്നീ ടീമുകൾ കൂടി അണിനിരക്കുന്ന എ ഗ്രൂപ്പിൽ മുൻതൂക്കം ഇറ്റലിക്ക് തന്നെയാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ച് തുടങ്ങാൻ തന്നെയാകും അവർ ലക്ഷ്യമിടുന്നത്. പക്ഷേ മറുവശത്ത് പുതുരക്തവുമായി വരുന്ന തുർക്കി ഇറ്റലിക്ക് വേണ്ടി എന്താകും കാത്ത് വച്ചിരിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.
സോണി നെറ്റ്‌വർക്കിൽ തൽസമയ സംപ്രേക്ഷണം ഉണ്ടാകുന്നതായിരിക്കും.
Summary
Euro Cup to begin from tomorrow; Italy and Turkey would come face to face in the inaugural match
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.