ഇന്റർഫേസ് /വാർത്ത /Sports / ചെറിയൊരു ഓര്‍മ്മക്കുറവുണ്ട്, എന്നാലും കളിക്കളത്തിലേക്ക് ഉടന്‍ തന്നെ തിരിച്ചെത്തും: ഫാഫ് ഡൂ പ്ലെസ്സിസ്

ചെറിയൊരു ഓര്‍മ്മക്കുറവുണ്ട്, എന്നാലും കളിക്കളത്തിലേക്ക് ഉടന്‍ തന്നെ തിരിച്ചെത്തും: ഫാഫ് ഡൂ പ്ലെസ്സിസ്

Faf Du plessis

Faf Du plessis

പി എസ് എല്ലില്‍ പെഷവാര്‍ സാല്‍മിക്കെതിരെ നടന്ന മത്സരത്തിലെ ഏഴാം ഓവറില്‍ ഒരു ബൗണ്ടറി ഡൈവ് ചെയ്ത് തടയുന്നതിനിടെയാണ് ഡൂ പ്ലെസിക്ക് പരിക്കേറ്റത്.

  • Share this:

രണ്ടു ദിവസം മുന്ന് യൂറോ കപ്പില്‍ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ തളര്‍ന്ന് വീണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ സമയത്ത് തന്നെയായിരുന്നു പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും മറ്റൊരു ദുരന്ത വാര്‍ത്ത എത്തിയത്. മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റ ദക്ഷിണഫ്രിക്കന്‍ താരം ഡൂ പ്ലെസ്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു ആ വാര്‍ത്ത. പെഷവാര്‍ സാല്‍മിക്കെതിരായ മത്സരത്തില്‍ സഹതാരം മുഹമ്മദ് ഹസ്‌നൈനുമായി കൂട്ടിയിടിച്ചാണു ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ ഡൂ പ്ലെസിക്ക് പരിക്കേറ്റത്.

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ കൂടിയായ ഫാഫ് ഡൂ പ്ലെസിക്ക് ലോകമൊട്ടാകെ വലിയ ആരാധക പിന്തുണയാണുള്ളത്. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓപ്പണര്‍ വേഷത്തില്‍ ഇത്തവണയും ഗംഭീര പ്രകടനമായിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. ഇപ്പോഴിതാ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് ആശുപത്രി വിട്ട താരം ആരാധകരോട് സംസാരിക്കുകയാണ്. മത്സരത്തിനിടെ നടന്ന അപകടത്തില്‍ ഇപ്പോള്‍ ചെറിയൊരു ഓര്‍മക്കുറവുണ്ടെന്നാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷമഘട്ടത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കളിക്കളത്തിലേക്ക് ഉടന്‍ തന്നെ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡൂ പ്ലെസ്സിസ് വ്യക്തമാക്കി.

പി എസ് എല്ലില്‍ പെഷവാര്‍ സാല്‍മിക്കെതിരെ നടന്ന മത്സരത്തിലെ ഏഴാം ഓവറില്‍ ഒരു ബൗണ്ടറി ഡൈവ് ചെയ്ത് തടയുന്നതിനിടെയാണ് ഡൂ പ്ലെസിക്ക് പരിക്കേറ്റത്. മുഹമ്മദ് നവാസിന്റെ ബോള്‍ പെഷവാര്‍ താരം ഡേവിഡ് മില്ലര്‍ ബൗണ്ടറി ലൈനിലേക്ക് പായിച്ചു. ബൗണ്ടറി ലൈനിനടുത്ത് വച്ച് ബോളിനായി ചാടിയ ഡൂ പ്ലെസിയുടെ തല സഹതാരം മുഹമ്മദ് ഹസ്നൈന്റെ മുട്ടിലിടിച്ചാണ് അപകടമുണ്ടായത്. ബൗണ്ടറിക്ക് അരികില്‍ വീണ താരത്തെ ഉടന്‍ തന്നെ അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. താരം കളം വിട്ടതോടെ സായിം അയൂബ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി മത്സരം പുനരാരംഭിച്ചു. 2021 ലാണ് ഡൂ പ്ലെസ്സിസ് ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനൊപ്പം ചേര്‍ന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വച്ച പി എസ് എല്‍ മത്സരങ്ങള്‍ ജൂണ്‍ 9ആം തിയ്യതിയാണ് പിന്നെയും തുടങ്ങിയത്.

യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 43ആം മിനിട്ടിലാണ് ഡെന്മാര്‍ക്ക് താരമായ എറിക്‌സണ്‍ കുഴഞ്ഞു വീണത്. താരം ബോധരഹിതനായതിനെ തുടര്‍ന്ന് മത്സരം കുറച്ച് നേരത്തേക്ക് വയ്ക്കുകയായിരുന്നു. എറിക്‌സണ്‍ അപകടനില തരണം ചെയ്തു എന്ന വാര്‍ത്ത വന്നതിനു പിന്നാലെ നിര്‍ത്തിവച്ചിടത്ത് നിന്ന് മത്സരം പുനരാരംഭിക്കുകയും ചെയ്തു. സംഭവത്തിന്റെ ആഘാതത്തില്‍ കളിച്ച ഡെന്മാര്‍ക്ക് ടീം ഒരു ഗോളിന് ഫിന്‍ലന്‍ഡിനോട് തോല്‍ക്കുകയും ചെയ്തു. അതേസമയം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നാല് ദിവസത്തിനിടെ ഗ്ലാഡിയേറ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ താരത്തെയാണ് പരുക്കേറ്റ് ആശുപത്രിയിലേക്കു മാറ്റുന്നത്. കഴിഞ്ഞ ദിവസം ഇസ്ലാമാബാദ് യുണൈറ്റഡിനെതിരായ മത്സരത്തിനിടെ ഒരു ബീമര്‍ ഹെല്‍മറ്റില്‍ പതിച്ചതിനെ തുടര്‍ന്ന് ഗ്ലാഡിയേറ്റേഴ്‌സിന്റെ വെസ്റ്റിന്‍ഡീസ് താരം ആന്ദ്രെ റസ്സലിനെ കണ്‍കഷന്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.

First published:

Tags: Faf du Plessis, Pakistan Cricket, South Africa Cricket