കായിക ലോകത്തിന് ഇന്നലത്തെ ദിവസം വെറും കളിയുടേത് മാത്രമായിരുന്നില്ല, അത് സങ്കട വാര്‍ത്തകളുടെയും പ്രാര്‍ത്ഥനകളുടെയും കൂടിയായിരുന്നു. യൂറോ കപ്പില്‍ ഡെന്മാര്ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് തളര്‍ന്ന് വീഴുകയും മത്സരം നിര്‍ത്തിവെച്ച് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ നിന്നുള്ള വാര്‍ത്ത. പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റ ദക്ഷിണഫ്രിക്കന്‍ താരം ഡൂ പ്ലെസ്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെഷവാര്‍ സാല്‍മിക്കെതിരായ മത്സരത്തില്‍ സഹതാരം മുഹമ്മദ് ഹസ്നൈനുമായി കൂട്ടിയിടിച്ചാണു ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമായ ഡൂ പ്ലെസിക്ക് പരിക്കേറ്റത്.
ഏഴാം ഓവറില്‍ ഒരു ബൗണ്ടറി ഡൈവ് ചെയ്ത് തടയുന്നതിനിടെയാണ് സംഭവം. മുഹമ്മദ് നവാസിന്റെ ബോള്‍ പെഷവാര്‍ താരം ഡേവിഡ് മില്ലര്‍ ബൗണ്ടറി ലൈനിലേക്ക് പായിച്ചു. ബൗണ്ടറി ലൈനിനടുത്ത് വച്ച് ബോളിനായി ചാടിയ ഡുപ്ലസിയുടെ തല സഹതാരം മുഹമ്മദ് ഹസ്നൈന്റെ മുട്ടിലിടിച്ചാണ് അപകടമുണ്ടായത്. ബൗണ്ടറിക്ക് അരികില്‍ വീണ താരത്തെ ഉടന്‍ തന്നെ അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. താരം കളം വിട്ടതോടെ സായിം അയൂബ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി മത്സരം പുനരാരംഭിച്ചു. 2021 ലാണ് ഡൂപ്ലസി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനൊപ്പം ചേര്‍ന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വച്ച പി എസ് എല്‍ ജൂണ്‍ 9ആം തിയ്യതിയാണ് പിന്നെയും തുടങ്ങിയത്.
യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 43ആം മിനിട്ടിലാണ് ഡെന്മാര്ക്ക് താരമായ എറിക്സണ് കുഴഞ്ഞു വീണത്. താരം ബോധരഹിതനായതിനെ തുടര്‍ന്ന് മത്സരം കുറച്ച് നേരത്തേക്ക് വയ്ക്കുകയായിരുന്നു. എറിക്സണ് അപകടനില തരണം ചെയ്തു എന്ന വാര്‍ത്ത വന്നതിനു പിന്നാലെ നിര്‍ത്തിവച്ചിടത്ത് നിന്ന് മത്സരം പുനരാരംഭിക്കുകയും ചെയ്തു. സംഭവത്തിന്റെ ആഘാതത്തില്‍ കളിച്ച ഡെന്മാര്ക്ക് ടീം ഒരു ഗോളിന് ഫിന്‍ലന്‍ഡിനോട് തോല്‍ക്കുകയും ചെയ്തു. ഡെന്മാര്ക്ക് താരങ്ങള്‍ക്ക് തോല്‍വി കൂടുതല്‍ നിരാശ സമ്മാനിക്കുന്നതായി. 59ആം മിനിറ്റില്‍ പൊഹന്‍പാലോ നേടിയ ഗോളിലാണ് ഫിന്‍ലന്‍ഡ് അവരുടെ ചരിത്ര ജയം നേടിയത്. മത്സരത്തില്‍ പിന്നീട് പെനാല്‍റ്റി ലഭിച്ച ഡെന്മാര്ക്കിനു അത് മുതലെടുക്കാന്‍ കഴിയാതെ വന്നത് കൂടി ഫിന്‍ലന്‍ഡിന്റെ ജയം ഉറപ്പിച്ചു.
അതേസമയം പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ രണ്ട് ദിവസത്തിനിടെ ഗ്ലാഡിയേറ്റേഴ്സിന്റെ രണ്ടാമത്തെ വിദേശ താരത്തെയാണ് പരുക്കേറ്റ് ആശുപത്രിയിലേക്കു മാറ്റുന്നത്. കഴിഞ്ഞ ദിവസം ഇസ്ലാമാബാദ് യുണൈറ്റഡിനെതിരായ മത്സരത്തിനിടെ ഒരു ബീമര്‍ ഹെല്‍മറ്റില്‍ പതിച്ചതിനെ തുടര്‍ന്ന് ഗ്ലാഡിയേറ്റേഴ്സിന്റെ വെസ്റ്റിന്‍ഡീസ് താരം ആന്ദ്രെ റസ്സലിനെ കണ്‍കഷന്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.