ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New Zealand) ടെസ്റ്റ് പരമ്പരയിലെ(Test series) ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. കാണ്‍പൂരില്‍(Kanpur) നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം വെളിച്ചക്കുറവു മൂലം മത്സരം നേരത്തെ നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. ശ്രേയസ് അയ്യര്‍ (75), രവീന്ദ്ര ജഡേജ (50) എന്നിവരാണ് ക്രീസില്‍.
മത്സരത്തിനിടെ ഗ്യാലറിയില്‍ ഇരുന്ന് ഗുഡ്ക വായിലിട്ട് ഫോണിലൂടെ സംസാരിക്കുന്ന ഒരു ആരാധകന്(fan) സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ ഉള്‍പ്പടെ ഈ ആരാധകന്റെ ഫോട്ടോ പങ്കുവെച്ച് ട്രോളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഫോണിലൂടെ ഗൗരവത്തില്‍ സംസാരിക്കുന്ന ആരാധകന് ബിഗ് സ്ക്രീനില്‍ തന്നെ കാണിക്കുന്നത് ശ്രദ്ധിച്ചതോടെ കൈ ഉയര്‍ത്തി ചിരിക്കുന്നതും വീഡിയോയില്‍(video) കാണാം.
അതേസമയം, അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ചുറി കണ്ടെത്തിയ ശ്രേയസിന്റെ മികവാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് തുണയായത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 52 റണ്‍സെടുത്ത് പുറത്തായി. കിവീസിനായി കെയ്ല്‍ ജാമിസണ് മൂന്ന് വിക്കറ്റെടുത്തു. ടിം സൗത്തിക്ക് ഒരു വിക്കറ്റുണ്ട്.
IPL 2022 |'തല' ചെന്നൈയില്‍ തന്നെ; ധോണിയെ മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ ചെന്നൈ; രാഹുല്‍ ലഖ്നൗ ടീം നായകന്, റിപ്പോര്‍ട്ട്
വന്‍ മാറ്റങ്ങളുമായി എത്തുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2022 അടുത്ത സീസണിലെ മത്സരങ്ങള്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്രിക് ബസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഉദ്ഘാടന മത്സരത്തിന് ചെന്നൈ ആയിരിക്കും വേദി. ഐപിഎല്ലിന്റെ പുതിയ സീസണ് ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഇത്തവണ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. അഹമ്മദാബാദ്, ലഖ്നൗ എന്നീ നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ട് ടീമുകള്‍ ഐപിഎല്ലിലേക്ക് എത്തുന്നത്. പുതുതായി രണ്ട് ടീമുകള്‍ വരുന്നതോടെ ആകെ ടീമുകളുടെ എണ്ണം പത്തായി ഉയരും. ഇതോടെ താരങ്ങളെ നിലനിര്‍ത്താനും പുറത്താക്കാനുമുള്ള ശ്രമത്തിലാണ് ടീമുകള്‍. നിലവില്‍ കളിക്കുന്ന ഐപിഎല്‍ ടീമുകള്‍ക്ക് പരമാവധി നാല് താരങ്ങളെയാണ് നിലനിര്‍ത്താനാകുക.
പുതിയ റിപ്പോര്‍ട്ട് പ്രകാരം ചെന്നൈ സൂപ്പര്‍ കിങ്സ്, നായകന് മഹേന്ദ്ര സിങ് ധോണിയെ നിലനിര്‍ത്തും. മൂന്നുവര്‍ഷത്തേക്കാണ് താരത്തെ നിലനിര്‍ത്തുക. ഒപ്പം രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയും നിലനിര്‍ത്തിയേക്കും. മോയിന്‍ അലിയോ സാം കറനോ ആയിരിക്കും വിദേശ താരമായി തുടരുക. ഡ്വെയ്ന്‍ ബ്രാവോയെ കൈവിടാന്‍ സിഎസ്കെ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ടീം മാനേജ്മെന്റ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ബ്രാവോയെ ലേലത്തില്‍ സ്വന്തമാക്കുകയും ചെയ്യും.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനെ നയിച്ച കെ.എല്‍.രാഹുല്‍ പുതിയ സീസണില്‍ ടീം വിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അഹമ്മദാബാദ്, ലഖ്നൗ എന്നീ പുതിയ ടീമുകളിലൊന്നിന്റെ നായകനായി രാഹുല്‍ മാറും. ലഖ്നൗ ടീമിനെയായിരിക്കും രാഹുല്‍ നയിക്കുകയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സഞ്ജീവ് ഗോയങ്കയാണ് ലഖ്നൗ ടീമിന്റെ ഉടമ.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.