• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ആ പോരാട്ടം നടക്കുമോ... അർജന്റീന – പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ!

news18india
Updated: June 28, 2018, 7:19 AM IST
ആ പോരാട്ടം നടക്കുമോ... അർജന്റീന – പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ!
news18india
Updated: June 28, 2018, 7:19 AM IST
#ഗൗരീശങ്കരൻ പി

മോസ്കോ: ആ പോരാട്ടം കാണാനാവുമോ? മെസിയുടെ അർജന്‍റീനയും ചിരവൈരിയായ റൊണാൾഡോ നയിക്കുന്ന പോർച്ചുഗലും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ! ആരാധകർ മോഹിക്കുന്ന ഒരു കൊച്ചു ഫൈനൽ!

എഴുതിത്തള്ളിയ പൂച്ചകളെ ഞെട്ടിച്ച് നൈജീരിയയെ കീഴടക്കി അവസാനവണ്ടിക്ക് പ്രീക്വാർട്ടറിലേക്കു കുതിച്ച അർജന്‍റീനയെ ഇനി പിടിച്ചു കെട്ടുക എളുപ്പമാവില്ല. പ്രീ ക്വാർട്ടറിൽ ഫ്രാൻസ് ആണ് എതിരാളികൾ. യുവത്വത്തിന്‍റെ ചുറുചുറുക്കുമായി പോരാടുന്ന ഫ്രഞ്ച് പടയെ മെരുക്കാൻ ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ മെയ് വഴക്കവും മെസി നയിക്കുന്ന നിരയുടെ വിരുതും മുഴുവൻ പുറത്തെടുക്കേണ്ടി വരും.

അതിലും കഠിനമാണ് പറങ്കിപ്പട നേരിടുന്ന പരീക്ഷണം. –കടിവീരൻ- ലൂയി സുവാരസ് നയിക്കുന്ന യുറുഗ്വെ ആണ് എതിരാളികൾ. ഓരോ കളി കളിയുമ്പോഴും ഒത്തിണക്കവും കളിമികവും വർധിപ്പിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മൽസരവും ജയിച്ച് മുന്നേറുന്ന യുറുഗ്വെ. സി ആർ 7 എന്ന ഒറ്റയാൾപ്പട മാത്രം പോര അവരെ തകർക്കാൻ. എങ്കിലും…

ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാർഥന കാൽപ്പന്തിന്‍റെ തമ്പുരാക്കൻമാർ കേട്ടതു പോലെ തോന്നി. തല കുനിച്ച് പരാജയം ഉറപ്പിച്ചു നിന്ന അർജന്റീനയെയല്ല ചൊവ്വാഴ്ച കണ്ടത്. വീറോടെ പോരാടിയ നൈജിരിയയെ പിടിച്ചുകെട്ടാൻ പോന്ന ശൗര്യം കാട്ടുന്ന പടയെയാണ്. നൈജീരിയൻ പ്രതിരോധക്കോട്ടയുടെ മുകളിലൂടെ ബനേഗ നൽകിയ തകർപ്പൻ പാസിനു കാൽ വച്ച മെസി മായാജാലം വീണ്ടെടുക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഗോൾക്ഷാമത്തിന് അറുതി. 14-ാം മിനിറ്റിൽ ഒരു ഗോൾ ലീഡ്. ലോകകപ്പ് ജയിച്ചെന്ന മട്ടിലായിരുന്നു മെസ്സിയും കൂട്ടുകാരും ആ ഗോൾ ആഘോഷിച്ചത്. കുറ്റം പറയാനാവില്ല. എല്ലാം തീർന്നെന്ന അവസ്ഥയിൽ നിന്ന് പുനർജൻമത്തിന് അവസരമൊരുങ്ങുകയായിരുന്നല്ലോ.

അനാവശ്യഫൗളിലൂടെ മഷെരാനോ എല്ലാം തുലച്ചെന്നു തോന്നി. രണ്ടാം പകുതിയിൽ കിട്ടിയ പെനൽറ്റി വിക്ടർ മോസസ് പാഴാക്കിയില്ല. സമനിലയും പുറത്തേക്കുള്ള വഴിയും തുറിച്ചു നോക്കിയ നിമിഷങ്ങൾ. ഇരമ്പിക്കയറുന്ന നൈജിരിയൻ പട. ഗോൾമുഖത്തു മാത്രം അവർ യുദ്ധമുറ മറന്നു. ഗോളടി മാത്രം നടന്നില്ല.

അതിനിടയിലതാ അർജന്‍റീനയ്ക്കു വീണ്ടും ജീവാമൃതം. മുഴുവൻ സമയം തീരാൻ മിനിറ്റുകൾ മാത്രം ബാക്കി. അനുഗ്രഹവുമായി പറന്നെത്തിയതോ… മെസ്സിയല്ല, ഹിഗ്വെയ്നല്ല, അൽപ്പം മുമ്പ് കളത്തിലിറങ്ങിയ അഗ്വേറോയുമല്ല. സെന്‍റർ ബാക്ക് റോജോയായിരുന്നു ഹീറോ. മെർസാഡോയുടെ ക്രോസ് ബോക്സിനടുത്തേക്ക് ചാഞ്ഞിറങ്ങുമ്പോൾ പിൻനിരയിൽ നിന്നു പറന്നു വന്ന് വലം കാൽ കൊണ്ടൊരു വോളി… ഗോൾ.
Loading...

ആരാധകരെ നോക്കി ഓടിയകന്ന റോജോയുടെ മുതുകത്തേക്ക് ചാടിക്കയറിയാണ് മെസി ആഘോഷിച്ചത്. ടീമിന്‍റെ പ്രതീക്ഷകളെയാകെ ചുമലിലേറ്റിയ റോജോയ്ക്കൊപ്പം ആരാധകരും ഇരമ്പിയാർത്തു.

സ്വബോധം നഷ്ടപ്പെട്ട പോലെ ആർത്തു വിളിച്ച് മറഡോണ! അതിനൊടുവിൽ അദ്ദേഹം കുഴഞ്ഞു വീണു. ഒന്നും പറ്റരുതേയെന്ന് ആരാധകർ പ്രാർഥിക്കുന്നു. ടീം ഇനിയും മുന്നേറുമെന്നും ഉത്തേജനം നൽകാൻ ദൈവം ഗാലറിയിലെത്തുമെന്നും അവർ പ്രതീക്ഷിക്കുന്നു.
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...