നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • വെനസ്വേലയെ തകർത്തെറിഞ്ഞ് ബ്രസീൽ; അർജന്റീനയെ സമനിലയിൽ തളച്ച് പാരഗ്വായ്

    വെനസ്വേലയെ തകർത്തെറിഞ്ഞ് ബ്രസീൽ; അർജന്റീനയെ സമനിലയിൽ തളച്ച് പാരഗ്വായ്

    വെനസ്വേലയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയം ബ്രസീൽ സ്വന്താമാക്കിയപ്പോൾ പാരഗ്വായ്‌ക്കെതിരെ ഗോൾരഹിത സമനിലയാണ് അർജന്റീന വഴങ്ങിയത്.

    • Share this:
      ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ബ്രസീൽ. വെനസ്വേലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തുവിട്ടാണ് കാനറിപ്പട ജയം സ്വന്തമാക്കിയത്. മാർക്വീഞ്ഞോസ് (71ാ൦ മിനിറ്റ്), ഗാബി (85), അന്റോണിയോ (90+5) എന്നിവരാണ് ബ്രസീലിന്റെ ഗോൾ സ്കോറർമാർ. എറിക് റാമിറെസാണ് (11) വെനസ്വേലയുടെ ഏക ഗോൾ നേടിയത്. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ വെനസ്വേലയ്‌ക്കെതിരെ അണിനിരന്നത്. നെയ്മർ ഒഴികെ മറ്റെല്ലാ പ്രധാന താരങ്ങളും ടിറ്റെ പരിശീലിപ്പിക്കുന്ന ബ്രസീൽ ടീമിൽ ഇടം നേടിയിരുന്നു.

      ഒന്നാം പകുതിയിൽ മത്സരം തുടങ്ങി 11 മിനിറ്റ് ആയപ്പോൾ തന്നെ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് വെനസ്വേലയാണ് ലീഡ് എടുത്തത്. എറിക് റാമിറെസിലൂടെ ലീഡ് എടുത്ത വെനസ്വേലയ്‌ക്കെതിരെ ബ്രസീൽ സമനില നേടാൻ പൊരുതിയെങ്കിലും അവർ ഉറച്ചു നിന്നതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങൾക്ക് ഒന്നും തന്നെ ലക്ഷ്യസ്ഥാനത്ത് എത്താനായില്ല. ആദ്യ പകുതിയിൽ ഈ ഒരു ഗോളിന്റെ ലീഡ് നിലനിർത്തിയ വെനസ്വേല രണ്ടാം പകുതിയിലും ബ്രസീലിയൻ മുന്നേറ്റത്തെ ശക്തമായി ചെറുത്ത് നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ 71ാ൦ മിനിറ്റിൽ വെനസ്വേലൻ പ്രതിരോധപ്പൂട്ട് പൊളിച്ച് മാർക്വീഞ്ഞോസ് ബ്രസീലിനെ ഒപ്പമെത്തിച്ചു.

      സമനില പിടിച്ചതിന് ശേഷം കളിയുടെ ഗതി മാറുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് വെനസ്വേലൻ ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ട ബ്രസീൽ, 85ാ൦ മിനിറ്റിൽ അവരുടെ ലീഡ് ഉയർത്തി. പെനാലിറ്റിയിലൂടെ ലഭിച്ച അവസരം ഗോളാക്കി ഗാബിയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. പിന്നീട് ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ (90+5) ഗോൾ നേടി അന്റോണിയോ ബ്രസീലിന്റെ ജയം ആധികാരികമാക്കിയെടുത്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുടർച്ചയായ ഒമ്പതാം മത്സരമാണ് ബ്രസീൽ ജയിക്കുന്നത്. ഇതുവരെ അവർ ഒരു കളിയിൽ പോലും തോറ്റിട്ടില്ല.

      ബ്രസീൽ ആധികാരികമായി ജയിച്ചപ്പോൾ, കോപ്പ അമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയെ പാരഗ്വായ് സമനിലയിൽ തളച്ചു. ലയണൽ മെസ്സിയുൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും മത്സരത്തിന്റെ സമനിലച്ചരട് പൊട്ടിച്ച് ജയം നേടാൻ മെസ്സിക്കും സംഘത്തിനും കഴിഞ്ഞില്ല. പന്തടക്കത്തിലും ഓൺ ടാർഗറ്റ് ഷോട്ടുകളിലും എല്ലാം അർജന്റീന മുന്നിട്ട് നിന്നു. ഗോളിലേക്ക് എടുത്ത 15 ഷോട്ടുകളിൽ എട്ടെണ്ണം ഗോൾപോസ്റ്റിന് ലക്ഷ്യം വെച്ചുള്ളതായിരുന്നെങ്കിലും അവയിൽ ഒന്ന് പോലും ഗോളാക്കാൻ അർജന്റീന താരങ്ങൾക്ക് കഴിയാതെ വന്നതോടെയാണ് അവരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചത്.

      Also read- പ്രീമിയർ ലീഗിൽ വീണ്ടും പണക്കിലുക്കം; ന്യുകാസിൽ യുണൈറ്റഡിനെ വമ്പൻ വിലയ്ക്ക് വാങ്ങി സൗദി ഗ്രൂപ്പ്

      മറ്റൊരു മത്സരത്തിൽ ഉറുഗ്വായ് കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങി. ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ഒമ്പത് മത്സരങ്ങളിൽ നിന്നും ഒമ്പത് ജയങ്ങൾ സഹിതം 27 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളിൽ നിന്നും അഞ്ച് ജയവും നാല് സമനിലയും സഹിതം 19 പോയിന്റുമായി അർജന്റീനയാണ് രണ്ടാം സ്ഥാനത്ത്.
      Published by:Naveen
      First published:
      )}