• HOME
 • »
 • NEWS
 • »
 • sports
 • »
 • FIFA TO CONSIDER THE CHANCES FOR CONDUCTING WORLDCUP ONCE IN TWO YEARS JK INT

രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ്; സാധ്യതകള്‍ പരിശോധിച്ച് ഫിഫ

സാഫ് പ്രസിഡന്റിന്റെ ഈ ആശയത്തിന് ഫിഫയുടെ വാര്‍ഷിക സമ്മേളനത്തില്‍ പിന്തുണ ലഭിച്ചതിനെ തുടര്‍ന്നാണ് ഫിഫ ഇതിന്റെ സാധ്യതകളെ കുറിച്ചുള്ള പരിശോധനകള്‍ക്ക് ഒരുങ്ങുന്നത്

fifa world cup

fifa world cup

 • Share this:
  നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പുരുഷ, വനിതാ ലോകകപ്പുകള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതിന്റെ സാധ്യതകള്‍ സംബന്ധിച്ച് പരിശോധന നടത്താനൊരുങ്ങി ഫുട്‌ബോളിലെ ആഗോള ഭരണസമിതിയായ ഫിഫ. ഫിഫ വാര്‍ഷിക കോണ്‍ഗ്രസില്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായ യാസര്‍ അല്‍ മിസെഹലാണ് രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് എന്ന ആശയം ഫിഫയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഫുട്‌ബോളിന്റെ ആഗോള വികസനത്തില്‍ ഇത് നിര്‍ണായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  സാഫ് പ്രസിഡന്റിന്റെ ഈ ആശയത്തിന് ഫിഫയുടെ വാര്‍ഷിക സമ്മേളനത്തില്‍ പിന്തുണ ലഭിച്ചതിനെ തുടര്‍ന്നാണ് ഫിഫ ഇതിന്റെ സാധ്യതകളെ കുറിച്ചുള്ള പരിശോധനകള്‍ക്ക് ഒരുങ്ങുന്നത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തുന്നതിനെക്കുറിച്ച് വിശദമായി പഠനം നടത്തുന്നതിനുള്ള നിര്‍ദ്ദേശത്തിനോട് ആഫ്രിക്കന്‍ കോണ്‍ഫെഡറേഷനും പൂര്‍ണമായി പിന്തുണച്ചു.

  Also Read-La Liga | സുവാരസിന്‍റെ ഗോളിൽ അത്ലറ്റികോ മാഡ്രിഡിന് ലാലിഗ കിരീടം

  എന്നാല്‍ ലോകകപ്പ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആക്കാനുള്ള സാധ്യതകളെ കേന്ദ്രീകരിച്ച് മാത്രമായിരിക്കും ഇപ്പോഴത്തെ പരിശോധനകളെന്നും ഇക്കാര്യത്തില്‍ വേണ്ട വിധം പഠനങ്ങള്‍ നടത്തിയതിന് ശേഷം മാത്രമേ ഉചിതമായ ഒരു തീരുമാനം ഉണ്ടാവുകയുള്ളൂ ധൃതിയില്‍ ഒരു തീരുമാനം ഉണ്ടാകുന്നതല്ല എന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. നിലവിലെ സാഹചര്യങ്ങളെ തകിടം മറിക്കുന്നൊരു തീരുമാനം പെട്ടെന്നുണ്ടാവില്ലെന്നും തുറന്ന മനസോടെയാണ് ഇത്തരമൊരു സാധ്യതയെ പറ്റി ആലോചിക്കുന്നതെന്നും ഇന്‍ഫാന്റിനോ വ്യക്തമാക്കി.

  ഫിഫ ഇത്തരത്തില്‍ നാല് വര്‍ഷത്തില്‍ നടത്തുന്ന ലോകകപ്പുകളില്‍ നിന്നുമാണ് അവരുടെ വരുമാനം അവര്‍ പ്രധാനമായും കണ്ടെത്തുന്നത്. അത് കൊണ്ടു തന്നെ നാല് വര്‍ഷത്തിലൊരിക്കല്‍ എന്നതില്‍ നിന്നും രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്ന നിലയില്‍ ലോകകപ്പ് നടത്താന്‍ കഴിയുകയാണെങ്കില്‍ ഇത് ഫിഫക്ക് കൂടുതല്‍ സാമ്പത്തിക സ്ഥിതി നല്‍കും. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് ഫുട്‌ബോളിന്റെ കൂടി ആഗോള വളര്‍ച്ചക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഫിഫയെ സഹായിക്കും. ഫുട്‌ബോള്‍ എന്ന കായിക ഇനത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് പറിച്ചു നടാന്‍ കൂടിയുള്ള സാധ്യതകള്‍ ഇതോടൊപ്പം ഉയര്‍ന്ന് വരും. അതോടൊപ്പം തന്നെ ഒരു മികച്ച യുവതലമുറയെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കുവാനും കഴിയും.

  Also Read-കോഹ്ലിയുടെ സെഞ്ചുറി കാത്തിരിപ്പ് എന്ന് അവസാനിക്കും? സൽമാൻ ബട്ട് മറുപടി നൽകുന്നു

  അതേസമയം രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് എന്ന ആശയം നടപ്പിലായാല്‍ യോഗ്യതാ മത്സരങ്ങള്‍ എല്ലാ വര്‍ഷവും നടത്തേണ്ടിവരും. ഇത് ദേശീയ ടീമുകളുടെ മത്സരങ്ങളുടെ എണ്ണം കൂട്ടുമെങ്കിലും കളിക്കാരെ വിട്ടുകിട്ടുന്നത് സംബന്ധിച്ച് ലോകത്തെ വിവിധ ഫുട്‌ബോള്‍ ലീഗുകളുമായി ഫിഫ ധാരണയിലെത്തേണ്ടിവരും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ലീഗുകള്‍ ഇടവേള നല്‍കുന്ന സംവിധാനം നിലവിലുണ്ടെങ്കിലും ഈ ലീഗുകളില്‍ കളിക്കുന്ന താരങ്ങളുടെ ക്ലബുകള്‍ അവര്‍ക്ക് നിര്‍ണായക മത്സരങ്ങള്‍ ഉള്ള സമയത്ത് താരങ്ങളെ വിട്ടുനല്‍കാറില്ല. നിലവില്‍ ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ നില്‍നില്‍ക്കുന്നുണ്ട്.

  അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ലോകകപ്പിന്റെ ഘടനയില്‍ മാറ്റം വരുത്തിയാല്‍ അതിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ എങ്ങനെ നടത്തുമെന്നതും പ്രധാന ചോദ്യചിഹ്നമാണ്. അതിനാല്‍ തന്നെ, എല്ലാവര്‍ക്കും യോജിക്കുന്ന തരത്തില്‍ ഒരു തീരുമാനം കണ്ടെത്താനാകും ഫിഫ ശ്രമിക്കുന്നത്. ഫിഫയുടെ വിദഗ്ദ്ധ സമിതി നടത്തുന്ന സാധ്യതാ പഠനത്തിന് ശേഷം മേല്‍പ്പറഞ്ഞ കാര്യങ്ങളിലെല്ലാം വ്യക്തത വരുമെന്നാണ് സൂചനകള്‍.
  Published by:Jayesh Krishnan
  First published:
  )}