• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ആ പോരാട്ടം നടക്കുമോ... അര്‍ജന്റീന പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍!

News18 Malayalam
Updated: June 27, 2018, 8:36 PM IST
ആ പോരാട്ടം നടക്കുമോ... അര്‍ജന്റീന പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍!
News18 Malayalam
Updated: June 27, 2018, 8:36 PM IST
#ഗൗരീശങ്കരന്‍ പി

ആ പോരാട്ടം കാണാനാവുമോ? മെസ്സിയുടെ അര്‍ജന്റീനയും ചിരവൈരിയായ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍! ആരാധകര്‍ മോഹിക്കുന്ന ഒരു കൊച്ചു ഫൈനല്‍!

എഴുതിത്തള്ളിയ പൂച്ചകളെ ഞെട്ടിച്ച് നൈജീരിയയെ കീഴടക്കി അവസാനവണ്ടിക്ക് പ്രീക്വാര്‍ട്ടറിലേക്കു കുതിച്ച അര്‍ജന്റീനയെ ഇനി പിടിച്ചു കെട്ടുക എളുപ്പമാവില്ല. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ആണ് എതിരാളികള്‍. യുവത്വത്തിന്റെ ചുറുചുറുക്കുമായി പോരാടുന്ന ഫ്രഞ്ച് പടയെ മെരുക്കാന്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ മെയ് വഴക്കവും മെസി നയിക്കുന്ന നിരയുടെ വിരുതും മുഴുവന്‍ പുറത്തെടുക്കേണ്ടി വരും.

അതിലും കഠിനമാണ് പറങ്കിപ്പട നേരിടുന്ന പരീക്ഷണം. കടിവീരന്‍- ലൂയി സുവാരസ് നയിക്കുന്ന യുറുഗ്വെ ആണ് എതിരാളികള്‍. ഓരോ കളി കളിയുമ്പോഴും ഒത്തിണക്കവും കളിമികവും വര്‍ധിപ്പിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മല്‍സരവും ജയിച്ച് മുന്നേറുന്ന യുറുഗ്വെ. സി ആര്‍ 7 എന്ന ഒറ്റയാള്‍പ്പട മാത്രം പോര അവരെ തകര്‍ക്കാന്‍. എങ്കിലും...

ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാര്‍ഥന കാല്‍പ്പന്തിന്റെ തമ്പുരാക്കന്‍മാര്‍ കേട്ടതു പോലെ തോന്നി. തല കുനിച്ച് പരാജയം ഉറപ്പിച്ചു നിന്ന അര്‍ജന്റീനയെയല്ല ചൊവ്വാഴ്ച കണ്ടത്. വീറോടെ പോരാടിയ നൈജിരിയയെ പിടിച്ചുകെട്ടാന്‍ പോന്ന ശൗര്യം കാട്ടുന്ന പടയെയാണ്. നൈജീരിയന്‍ പ്രതിരോധക്കോട്ടയുടെ മുകളിലൂടെ ബനേഗ നല്‍കിയ തകര്‍പ്പന്‍ പാസിനു കാല്‍ വച്ച മെസ്സി മായാജാലം വീണ്ടെടുക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഗോള്‍ക്ഷാമത്തിന് അറുതി. 14-ാം മിനിറ്റില്‍ ഒരു ഗോള്‍ ലീഡ്. ലോകകപ്പ് ജയിച്ചെന്ന മട്ടിലായിരുന്നു മെസ്സിയും കൂട്ടുകാരും ആ ഗോള്‍ ആഘോഷിച്ചത്. കുറ്റം പറയാനാവില്ല. എല്ലാം തീര്‍ന്നെന്ന അവസ്ഥയില്‍ നിന്ന് പുനര്‍ജന്‍മത്തിന് അവസരമൊരുങ്ങുകയായിരുന്നല്ലോ.

അനാവശ്യഫൗളിലൂടെ മഷെരാനോ എല്ലാം തുലച്ചെന്നു തോന്നി. രണ്ടാം പകുതിയില്‍ കിട്ടിയ പെനല്‍റ്റി വിക്ടര്‍ മോസസ് പാഴാക്കിയില്ല. സമനിലയും പുറത്തേക്കുള്ള വഴിയും തുറിച്ചു നോക്കിയ നിമിഷങ്ങള്‍. ഇരമ്പിക്കയറുന്ന നൈജിരിയന്‍ പട. ഗോള്‍മുഖത്തു മാത്രം അവര്‍ യുദ്ധമുറ മറന്നു. ഗോളടി മാത്രം നടന്നില്ല.

അതിനിടയിലതാ അര്‍ജന്റീനയ്ക്കു വീണ്ടും ജീവാമൃതം. മുഴുവന്‍ സമയം തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി. അനുഗ്രഹവുമായി പറന്നെത്തിയതോ... മെസ്സിയല്ല, ഹിഗ്വെയ്‌നല്ല, അല്‍പ്പം മുമ്പ് കളത്തിലിറങ്ങിയ അഗ്വേറോയുമല്ല. സെന്റര്‍ ബാക്ക് റോജോയായിരുന്നു ഹീറോ. മെര്‍സാഡോയുടെ ക്രോസ് ബോക്‌സിനടുത്തേക്ക് ചാഞ്ഞിറങ്ങുമ്പോള്‍ പിന്‍നിരയില്‍ നിന്നു പറന്നു വന്ന് വലം കാല്‍ കൊണ്ടൊരു വോളി... ഗോള്‍.
Loading...

ആരാധകരെ നോക്കി ഓടിയകന്ന റോജോയുടെ മുതുകത്തേക്ക് ചാടിക്കയറിയാണ് മെസ്സി ആഘോഷിച്ചത്. ടീമിന്റെ പ്രതീക്ഷകളെയാകെ ചുമലിലേറ്റിയ റോജോയ്‌ക്കൊപ്പം ആരാധകരും ഇരമ്പിയാര്‍ത്തു.

സ്വബോധം നഷ്ടപ്പെട്ട പോലെ ആര്‍ത്തു വിളിച്ച് മറഡോണ! അതിനൊടുവില്‍ അദ്ദേഹം കുഴഞ്ഞു വീണു. ഒന്നും പറ്റരുതേയെന്ന് ആരാധകര്‍ പ്രാര്‍ഥിക്കുന്നു. ടീം ഇനിയും മുന്നേറുമെന്നും ഉത്തേജനം നല്‍കാന്‍ ദൈവം ഗാലറിയിലെത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...