ദോഹ: ടീമിൽ ഒൻപതു മാറ്റങ്ങളുമായി ടുണീഷ്യയെ നേരിട്ട നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിന് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടുണീഷ്യ ഫ്രാൻസിനെ അട്ടിമറിച്ചത്. പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകി രണ്ടാം നിര ടീമിനെ അണിനിരത്തിയ ഫ്രാൻസിനെതിരെ, 58–ാം മിനിറ്റിൽ പകരക്കാരൻ ക്യാപ്റ്റൻ വാബി ഖസ്രിയാണ് ടുണീഷ്യയുടെ വിജയഗോൾ നേടിയത്. ഖത്തർ ലോകകപ്പിൽ ടുണീഷ്യയുടെ ആദ്യ ഗോൾ കൂടിയാണിത്.
ഇൻജ്വറി ടൈമിൽ അന്റോയ്ൻ ഗ്രീസ്മൻ ഫ്രാൻസിന് സമനില സമ്മാനിച്ച് ലക്ഷ്യം കണ്ടെങ്കിലും ‘വാർ’ പരിശോധനയിൽ ഇത് ഓഫ്സൈഡാണെന്നു വ്യക്തമായി. ലോകകപ്പിൽ തുടർച്ചയായ ആറ് വിജയങ്ങൾക്കു ശേഷമാണ് ഫ്രാൻസ് ഒരു മത്സരം തോൽക്കുന്നത്. ഗ്രൂപ്പ് ചാംപ്യൻമാരായ ഫ്രാൻസ് ഡിസംബർ നാലിന് നടക്കുന്ന ആദ്യ പ്രീക്വാർട്ടറിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. അർജന്റീന ഉൾപ്പെടുന്ന ഗ്രൂപ്പാണിത്.
Also Read- പോളിഷ് പൂട്ട് തകർത്ത് അർജന്റീന; ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീ ക്വാർട്ടറിൽ
ഫ്രാൻസിനെ അട്ടിമറിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാനാകാതെയാണ് വീണ്ടും ടുണീഷ്യയുടെ മടക്കം. ആറാം ലോകകപ്പ് കളിക്കുന്ന ടുണീഷ്യയ്ക്ക് ഇതുവരെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് മുന്നേറാനായിട്ടില്ല. ഗ്രൂപ്പ് ഡിയിൽ ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഡെൻമാർക്കിനെ അട്ടിമറിച്ചതോടെയാണ് ടുണീഷ്യ പ്രീക്വാർട്ടർ കാണാതെ പുറത്തായത്. തോറ്റെങ്കിലും ആദ്യ രണ്ടു കളികളിൽ നേടിയ മികച്ച വിജയങ്ങളുടെ പിൻബലത്തിൽ ഫ്രാൻസ് ഗ്രൂപ്പ് ചാംപ്യൻമാരായി. ഡെൻമാർക്കിനെ വീഴ്ത്തിയ ഓസ്ട്രേലിയയ്ക്കും ആറു പോയിന്റുണ്ടെങ്കിലും, ഗോൾശരാശരിയിൽ പിന്നിലായതോടെ രണ്ടാം സ്ഥാനക്കാരായി അവരും പ്രീക്വാർട്ടറിലെത്തി.
ആദ്യപകുതിയിൽ ഒട്ടേറെ ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതിന്റെ നിരാശ മറന്നാണ് രണ്ടാം പകുതിയിൽ 58ാം മിനിറ്റിൽ ടുണീഷ്യ ലീഡ് നേടിയത്. മത്സരത്തിലുടനീളം ഫ്രഞ്ച് ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു ടുണീഷ്യ. 58ാം മിനിറ്റിൽ ഫ്രാൻസിന്റെ മുന്നേറ്റത്തിനു തടയിട്ട് മൈതാന മധ്യത്തിൽനിന്ന് ടുണീഷ്യ നടത്തിയ കൗണ്ടർ അറ്റാക്കാണ് ഗോളിൽ കലാശിച്ചത്. പന്തു ലഭിച്ച ഐസ ലൈദൂനി അത് മുൻനിരയിൽ ക്യാപ്റ്റൻ വാബി ഖസ്രിറിക്കു മറിച്ചു. പന്തുമായി രണ്ട് ഫ്രഞ്ച് ഡിഫൻഡർമാരെ മറികടന്ന് മുന്നേറിയ ഖസ്രി, മുന്നോട്ടു കയറിയെത്തിയ പകരക്കാരൻ ഗോൾകീപ്പർ മന്ദാദയെ മറികടന്ന് പന്ത് പോസ്റ്റിന്റെ വലതുമൂലയിൽ എത്തിച്ചു. സ്കോർ 1–0.
Also Read- ലോകകപ്പിൽ ഇറാൻ ടീം പുറത്തായത് ഇറാൻ ജനത ആഘോഷിച്ചത് പടക്കം പൊട്ടിച്ച്; വൈറൽ വീഡിയോ
ഗോൾ വീണതിനു പിന്നാലെ ടീമിലെ പ്രമുഖ താരങ്ങളെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംസ് കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. ഗോൾ വീണതിനു പിന്നാലെ കിലിയൻ എംബപ്പെ, അന്റോയ്ൻ ഗ്രീസ്മൻ, അഡ്രിയാൻ റാബിയോട്ട്, ഒസ്മാൻ ഡെംബലെ തുടങ്ങിയവരെയാണ് ഫ്രഞ്ച് പരിശീലകൻ കളത്തിലെത്തിച്ചത്. തകർപ്പൻ പ്രതിരോധവുമായി ശേഷിക്കുന്ന സമയമത്രയും ചെറുത്തുനിന്ന ടുണീഷ്യ ലോകകപ്പിലെ ആദ്യ ജയവുമായി മടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.