യൂറോ കപ്പ് – കോപ്പ അമേരിക്ക ജേതാക്കൾ തമ്മിലുള്ള പോരാട്ടമായ ഫൈനലിസിമയിൽ (Finalissima) ജയം കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയ്ക്ക് (Argentina). ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ (Wembley Stadium) നടന്ന മത്സരത്തിൽ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ (Italy) എതിരില്ലാത്ത മൂന്ന് ഗോളിന് നിലപരിശാക്കിയാണ് അർജന്റീന ഫൈനലിസിമ കിരീടമുയർത്തിയത്. ലൗറ്റാരോ മാര്‍ട്ടിനസ്, ഏഞ്ചൽ ഡി മരിയ, പൗളോ ഡിബാല എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ഗോൾ നേടിയില്ലെങ്കിലും രണ്ട് അസിസ്റ്റുകളും മൈതാനം നിറഞ്ഞുള്ള നീക്കങ്ങളുമായി മിന്നിയ ലയണൽ മെസ്സി അർജന്റീനയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇറ്റലിക്കെതിരെയും ജയിച്ചതോടെ അർജന്റീനയുടെ തോൽവിയില്ലാ കുതിപ്പ് വീണ്ടും തുടർന്നു. പരാജയമറിയാതെ 32 മത്സരങ്ങളാണ് അർജന്റീന ഇതുവരെ പൂർത്തിയാക്കിയത്. യൂറോ കപ്പിലെ തേരോട്ടത്തിന് ശേഷം കഷ്ടകാലം തുടരുന്ന ഇറ്റലിക്ക് ഫൈനലിസിമയിലെ തോൽവി നിരാശ നൽകുന്നതായി.
🏆 🇦🇷 ¡𝗟𝗼𝘀 𝗰𝗮𝗺𝗽𝗲𝗼𝗻𝗲𝘀!
👏 Congratulations to @Argentina – a sensational performance under the Wembley floodlights! #Finalissima pic.twitter.com/lrY06ZD2Sf
— UEFA (@UEFA) June 1, 2022
വെംബ്ലിയിൽ മത്സരത്തിന്റെ തുടക്കം മുതലേ കളിയുടെ നിയന്ത്രണം അർജന്റീനയുടെ കാലുകളിലായിരുന്നു. അർജന്റീന നിയന്ത്രണം ഏറ്റെടുത്ത് മുന്നേറ്റങ്ങൾ നടത്തിയതോടെ അസൂറിപ്പട കാഴ്ച്ക്കാരായി മാറുകയായിരുന്നു. പുതുമുഖ താരങ്ങൾക്ക് അവസരം നൽകിക്കൊണ്ട് മാൻചീനി ഇറക്കിയ ഇറ്റാലിയൻ ടീമിനെതിരെ സ്കലോണിയുടെ ടീം 28-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. മത്സരത്തിലെ സമനിലപ്പൂട്ട് പൊട്ടിച്ചുകൊണ്ട് ലൗറ്റാരോ മാർട്ടിനസാണ് അർജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തത്. മെസ്സി ഒരുക്കി നൽകിയ മികച്ച അവസരം ഗോൾവലയിലേക്ക് തട്ടിയിടുന്ന ജോലി മാത്രമേ മാർട്ടിനസിന് ഉണ്ടായിരുന്നുള്ളൂ.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് അർജന്റീനയുടെ രണ്ടാം ഗോൾ പിറന്നത്. ലൗറ്റാരോ മാർട്ടിനസ് മറിച്ചു നൽകിയ പാസ് സ്വീകരിച്ച ഡി മരിയ ഇറ്റാലിയൻ ഗോളി ഡൊണ്ണരുമ്മയുടെ തലയ്ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ട് ഗോളുകൾ നേടിയ അർജന്റീന ആക്രമണം തുടർന്നു. അവരുടെ മുന്നേറ്റങ്ങൾ പലപ്പോഴും ഗോളാകാതെ പോയത് ഫിനിഷിങ്ങിലെ പോരായ്മയും ഗോളി ഡൊണ്ണരുമ്മയുടെ മികവും കൊണ്ട് മാത്രമായിരുന്നു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ മെസ്സി നടത്തിയ മുന്നേറ്റത്തിൽ നിന്നും പന്ത് സ്വീകരിച്ച് ഡിബാല കോപ്പ അമേരിക്ക ജേതാക്കളുടെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.