നിർഭയനായി ക്രിക്കറ്റിൽ ടീം ഇന്ത്യയെ നയിക്കുകയും സ്വദേശത്തും വിദേശത്തും മത്സരങ്ങൾവിജയിപ്പിക്കാനുള്ള തന്ത്രങ്ങൾ അവരെ പഠിപ്പിക്കുകയും ചെയ്ത സൗരവ് ഗാംഗുലിക്ക് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. മികച്ച ഇന്ത്യൻ ക്യാപ്റ്റൻ എന്നതിലുപരി ഒരു മികച്ച ബാറ്റ്സ്മാനും കൂടിയായിരുന്നു ഗാംഗുലി. 49 കാരനായ ഗാംഗുലി തന്റെ വ്യത്യസ്തമായ ശൈലികളിലൂടെ നിരവധി അവസരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരെ 141 നോട്ട് ഔട്ട് - നെയ്റോബി, ഒക്ടോബർ 13, 20002000ൽ ഐസിസി നോക്ക്ഔട്ട് കപ്പിന്റെ സെമി ഫൈനൽ മത്സരമാണ് സൗരവ് ഗാംഗുലിയുടെ ഏകദിന കരിയറിലെ ഏറ്റവും അവിസ്മരണീയമായ ദിനം. മത്സരത്തിൽ 70 ബോൾ നേരിട്ട് അർദ്ധസെഞ്ചറി നേടിയ ഗാംഗുലി 114 പന്തിൽ അദ്ദേഹത്തിന്റെ 14ാം സെഞ്ച്വറി പൂർത്തിയാക്കി. 11 ഫോറുകളും ആറ് സിക്സറുകളും ഉൾപ്പെടെ 142 പന്തിൽ നിന്ന് 141 റൺസ് നേടി ദാദ പുറത്താകാതെ നിന്നു.
ശ്രീലങ്കക്കെതിരെ 131 റൺസ് - ടൗൺടൺ, മെയ് 26, 19991999ലെ ഐസിസി ലോകകപ്പ് മത്സരങ്ങളുടെ തുടക്കം ഇന്ത്യക്ക് മികച്ചതായിരുന്നില്ല. ലീഗ് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നിവരോട് പരാജയപ്പെട്ടതോടെ ഇന്ത്യക്ക് വിജയം അനിവാര്യമായി മാറി. തുടർന്നുള്ള ശ്രീലങ്കയ്ക്കെതിരായ മത്സരം നിർണായകമായിരുന്നെങ്കിലും ഓപ്പണിംഗ് ബാറ്റ്സ്മാൻ സഡഗപ്പൻ രമേഷ് ആദ്യ ഓവറിൽ തന്നെ പുറത്തായി. എന്നാൽ പിന്നീട് ശ്രീലങ്ക അടപടലം ഇളകുന്ന അവസ്ഥയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഗാംഗുലിയും രാഹുൽ ദ്രാവിഡും ചേർന്ന് 300 റൺസ് നേടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യ 157 റൺസിന് മാച്ച് വിജയിക്കുകയും ചെയ്തു. 158 പന്തിൽ നിന്ന് 183 റൺസ് നേടിയ ഗംഗുലി തന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ ഈ മത്സരത്തിൽ നിന്നാണ് നേടിയത്.
ഇംഗ്ലണ്ടിനെതിരെ 131 റൺസ് - ലോഡ്സ്, ജൂൺ 22, 1996ലോഡ്സിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയാണ് സൗരവ് ഗാംഗുലി വരവറിയിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് നേടിയ 344 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടരുകയായിരുന്നു ഇന്ത്യ. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നതിനാൽ ഇന്ത്യൻ ടീം പ്രശ്നത്തിലായി. എന്നാൽ, മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ഗാംഗുലി കാര്യങ്ങളെ ഇന്ത്യയ്ക്ക് അനുകൂലമാക്കി. 131 റൺസ് നേടിയ ഗാംഗുലിയുടെ പ്രകടനം ഇംഗ്ലണ്ടിനെ സമനിലയിൽ തളക്കാൻ ഇന്ത്യയെ സഹായിച്ചു.
ഇംഗ്ലണ്ടിനെതിരെ 60 റൺസ് - ലോഡ്സ്, ജൂലൈ 13, 20032003ലെ നാറ്റ്വെസ്റ്റ് ത്രിരാഷ്ട്ര ഏകദിന പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്. ഇംഗ്ലണ്ടിനെതിരായ ഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് 50 ഓവറിൽ 326 എന്ന കൂറ്റൻ റൺസാണ് പിന്തുടരേണ്ടിയിരുന്നത്. അവസരത്തിനൊത്ത് ഉയർന്ന ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും വീരേന്ദർ സെവാഗും ഇംഗ്ലണ്ടിന്റെ ബൗളിംഗ് ലൈനപ്പിനെ തകർത്ത് തരിപ്പണമാക്കുകയായിരുന്നു. 43 പന്തിൽ നിന്ന് നാല് ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 60 റൺസാണ് ഗാംഗുലി നേടിയത്. തകർത്താടിയ സെവാഗിന്റെ ബാറ്റിംഗ് മത്സരത്തിനൊടുവിൽ കപ്പ് ഉയർത്തുകയായിരുന്നു.
പാകിസ്ഥാനെതിരെ 239 റൺസ് - ബാംഗ്ലൂർ, 20072007ൽ പാക്കിസ്ഥാനെതിരെ ആണ് സൗരവ് ഗാംഗുലി ടെസ്റ്റിലെ ഏക ഇരട്ട സെഞ്ച്വറി നേടിയത്. തന്റെ 99-ാമത്തെ ടെസ്റ്റ് മത്സരത്തിൽ കളിയുടെ ഗതി മാറ്റിയ ഗാംഗുലിയുടെ പ്രകടനം അദ്ദേഹത്തിന് ഹീറോ പരിവേഷമാണ് നൽകിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ബാറ്റിങ് നിര തകരുകയും നാല് വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലുമായി. എന്നാൽ, പിന്നീട് നടന്നത് ഒരു ‘സൗരവ് ഗാംഗുലി ഷോ’ തന്നെയായിരുന്നു. യുവരാജ് സിംഗ്, ഇർഫാൻ പത്താൻ എന്നിവരുമായി ചേർന്ന് കളിയുടെ ഗതി മാറ്റിയ നിർണായക പങ്കാളിത്തം അദ്ദേഹം സൃഷ്ടിച്ചു. 30 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെടെ 239 റൺസ് നേടിയാണ് ദാദ ടെസ്റ്റിലെ തന്റെ ഉയർന്ന സ്കോർ നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.