HOME » NEWS » Sports » FOOTAGE OF EDEN HAZARD SHARING SMILES WITH CHELSEA PLAYERS UPSETS REAL MADRID FANS JK INT

ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വിക്ക് ശേഷം ചെല്‍സി താരങ്ങള്‍ക്കൊപ്പം തമാശ പങ്കിട്ട് ഏദന്‍ ഹസാര്‍ഡ്; വിമര്‍ശനവുമായി റയല്‍ മാഡ്രിഡ് ആരാധകര്‍

ചെല്‍സിക്കെതിരായ മത്സരത്തില്‍ ഹസാര്‍ഡ് ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയിരുന്നെങ്കിലും റയലിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല

News18 Malayalam | news18-malayalam
Updated: May 6, 2021, 5:00 PM IST
ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വിക്ക് ശേഷം ചെല്‍സി താരങ്ങള്‍ക്കൊപ്പം തമാശ പങ്കിട്ട് ഏദന്‍ ഹസാര്‍ഡ്; വിമര്‍ശനവുമായി റയല്‍ മാഡ്രിഡ് ആരാധകര്‍
Eden Hazard
  • Share this:
ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് ക്ലബ്ബ് തോറ്റത്. നേരത്തെ റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി പോരാട്ടം 1-1 എന്ന സ്‌കോറില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇന്നലത്തെ വിജയത്തോടെ ഇരു പാദങ്ങളിലുമായി 3-1 ന് മുന്നിലെത്തിയ ചെല്‍സി ഫൈനലിലേക്ക് പ്രവേശനം നേടുകയായിരുന്നു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ഒരു അവസരവും നല്‍കാതെയാണ് ചെല്‍സി ഫൈനല്‍ ഉറപ്പിച്ചത്.

ഈ സീസണില്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് പലപ്പോഴും കാഴ്ച വെച്ചിരുന്നതെങ്കിലും സൂപ്പര്‍ കോച്ച് സിദാനു കീഴില്‍ മറ്റൊരു ചാമ്പ്യന്‍സ് ലീഗ് പ്രവേശനവും കിരീടവും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തോമസ് ടുഷെലിനു കീഴില്‍ മികച്ച പ്രകടനവുമായി മുന്നേറിയ ചെല്‍സി ഇന്നലെ നടന്ന മത്സരത്തില്‍ വിജയം നേടി അവരുടെ മൂന്നാമത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് മുന്നേറി റയല്‍ ആരാധകരുടെ പ്രതീക്ഷകളെ പൂര്‍ണമായും ഇല്ലാതാക്കുന്ന കാഴ്ചയാണ് കണ്ടത്.

തങ്ങളുടെ ടീം മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന്റെ നിരാശയില്‍ അവര്‍ ക്ലബിലെ സൂപ്പര്‍താരമായ ഏദന്‍ ഹസാര്‍ഡിനെതിരെ വിമര്‍ശനങ്ങളുമായി തിരിഞ്ഞിരിക്കുകയാണ്. കളി പൂര്‍ത്തിയായതിനു ശേഷം മത്സരത്തില്‍ തോല്‍വി വഴങ്ങി എന്ന തരത്തിലുള്ള ഒരു ഭാവവുമില്ലാതെ ചെല്‍സി താരങ്ങള്‍ക്കൊപ്പം തമാശ പറഞ്ഞും ചിരിച്ചുമിരിക്കുന്ന ഹസാര്‍ഡിന്റെ പ്രവൃത്തിയാണ് ആരാധകരുടെ രോഷം ഉയരാന്‍ കാരണമായത്. റയലിലേക്ക് വരുന്നതിന് മുന്‍പ് ചെല്‍സിക്ക് വേണ്ടിയാണ് ഹസാര്‍ഡ് കളിച്ചിരുന്നത്. അത് കൊണ്ട് ചെല്‍സിയിലെ എല്ലാവരുമായിട്ടും ഹസാര്‍ഡ് നല്ല അടുപ്പം പുലര്‍ത്തുന്ന താരമാണ്.

2019ലാണ് ചെല്‍സിയില്‍ നിന്നും വന്‍തുക മുടക്കി ഹസാര്‍ഡിനെ റയല്‍ മാഡ്രിഡ് സ്വന്തമാക്കുന്നത്. എന്നാല്‍ പരുക്കും ഫോമില്ലായ്മയും മൂലം ഇതുവരെയും റയലിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ താരത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ റയലിന്റെ തോല്‍വിയിലും മുന്‍ ടീമംഗങ്ങള്‍ക്കൊപ്പം തമാശ പങ്കിടുന്ന താരത്തിന്റെ ചെയ്തികളെ അംഗീകരിക്കാന്‍ കഴിയാത്ത ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്.

ചെല്‍സിക്കെതിരായ മത്സരത്തില്‍ ഹസാര്‍ഡ് ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയിരുന്നെങ്കിലും റയലിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സെമി ഫൈനലിനു ശേഷം പരിശീലകന്‍ സിനദിന്‍ സിദാന്‍ ഹസാര്‍ഡിനു പൂര്‍ണമായും ഫോമിലേക്ക് തിരിച്ചെത്താന്‍ ഇനിയും മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ചെല്‍സി ആരാധകര്‍ ഹസാര്‍ഡിന്റെ പ്രവൃത്തിയെ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ഹസാര്‍ഡ് എല്ലായ്‌പ്പോഴും മനസു കൊണ്ട് പിന്തുണക്കുന്നത് ചെല്‍സിയെയാണെന്നു താരത്തിന്റെ ചെയ്തികള്‍ കൊണ്ട് വ്യക്തമാകുന്നതെന്നുമാണ് ചെല്‍സി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അഭിപ്രായപ്പെടുന്നത്.
Published by: Jayesh Krishnan
First published: May 6, 2021, 4:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories