ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന പെലെയെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. കീമോതെറാപ്പിയിലൂടെ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെയാണിത്.
അദ്ദേഹത്തിന് ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതായി മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു. കുടലില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പെലെയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. 82കാരനായ പെലെയെ ചൊവ്വാഴ്ചയാണ് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയ സംബന്ധമായ രോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ നടന്ന ബ്രസീല്‍-കാമറൂണ്‍ മത്സരത്തിനിടെ പെലെയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള വലിയ ബാനറുകള്‍ കാണികള്‍ ഗാലറിയില്‍ ഉയര്‍ത്തിയിരുന്നു.
പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പെലെയുടെ മകള്‍ പങ്കുവെച്ചത്. ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ പെലെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു.
ബ്രസീല്‍ ലോകകപ്പ് നേടിയ 1958, 1962, 1970 വര്‍ഷങ്ങളിലെ ടീമില്‍ അംഗമായിരുന്നു പെലെ. മൂന്ന് ലോകകിരീടങ്ങള്‍ നേടുന്ന ഏക താരവുമാണ് പെലെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.