ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് അര്‍ജന്റീന താരം ഏഞ്ചല്‍ ഡി മരിയ. ലോകകപ്പിനു പിന്നാലെ ദേശീയ ജഴ്സിയില്‍ നിന്ന് വിരമിക്കുമെന്നാണ് 34കാരനായ ഡി മരിയ സൂചന നല്‍കിയിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ലോകകപ്പിനു പിന്നാലെ വിരമിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഉടന്‍ വിരമിക്കില്ലെന്ന് മെസി അറിയിച്ചു.
2024 കോപ്പ അമേരിക്ക വരെ ഡിമരിയ തുടര്‍ന്നേക്കുമെന്നാണ് സൂചന. വിരമിക്കുമെന്ന തീരുമാനം തിരുത്തുകയാണെന്നും ഉടന്‍ വിരമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഈ ലോകകപ്പോടെ ഡി മരിയയുടെ അവസാന മത്സരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയുടെ കിരീടധാരണത്തിന് പിന്നാലെയാണ് തീരുമാനത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നത്.
Also Read-‘മെസിയുടെ ഗോൾ വിവാദമാക്കുന്നവർ എംബാപ്പെയുടെ ഗോൾ ശരിക്കും കണ്ടോ?’ലോകകപ്പ് ഫൈനലിലെ റഫറി
ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23-ാം മിനിട്ടില്‍ മെസിയും 36-ാം മിനിട്ടില്‍ ഡി മരിയയും നേടിയ ഗോളില്‍ അര്‍ജന്റീന മുന്നിലെത്തി. 79-ാം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളില്‍ എംബാപ്പെ ഫ്രാന്‍സിനായി ഗോളുകള്‍ മടക്കിയതോടെ കളി അധികസമയത്തേക്ക് നീങ്ങുകയായിരുന്നു.
അധികസമയത്ത് 108-ാം മിനിട്ടില്‍ മെസിയിലൂടെ വീണ്ടും അര്‍ജന്റീന ലീഡെടുത്തു. എന്നാല്‍ അധികം വൈകാതെ തന്നെ 118-ാം മിനിട്ടില്‍ എംബാപ്പെ തന്റെ ഹാട്രിക്ക് ഗോള്‍ നേടി ഫ്രാന്‍സിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടില്‍ രണ്ടും മൂന്നും കിക്കുകള്‍ ഫ്രാന്‍സ് പാഴാക്കിയപ്പോള്‍ അര്‍ജന്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.