• HOME
 • »
 • NEWS
 • »
 • sports
 • »
 • FORMER PAKISTAN PACE LEGEND WASIM AKRAM PICKS INDIA AS THE FAVOURITES FOR WINNING T20 WORLDCUP INT NAV

ടി20 ലോകകപ്പ് നേടാനുള്ള ടീമുകളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ മുന്നിൽ; പ്രവചനവുമായി വസീം അക്രം

അക്രത്തിന്റെ അഭിപ്രായത്തില്‍ വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം തന്നെയാണ് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്.

വസീം അക്രം

വസീം അക്രം

 • Share this:
  ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വേദി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് ഇതുവരെ വിരാമമായിട്ടില്ല. ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോകകപ്പ് വേദി ഇന്ത്യയിൽ നിന്നും മാറ്റാനുള്ള സാധ്യതകള്‍ കൂടുതലാണ്. വേദി എവിടെയായാലും ലോകകപ്പ് ഈ വര്‍ഷം തന്നെ നടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

  2013ന് ശേഷം ഐസിസിയുടെ മേജർ കിരീടങ്ങൾ ഒന്നും ഇന്ത്യക്ക് നേടാനായിട്ടില്ല. ടൂർണമെൻ്റുകളിൽ മികച്ച പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും അവസാന കടമ്പ കടക്കാൻ മാത്രം ടീമിന് കഴിയുന്നില്ല. ഇതുകൂടാതെ, ഇതുവരെ ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണത്തെ ടി20 ലോകകപ്പ്. ഇന്ത്യയുടെ കിരീട വരൾച്ച അവസാനിപ്പിക്കാൻ തന്നെയാകും കോഹ്ലിയും ടീമംഗങ്ങളും ലക്ഷ്യമിടുന്നത്. ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ കളിക്കുന്നുണ്ട്. ഇതിൽ വിജയിച്ച് ക്രിക്കറ്റിൻ്റെ കുട്ടി ഫോർമാറ്റിലും കിരീടം നേടാനാകും ഇന്ത്യ ശ്രമിക്കുന്നത്. നിലവിലെ ഇന്ത്യൻ ടീമിൻ്റെ പ്രകടനം വെച്ച് നോക്കുമ്പോൾ അവർക്ക് നേടാൻ കഴിയുന്നതാണ് ഇരു കിരീടങ്ങളും.

  ആവേശം അലതല്ലുന്ന ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകൾക്കും ശക്തമായ താരനിര തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ ആര് കിരീടം നേടുന്നത് പ്രവചിക്കാൻ കഴിയുന്നതല്ല. കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലും ലോകകപ്പില്‍ കിരീടമുയര്‍ത്താന്‍ സാധ്യത കൂടുതല്‍ ആര്‍ക്കെന്ന് പ്രവചിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ വസീം അക്രം.

  അക്രമിന്റെ അഭിപ്രായത്തില്‍ വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം തന്നെയാണ് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്. 'പ്രമുഖ ടീമുകളെ പരിഗണിക്കുമ്പോള്‍ ഇന്ത്യക്കാണ് കൂടുതൽ സാധ്യത എന്നാണ് എൻ്റെ വിലയിരുത്തൽ. ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും പാകിസ്ഥാനും കിരീട സാധ്യതകളുണ്ടെങ്കിലും ടി20 ലോകകപ്പില്‍ ഫേവറൈറ്റുകള്‍ ഇന്ത്യ തന്നെയാണെന്ന് അക്രം പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ഭയരഹിതമായാണ് ഇന്ത്യ കളിക്കുന്നതെന്നും അക്രം വ്യക്തമാക്കി.

  ഇന്ത്യക്കെന്നപോലെ ഇംഗ്ലണ്ടിനും സാധ്യതയുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെക്കുറിച്ച് പ്രവചിക്കാനാവില്ല. അവരുടെ പ്രധാന കളിക്കാരെല്ലാം ടീമിലുണ്ടെങ്കിലും ഏത് ടീമും ഭയക്കുന്ന ടീമാണ് അവരുടേത്. പാകിസ്ഥാന്‍കാരനെന്ന നിലയില്‍ പാകിസ്ഥാൻ  ടി20 ലോകകപ്പ് നേടണമെന്നാണ് പാകിസ്ഥാന്‍ കിരീടം ഉയര്‍ത്തുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും ചില മേഖലകളില്‍ പാക് ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും അക്രം പറഞ്ഞു.

  12 വര്‍ഷത്തെ ഇടവേളക്കുശേഷം പാക്കിസ്താന്‍ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്. 2009ലാണ് പാകിസ്താന്‍ അവസാനം കിരീടം ഉയര്‍ത്തിയത്. എന്നാല്‍ പാകിസ്താന് അവരുടെ മധ്യനിരയില്‍ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം നമ്പറിലെയും ആറാം നമ്പറിലെയും പ്രശ്നങ്ങള്‍ പരിഹരിച്ചാലെ പാക്കിസ്ഥാന് സാധ്യതകളുള്ളുവെന്നും അക്രം പറഞ്ഞു.

  Also Read- ടെസ്റ്റ് മത്സരം സമനിലയോ ടൈയോ ആയാൽ എന്തുചെയ്യും? സംശയങ്ങൾക്ക് ഐ.സി.സിയുടെ മറുപടി

  അതേസമയം, ഐപിഎല്ലിലൂടെ മികച്ച യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടുണ്ട്. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ സീനിയർ താരങ്ങൾ തന്നെയാവും ഇന്ത്യൻ ടീമിൻ്റെ മുൻനിര പോരാളികൾ. കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നീ ഗെയിം ചെയിഞ്ചര്‍മാരും ശ്രേയസ് അയ്യര്‍ എന്ന ക്ലാസിക് വെടിക്കെട്ട് ബാറ്റ്‌സ്മാനും ഇന്ത്യന്‍ നിരയിലുണ്ട്. ഓള്‍റൗണ്ട് മികവ് കാട്ടാന്‍ ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ നിരയിലുണ്ടാവും.

  സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദേവ്ദത്ത് പടിക്കല്‍, പൃഥ്വി ഷാ എന്നിങ്ങനെ പ്രതിഭാശാലികളായ യുവതാരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇന്ത്യൻ ടീമിൽ നിന്നും ഒരു വിളിക്കായി കാത്തിരിക്കുന്നു. ഇന്ത്യക്ക് വളരെ ശക്തമായ ഒരു ബൗളിംഗ് നിര തന്നെയാണ് ഉള്ളത്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ടി നടരാജന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ മികച്ച പേസർമാരുടെ സേവനം ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യ ഈ ലോകകപ്പിലെ കിരീട പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ടാകും. കിരീടം ലക്ഷ്യം വച്ച് കുതിക്കുന്ന അവരെ തടഞ്ഞു നിർത്താൻ മറ്റു ടീമുകൾ വിയർക്കുമെന്ന് തീർച്ചയാണ്.
  Published by:Rajesh V
  First published:
  )}