നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • WTC Final | മഴയും വെളിച്ചക്കുറവും പിന്നെയും വില്ലനാകുന്നു, നാലാം ദിനം കളി വൈകുന്നു

    WTC Final | മഴയും വെളിച്ചക്കുറവും പിന്നെയും വില്ലനാകുന്നു, നാലാം ദിനം കളി വൈകുന്നു

    മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമാണ് ഇപ്പോഴും സതാംപ്ടണിലുള്ളത്. ഇന്നു മുഴുവന്‍ മഴ പെയ്യാന്‍ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    wtc_final

    wtc_final

    • Share this:
      സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മോശം കാലാവസ്ഥ പിന്നെയും വില്ലാനാവുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നിര്‍ണായകദിനമാണ് നാലാം ദിവസം. ഇന്ത്യ ജയിക്കുമോ, തോല്‍ക്കുമോയെന്ന കാര്യത്തില്‍ ഇന്നു ഏറെക്കുറെ തീരുമാനമാകും. മൂന്നാംദിനം ഇന്ത്യക്കുമേല്‍ ബൗളിങില്‍ നേടിയ ആധിപത്യം നാലാം ദിനം ബാറ്റിങിലും തുടരാനായിരിക്കും കിവികളുടെ ശ്രമം. മൂന്നാം ദിനത്തില്‍ സ്‌കോര്‍ 217 എത്തിയപ്പോഴേക്കും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യന്‍ നിരയുടെ കഥ കഴിച്ചത്. മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം ടോസ് പോലും ചെയ്യാനാകാതെ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. രണ്ടാം ദിവസം വെറും 64.4 ഓവര്‍ മാത്രമാണ് കളി നടന്നത്. ഇന്ത്യയുടെ ഇന്നിംഗ്സ് 146/3 എന്ന നിലയില്‍ പുരോഗമിക്കുമ്പോള്‍ മത്സരം വെളിച്ചക്കുറവ് മൂലം നിര്‍ത്തി വയ്ക്കുകയായിരുന്നു.

      മഴ മൂലം മത്സരം ആരംഭിക്കാന്‍ ഇന്നും വൈകുകയാണ്. മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമാണ് ഇപ്പോഴും സതാംപ്ടണിലുള്ളത്. ഇന്നു മുഴുവന്‍ മഴ പെയ്യാന്‍ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ന്യൂസിലന്‍ഡ് ടീം രണ്ടു വിക്കറ്റിന് 101 റണ്‍സെന്ന ശക്തമായ നിലയിലാണ്. 116 റണ്‍സ് കൂടി നേടിയാല്‍ അവര്‍ക്ക് ഇന്ത്യക്കൊപ്പമെത്താം. 12 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും റണ്ണൊന്നുമെടുക്കാതെ റോസ് ടെയ്ലറുമാണ് നിലവില്‍ ക്രീസിലുള്ളത്. ഓപ്പണര്‍മാരായ ടോം ലാതം (30), ഡിവോണ്‍ കോണ്‍വേ (54) എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്.

      വെളിച്ചക്കുറവ് കാരണം രണ്ടാം ദിനത്തില്‍ കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. മൂന്ന് വിക്കറ്റിന് 146 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഇന്ത്യ 217 റണ്‍സിന് പുറത്തായത്. മികച്ച ഒരു ടോട്ടല്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യന്‍ ടീം പേസ് കെണിയില്‍ വീഴുന്നതാണ് കണ്ടത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായി. തലേ ദിവസത്തെ തന്റെ സ്‌കോറായ 44ലേക്ക് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് കഴിഞ്ഞില്ല. ജാമിസണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് കോഹ്ലി പുറത്തായത്.

      മധ്യനിരയും വാലറ്റവും കാര്യമായ ചെറുത്തുനില്‍പ്പ് നടത്താതിരുന്നതാണ് ഇന്ത്യക്കു തിരിച്ചടിയായത്. യുവതാരം ഋഷഭ് പന്തിനും കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിഞ്ഞില്ല. 22 പന്ത് നേരിട്ട താരത്തിന് വെറും നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്തില്‍ കവര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച താരത്തെ സ്ലിപ്പില്‍ ലാതം പിടികൂടി. വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പതിയെ മുന്നേറിയ രഹാനെ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ മാത്രം അകലെയാണ് പുറത്തായത്. നായകന്‍ വിരാട് കോലി 44 റണ്‍സിനു മടങ്ങി. രോഹിത് ശര്‍മയാണ് (34) 30ന് മുകളില്‍ നേടിയ മറ്റൊരാള്‍. ശുഭ്മാന്‍ ഗില്‍ (28), ആര്‍ അശ്വിന്‍ (22), രവീന്ദ്ര ജഡേജ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
      Published by:Sarath Mohanan
      First published:
      )}