• HOME
 • »
 • NEWS
 • »
 • sports
 • »
 • Euro Cup 2020| യൂറോ കപ്പ്: ഹമ്മൽസിൻ്റെ സെൽഫ് ഗോളിൽ ജർമനിയെ മറികടന്ന് ഫ്രാൻസ്

Euro Cup 2020| യൂറോ കപ്പ്: ഹമ്മൽസിൻ്റെ സെൽഫ് ഗോളിൽ ജർമനിയെ മറികടന്ന് ഫ്രാൻസ്

ജർമൻ താരമായ മാറ്റ് ഹമ്മൽസിൻ്റെ സെൽഫ് ഗോളാണ് കളിയുടെ വിധി തീരുമാനിച്ചത്.

Hummels scoring own goal against France

Hummels scoring own goal against France

 • Share this:


  യൂറോ കപ്പിലെ മരണ ഗ്രൂപ്പിലെ സൂപ്പർ പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് വിജയത്തുടക്കം. മുൻ ലോക ചാമ്പ്യന്മാരായ ജർമനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ കീഴടക്കിയത്. ജർമൻ താരമായ മാറ്റ് ഹമ്മൽസിൻ്റെ സെൽഫ് ഗോളാണ് കളിയുടെ വിധി തീരുമാനിച്ചത്. കളിയിൽ ഫ്രഞ്ച് നിരയുടെ നീക്കങ്ങളുടെ സൂത്രധാരനായി നിന്ന പോൾ പോഗ്ബ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

  കളിയിൽ മൂന്ന് ഗോളുകൾ വീണെങ്കിലും ഒരെണ്ണം മാത്രമാണ് ഗോൾ ആയത്. ഫ്രാൻസ് നേടിയ ബാക്കി രണ്ട് ഗോളുകളും ഓഫ്‌സൈഡ് കെണിയിൽ പെടുകയായിരുന്നു. ഒരു ഗോളിന് മാത്രമാണ് ജയിച്ചത് എങ്കിലും ജർമ്മൻ നിരയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ഫ്രാൻസ് ഇന്ന് നടത്തിയത്. ജയത്തോടെ മരണ ഗ്രൂപ്പായ എഫിൽ പോർച്ചുഗലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്. 

  ജർമനി കൂടുതൽ സമയം പന്തു കൈവശം വെച്ചു എങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ഫ്രാൻസ് ആയിരുന്നു. കളിയുടെ തുടക്കം മുതൽ തന്നെ ഫ്രാൻസ് ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഈ യൂറോയിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീം എന്ന ഖ്യാതിയുമായി മത്സരത്തിനിറങ്ങിയ ഫ്രഞ്ച് പട അതിനൊത്ത പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. ഒരു പിടി മികച്ച താരങ്ങളുള്ള അവരുടെ നിരയിൽ കളി നിയന്ത്രിച്ചത് മിഡ്ഫീൽഡർ പോൾ പോഗ്‌ബയായിരുന്നു. മികച്ച പാസുകൾ നൽകി സഹതാരങ്ങളെ കണ്ടെത്തിയ താരം ടീമിൻ്റെ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചു നിന്നു. ഫ്രാൻസിൻ്റെ നീക്കങ്ങളിൽ ആദ്യം ജർമനി പ്രതിരോധത്തിൽ ആയെങ്കിലും പതിയെ അവർ താളം വീണ്ടെടുത്തു. ഇതോടെ ഇരുവശത്തേക്കും ഒരു പോലെ പന്ത് പായാൻ തുടങ്ങി.

  Also read-ഇരട്ട ഗോളുമായി ചരിത്രം തിരുത്തി റൊണാള്‍ഡോ! ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍

  ടോപ് ഗിയറിൽ കുതിച്ച ഫ്രാൻസ് നിരയെ ഗോൾ നേടുന്നതിൽ നിന്നും അകറ്റിയത് ജർമൻ ഗോളി മാനുവൽ ന്യുയറുടെ മികവ് ആയിരുന്നു. പക്ഷേ കളിയുടെ 20ാം മിനിറ്റിൽ ന്യുയറിനെ കാഴ്ചക്കാരനാക്കി നിർത്തി ഫ്രാൻസ് കളിയിൽ ലീഡ് നേടി. പോഗ്‌ബ തുടങ്ങിവച്ച മനോഹരമായ ഒരു മുന്നേറ്റത്തിൽ പാസ് ലഭിച്ച ഹെർണണ്ടെസ് ഇടതു വിങ്ങിൽ നിന്നും എംബാപെയെ ലക്ഷ്യമാക്കി ജർമൻ ബോക്സിലേക്ക് പന്ത് ക്രോസ് ചെയ്തു. ബോക്സിനുള്ളിൽ കയറിയ പന്തിനെ ക്ലിയർ ചെയ്യാനെത്തിയ ജർമൻ താരമായ മാറ്റ് ഹമ്മൽസിൻ്റെ കാലിൽ തട്ടിയ പന്ത് ജർമൻ വലയിലേക്കാണ് കയറിയത്. 12 മത്സരങ്ങൾ മാത്രം പൂർത്തിയായ ടൂർണമെൻ്റിലെ മൂന്നാമത്തെ സെൽഫ് ഗോൾ ആയിരുന്നു ഹമ്മൽസിൻ്റേത്.

  ഗോൾ വീണതോടെ മുന്നേറ്റം കടുപ്പിച്ച ജർമനി തൊട്ടടുത്ത നിമിഷത്തിൽ തന്നെ സമനില നേടേണ്ടതായിരുന്നു. പക്ഷേ ഗോളിലേക്ക് ലക്ഷ്യം വച്ച മുള്ളറുടെ ഷോട്ട് പുറത്തേക്ക് ആണ് പോയത്. സമനില ഗോളിനായി ജർമനി ശ്രമിച്ച് കൊണ്ടിരുന്നെങ്കിലും ഫ്രഞ്ച് പ്രതിരോധം അവർക്ക് അതിനുള്ള പഴുത് നൽകിയില്ല. മറുവശത്ത് ജർമൻ പ്രതിരോധവും ഉറച്ച് നിന്നതോടെ ഫ്രാൻസിൻ്റെ മുന്നേറ്റങ്ങളും ഗോളായില്ല.

  Also read-അഫ്ഗാനിസ്ഥാനോട് സമനില! ഏഷ്യന്‍ കപ്പ് യോഗ്യത പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം അടുത്ത റൗണ്ടിലേക്ക്

  രണ്ടാം പകുതിയിൽ ജർമനി ഫ്രാൻസ് ഗോൾ മുഖത്തേക്ക് തുടരെ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു. ജർമൻ താരമായ സെർജിയോ ഗ്‌നാർബി എടുത്ത ഒരു ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. ഇതിനിടയിൽ ഫ്രാൻസിന് ലഭിച്ച ഒരു ചാൻസിൽ റാബിയോട്ട് എടുത്ത ഷോട്ട് ജർമൻ പോസ്റ്റിൽ തട്ടി മടങ്ങി. എംബാപെയുടെ പാസിലേക്ക് ഓടിയെത്തിയ താരത്തെ കാത്ത് ബോക്സിൽ ഗ്രീസ്മാൻ ഉണ്ടായിരുന്നെങ്കിലും പാസ് ചെയ്യാൻ മുതിരാതെ റാബിയോട്ട് ഷോട്ട് എടുക്കുകയായിരുന്നു. 

  ആവേശകരമായി മുന്നേറിക്കൊണ്ടിരുന്ന മത്സരത്തിൽ കളിയുടെ 66ാം മിനിറ്റിൽ ചടുലമായ മുന്നേറ്റത്തിലൂടെ മൂന്ന് ജർമൻ താരങ്ങൾക്ക് ഇടയിലൂടെ എംബാപെ പന്ത് വലയിൽ എത്തിച്ചെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. ജർമനി മറുവശത്ത് സമ്മർദ്ദം ചെലുത്തി കോർ നേടിയെടുത്തെങ്കിലും ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസും അവരുടെ പ്രതിരോധ നിരയും അതെല്ലാം സമർത്ഥമായി പ്രതിരോധിച്ചു.

  അവസാന ഭാഗത്തേക്ക് അടുക്കുംതോറും ആവേശം കൂടിവന്ന മത്സരത്തിൽ വീണ്ടുമൊരിക്കൽ കൂടി ജർമൻ വലയിൽ ഫ്രാൻസ് പന്ത് എത്തിച്ചെങ്കിലും, വാർ പരിശോധനയിൽ ഓഫ്സൈഡ് ആണെന്ന് തെളിയുകയായിരുന്നു. നീണ്ട ആറ് മാസത്തെ ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയത് ആഘോഷമാക്കാൻ ലഭിച്ച അവസരമാണ് റഫറിയുടെ തീരുമാനത്തിൽ ബെൻസിമക്ക് നഷ്ടമായത്.

  കളി സമനിലയാക്കാൻ ജർമനി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നെങ്കിലും കളിയിൽ മികച്ച പ്രകടനം നടത്തിയ ഫ്രഞ്ച് പ്രതിരോധ നിര അവരുടെ മുന്നിൽ ഉരുക്ക് കൊട്ടയായി നിന്നു.

  Summary

  France beat Germany by one goal in the Group F Euro match battle of top contenders
  Published by:Naveen
  First published: