• HOME
  • »
  • NEWS
  • »
  • sports
  • »
  • ഫ്രാൻസ് തുടങ്ങി; ഓസ്ട്രേലിയയെ തകർത്തത് 4-1ന്; പോളണ്ട്-മെക്സിക്കോ പോര് ഗോൾരഹിത സമനിലയിൽ

ഫ്രാൻസ് തുടങ്ങി; ഓസ്ട്രേലിയയെ തകർത്തത് 4-1ന്; പോളണ്ട്-മെക്സിക്കോ പോര് ഗോൾരഹിത സമനിലയിൽ

ഫ്രാൻസിനുവേണ്ടി ഒളിവിയർ ജിറൌഡ് രണ്ടു ഗോൾ നേടിയപ്പോൾ അഡ്രിയൻ റാബിയറ്റ്, കീലിയൻ എംബാപ്പെ എന്നിവർ ഓരോ തവണയും ലക്ഷ്യം കണ്ടു

  • Share this:
ദോഹ: ഫിഫ ലോകകപ്പ് 2022ൽ നിലവിലെ ജേതാക്കളായ ഫ്രാൻസിന് ഉജ്ജ്വല തുടക്കം. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയ്ക്കെതിരെ 4-1ന്‍റെ വിജയമാണ് ഫ്രാൻസ് നേടിയത്. തുടക്കത്തിൽ ഗോൾ വഴങ്ങിയശേഷം നാല് ഗോൾ മടക്കിയാണ് ഫ്രാൻസിന്‍റെ കുതിപ്പ്. ഫ്രാൻസിനുവേണ്ടി ഒളിവിയർ ജിറൌഡ് രണ്ടു ഗോൾ നേടിയപ്പോൾ അഡ്രിയൻ റാബിയറ്റ്, കീലിയൻ എംബാപ്പെ എന്നിവർ ഓരോ തവണയും ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയ്ക്കുവേണ്ടി ക്രെയിഗ് ഗുഡ്വിനാണ് ഗോൾ നേടിയത്. ഈ ജയത്തോടെ 3 പോയിന്‍റുമായി ഫഅരാൻസ് ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി.

മത്സരത്തിൽ ഉടനീളം ഫ്രെഞ്ച് പടയുടെ സർവ്വാധിപത്യമാണ് കാണാനായത്. ലോകചാംപ്യൻമാരുടെ പെരുമയോടെയാണ് തന്നെയാണ് അവർ പോരാടിയത്. എന്നാൽ മത്സരഗതിക്ക് വിപരീതമായി ഓസ്ട്രേലിയ ആദ്യ ലീഡ് നേടി. ഒമ്പതാം മിനിട്ടിൽ മാത്യൂ ലെക്കിയുടെ പാസിൽനിന്ന് തകർപ്പനൊരു ഇടങ്കാൽ ഷോട്ടിലൂടെയാണ് ഗുഡ്വിൻ ഗോൾ നേടിയത്.

ഗോൾ വീണതോടെ ഫ്രാൻസ് ആക്രമണം കനപ്പിച്ചു. വൈകാതെ 27-ാം മിനിട്ടിൽ റാബിയറ്റ് ലക്ഷ്യം കണ്ടു. റാബിയറ്റിന്‍റെ ഹെഡർ ഗോൾ പോസ്റ്റിലേക്ക് തുളച്ചുകയറുമ്പോൾ ഓസ്ട്രേലിയൻ ഗോളി വെറും കാഴ്ചക്കാരനായിരുന്നു.അഞ്ച് മിനിട്ടിനുള്ളിൽ ഫ്രാൻസ് വീണ്ടും ലക്ഷ്യം കണ്ടു. അഡ്രിയൻ റാബിയറ്റ് ഒരുക്കിയ അവസരം ജിറൌഡ് അനായാസം വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ ഫ്രാൻസ് 2-1ന് മുന്നിലെത്തി. ആദ്യപകുതിയും ഇതേ സ്കോറിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും കരുതിയാണ് കളത്തിൽ ഇറങ്ങിയത്. കീലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ ബോക്സിനുള്ളിൽ ഫ്രഞ്ച് പട നിരന്തരം ഭീതി വിതച്ചു. ഏതുനിമിഷം വേണമെങ്കിലും ഗോൾ വരുമെന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. ഒടുവിൽ 68-ാം മിനിട്ടിൽ എംബാപ്പെയിലൂടെ ഫ്രാൻസ് മുന്നിലെത്തി. ഒസ്മാനെ ഡെംബലെയുടെ ക്രോസിൽനിന്ന് തകർപ്പനൊരു ഹെഡറിലൂടെയാണ് എംബാപ്പെയുടെ ഗോൾ പിറന്നത്. 71-ാം മിനിട്ടിൽ എംബാപ്പെയുടെ പാസിൽനിന്ന് ഒളിവിയർ ജിറൌഡ് വീണ്ടും ലക്ഷ്യം കണ്ടതോടെ ഫ്രാൻസിന്‍റെ ഗോൾ പട്ടിക പൂർത്തിയായി. ഗോൾ മടക്കാൻ ഓസ്ട്രേലിയ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതെല്ലാം ഫ്രെഞ്ച് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.

Also Read- 'ഇന്ന് ആഘോഷരാവ്; നാളെ പൊതു അവധി'; ചരിത്രവിജയം ആഘോഷമാക്കി സൗദി അറേബ്യ

ഗ്രൂപ്പ് സി മത്സരത്തിൽ പോളണ്ടും മെക്സിക്കോയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നത് മെക്സിക്കോയ്ക്ക് ആയിരുന്നു. നിരവധി അവസരങ്ങൾ ഇരു ടീമുകളും കളഞ്ഞുകുളിച്ചു. 58-ാം മിനിട്ടിൽ പോളണ്ടിന്‍റെ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തിയതും മത്സരഫം നിർണയിച്ചു. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സൌദി അറേബ്യ 2-1ന് അർജന്‍റീനയെ അട്ടിമറിച്ചിരുന്നു. സൌദി മൂന്ന് പോയിന്‍റുമായി ഒന്നാമതാണ്. ഓരോ പോയിന്‍റ് നേടിയ പോളണ്ടും മെക്സിക്കോയും രണ്ടും മൂന്നും സ്ഥാനങ്ങളിലും അർജന്‍റീന അവസാന സ്ഥാനത്തുമാണ്.
Published by:Anuraj GR
First published: