പാരീസ്: റമദാനില്‍ മുസ്ലീം താരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ ഇടവേള നല്‍കുന്നതിനായി മത്സരങ്ങള്‍ നിര്‍ത്തിവെക്കരുതെന്ന് റഫറിമാര്‍ക്ക് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് . ഇക്കാര്യം വ്യക്തമാക്കി ഫെഡറേഷന് വ്യാഴാഴ്ച റഫറിമാര്‍ക്ക് ഇമെയിലില്‍ അയച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വ്രതം എടുക്കുന്ന കളിക്കാര്‍ക്ക് നോമ്പ് തുറക്കാനുളള അവസരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നല്‍കുന്നുണ്ട്.
കളിക്കാര്‍ റമദാന് വ്രതാനുഷ്ഠാനത്തിനായി ഇടവേള എടുത്തതിനെ തുടര്‍ന്ന് മത്സരങ്ങള്‍ തടസ്സപ്പെടുന്നതായി ഫെഡറേഷന്റെ ശ്രദ്ധയില്‍പ്പെട്ടതായും ഇമെയിലില്‍ പറയുന്നു. ”എല്ലാത്തിനും ഒരു സമയമുണ്ട് . സ്പോര്‍ട്സിനും ആചാരം അനുഷ്ഠിക്കാനും ഒരു സമയമുണ്ട്”, ഫെഡറേഷനിലെ ഫെഡറല്‍ റഫറി കമ്മീഷന് തലവന്‍ എറിക് ബോര്‍ഗിനി വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. ഫുട്ബോള്‍ ചട്ടങ്ങളില്‍ ഇത് അനുവദനീയമല്ല, മാത്രമല്ല ഫുട്ബോളില്‍ മതേതരത്വം കര്‍ശനമായി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇതിന് വിപരീതമായിട്ടാണ് തീരുമാനമെടുത്തത്. പ്രീമിയര്‍ ലീഗില്‍ വ്രതം എടുക്കുന്ന കളിക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ ഇടവേള എടുക്കാന്‍ അനുവദിക്കും. മാര്‍ച്ച് 23-നാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ഈ വർഷത്തെ വിശുദ്ധ മാസമായ റമദാന് ആരംഭം കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: English premier league, Football, French, Ramadan