ഇന്റർഫേസ് /വാർത്ത /Sports / FIFA World Cup 2022 | റഷ്യയെ പുറത്താക്കണം; ആവശ്യവുമായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ

FIFA World Cup 2022 | റഷ്യയെ പുറത്താക്കണം; ആവശ്യവുമായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ

Image: AFP

Image: AFP

ഫ്രഞ്ച് പത്രമായ ലെ പാരിസിയനോട് സംസാരിക്കവെയാണ് ലെ ഗ്രെറ്റ് റഷ്യയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

  • Share this:

യുക്രെയ്‌നെതിരെ റഷ്യ (Russia - Ukraine War) നടത്തുന്ന യുദ്ധത്തിനെതിരെ ലോകമെങ്ങും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കായിക രംഗത്തു൦ റഷ്യയുടെ നടപടിയെ വിമർശിച്ച് പലരും ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. പ്രമുഖ കായിക താരങ്ങൾ പ്രതിഷേധം അറിയിച്ചതിന് പുറമെ റഷ്യയിൽ നടക്കേണ്ടിയിരുന്ന കായിക മത്സരങ്ങളും ഇവിടെ നിന്ന് വേദി മാറ്റുവാനായി പരിഗണിക്കപ്പെടുകയാണ്. ഇത്തരമൊരു നീക്കത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി റഷ്യയിൽ നിന്നും ഫ്രാൻസിലേക്ക് മാറ്റിയതായി യുവേഫ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനങ്ങൾക്ക് പുറമെ ഇപ്പോഴിതാ 2022 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്നും റഷ്യയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ (french football federation) പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ് (Noel Le Graet). ഫ്രഞ്ച് പത്രമായ ലെ പാരിസിയനോട് സംസാരിക്കവെയാണ് ലെ ഗ്രെറ്റ് റഷ്യയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

"കായിക ലോകത്തിന്, പ്രത്യേകിച്ച് ഫുട്ബോളിന് ഇത്തരം ആക്രമണങ്ങൾക്കെതിരെ നിഷ്‌പക്ഷത പാലിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ലോകകപ്പിൽ നിന്നും റഷ്യയെ പുറത്താക്കണമെന്ന തീരുമാനം ഉയർന്നാൽ അത് ഞാൻ എതിർക്കില്ല." - ലെ ഗ്രെറ്റ് പറഞ്ഞു.

റഷ്യ യുക്രെയ്നിൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കൊണ്ട് പോളണ്ട്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങൾ നേരത്തെ രംഗത്ത് എത്തിയിരുന്നു. 2022 ലോകകപ്പിലേക്ക് ടിക്കറ്റെടുക്കാൻ വേണ്ടി കളിക്കുന്ന യോഗ്യതാ മത്സരങ്ങളിൽ റഷ്യയുമായി കളിക്കില്ലെന്ന് ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. പോളണ്ടിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച് കൊണ്ട് അവരുടെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയും രംഗത്ത് എത്തിയിരുന്നു.

മാർച്ച് 24 ന് മോസ്കോയിലാണ് പോളണ്ടും റഷ്യയും തമ്മിലുള്ള പോരാട്ടം. ഇതിൽ റഷ്യ വിജയിച്ചാൽ അവർ മാർച്ച് 29 ന് നടക്കുന്ന ചെക്ക് - സ്വീഡൻ മത്സരത്തിലെ വിജയികളുമായി മത്സരിക്കും. ഈ മത്സരത്തിനും ആതിഥേയത്വം വഹിക്കുക റഷ്യ ആയിരിക്കും. ഈ സാഹചര്യത്തിലാണ് മൂന്ന് രാജ്യങ്ങളും റഷ്യയുമായി കളിക്കില്ലെന്ന് പ്രഖ്യാപിച്ചത്. മൂന്ന് രാജ്യങ്ങളുടെയും തീരുമാനത്തോട് യോജിക്കുന്നതായും ലെ ഗ്രെറ്റ് പറഞ്ഞു.

"നാടകീയമായ ഇത്തരം സാഹചര്യങ്ങളിൽ അവർക്കെതിരെ ഫുട്ബോൾ കളിക്കുന്ന കാര്യം വിഭാവനം ചെയ്യാൻ കഴിയുന്ന കാര്യമല്ല." - അദ്ദേഹം പറഞ്ഞു.

നിലവിൽ യുക്രെയ്ൻ നേരിട്ടുകൊണ്ടിരിക്കുന്ന ദാരുണമായ അവസ്ഥയെ കുറിച്ച് ഫിഫയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. റഷ്യ നടത്തുന്ന ഈ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച ഫിഫ തലവൻ ജിയാനി ഇന്ഫന്റിനോ ലോകകപ്പിലെ പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തിൽ ഏത് ഘട്ടത്തിലും തീരുമാനമെടുക്കാൻ ഫിഫയ്ക്ക് അധികാരമുണ്ടെന്ന് ഇതിനോടൊപ്പം കൂട്ടിച്ചേർത്തിരുന്നവെങ്കിലും റഷ്യക്കെതിരെ ഇതുവരെയും ഫിഫയുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടായിട്ടില്ല.

അതേസമയം, യൂറോപ്പിലെ ഫുട്ബോൾ ഭരണസമിതി ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി റഷ്യയിൽ നിന്നും മാറ്റി ഇക്കാര്യത്തിൽ നടപടി എടുത്തിരുന്നു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗ് സ്റ്റേഡിയത്തിൽ മെയ് 28 ന് നടക്കേണ്ടിയിരുന്ന മത്സരം ഫ്രാൻസിലെ പാരീസിൽ സ്റ്റേഡിയം ഡേ ഫ്രാന്സിലേക്കാണ് യുവേഫ മാറ്റിയത്.

ഇതിനുപുറമെ റഷ്യയിലെ വൻകിട വാതക കമ്പനിയായ ഗ്യാസ്‌പ്രോമുമായുള്ള സ്‌പോൺസർഷിപ്പ് ഇടപാടിൽ നിന്നും പിന്മാറുന്നതിനെ കുറിച്ചും യുവേഫ ആലോചിക്കുന്നുണ്ട്. ഗ്യാസ്‌പ്രോമിലെ ഭൂരിഭാഗം ഓഹരികളും റഷ്യൻ ഭരണകൂടത്തിന്റെ കൈകളിൽ ആണെന്നുള്ളന്നതാണ് യുവേഫയുടെ ഈ തീരുമാനത്തിന് പിന്നിൽ.

അതേസമയം, ചാമ്പ്യൻസ് ലീഗിന്റെ സ്‌പോൺസർഷിപ്പ് ഡീൽ നേടിയെടുത്ത ഗ്യാസ്‌പ്രോമിന് നിലവിൽ യുവേഫയുമായി രണ്ട് വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. 2021 മുതൽ 2024 വരെ ലീഗ് സ്പോൺസർ ചെയ്യുവാൻ 40 ദശലക്ഷം യൂറോ (ഏകദേശം 337 കോടി രൂപ) മുടക്കിയായിരുന്നു ഗ്യാസ്‌പ്രോ൦ കരാർ പുതുക്കിയത്.

First published:

Tags: Football, Football News, France, Russia