ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിത വിഭാഗം സിംഗിള്‍സിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ്. നവോമി ഒസാക പിന്‍വാങ്ങുകയും മറ്റു പ്രമുഖര്‍ പലരും ആദ്യ റൗണ്ടുകളില്‍ തോല്‍വി വഴങ്ങുകയും ചെയ്ത ഫ്രഞ്ച് ഓപണില്‍ കിരീട സ്വപ്നങ്ങളിലേക്ക് സെറീന വില്യംസ് വീണ്ടും എയ്സുതിര്ത്തിരിക്കുകയാണ്. ഏഴാം സീഡായ അമേരിക്കന്‍ താരം ഡാനിയല്‍ കോളിന്‍സിനെ 6-4, 6-4ന് തകര്‍ത്തുകൊണ്ടാണ് നാലാം റൗണ്ടിലേക്ക് സെറീന കടന്നത്. ആദ്യ 10 സീഡുകാരില്‍ ഇനി സെറീന മാത്രമാണ് കിരീട പ്രതീക്ഷയുമായി ബാക്കിയുള്ളത്.
ഖസാക്കിസ്ഥാന്റെ എലേന റൈബാകിനയാണ് പ്രീക്വാര്‍ട്ടറില്‍ സെറീനയുടെ എതിരാളി. സെറീനയെ കൂടാതെ വിക്ടോറിയ അസരങ്ക, അനസ്താസിയ പവ്ല്യുചെങ്കോവ തുടങ്ങിയവരും പ്രീക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ മാഡിസണ്‍ കെയ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അസരങ്ക ജയം സ്വന്തമാക്കിയത്. സ്കോര്‍ 6-2, 6-2. ആര്യന സബലെങ്കെയെയാണ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പവ്ല്യുചെങ്കോവ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 2-6, 6-0. പ്രീ ക്വാര്‍ട്ടറില്‍ അസരങ്ക പവ്ല്യുചെങ്കോവയെ നേരിടും.
ഇത്തവണ കിരീടം മാറോടുചേര്ക്കാനായാല് മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പേരിലുള്ള 24 ഗ്രാന്റ് സ്ലാം നേട്ടങ്ങളെന്ന റെക്കോഡിനൊപ്പം സെറീനയുമെത്തും. പക്ഷേ, 2016ല്‍ ഫ്രഞ്ച് ഓപണില്‍ നാലാം റൗണ്ടില്‍ മടങ്ങിയ ശേഷം ഇതുവരെയും റൊളാങ് ഗാരോയില്‍ കിരീടത്തിനടുത്തെത്തിയിട്ടില്ലെന്നത് ഭീഷണിയാണ്. 2001നു ശേഷം ഇതാദ്യമായാണ് വനിതകളില്‍ ആദ്യ 10 സീഡുകാരില്‍ ഒരാളൊഴികെ എല്ലാവരും നേരത്തെ മത്സരത്തിന് പുറത്താകുന്നത്. കടുത്ത പോരാട്ടങ്ങളാണ് സെറീനയെ ഇനി കാത്തിരിക്കുന്നത്. അഞ്ചു തവണ ഫ്രഞ്ച് ഓപണില്‍ വിജയക്കൊടി പാറിച്ച താരമാണ് സെറീന.
Also Read-
ഫ്രഞ്ച് ഓപ്പണ്‍: രണ്ടാം റൗണ്ടില്‍ ജയം നേടി ഫെഡററും ജോക്കോവിച്ചും; പരുക്ക് മൂലം പിന്മാറി ആഷ്ലി ബാര്‍ട്ടി
പുരുഷ വിഭാഗത്തില്‍ ഡാനില്‍ മെദ്വദേവ്, കരേനോ ബുസ്റ്റ, അലക്സാണ്ടര്‍ സ്വെരേവ്, കീനിഷികോറി എന്നിവരും അവസാന പതിനാറിലെത്തി. അതേസമയം 15ആം സീഡ് കാസര്പര് റൂഡ് മൂന്നാം റൗണ്ടില്‍ പുറത്തായി. റില്ലി ഒപെല്‍ക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് രണ്ടാം സീഡ് മെദ്വദേവ് നാലാം റൗണ്ടിലെത്തിയത്. സ്കോര്‍ 4-6, 2-6, 4-6. സ്പാനിഷ് താരം കരേനൊ ബുസ്റ്റ 4-6, 4-6, 2-6ന് അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറിലെത്തി. സ്വെരേവ് 6-2, 7-5, 6-2നാണ് സെര്‍ബിയയുടെ ലാസോ ഡെരേയെ മറികടന്നത്. സ്വിസ് താരം ഹെന്റി ലാക്സൊനെന് പിന്മാറിയതോടെയാണ് ജപ്പാന്റെ കീനിഷികോറിക്ക് അവസാന പതിനാറില്‍ ഇടം കണ്ടെത്താനായത്. ആദ്യ സെറ്റ് 7-5ന് നിഷികോറി നേടിയിരുന്നു.
റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ ഇന്ന് മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങും. ക്രൊയേഷന്‍ താരം മരീന്‍ സിലിച്ചിനെതിരെ നാല് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനോടുവിലാണ് ഫെഡറര്‍ വിജയം കണ്ടത്. അതേസമയം, യുറുഗ്വായ് താരം പാബ്ലോ ക്യുയെവാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒന്നാം സീഡായ ജോക്കോവിച്ച് മത്സരം സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.