ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കാണാൻ നിയുക്ത ബിസിസിഐ പ്രസിഡന്റ് സൌരവ് ഗാംഗുലി പോകില്ല. ക്രിക്കറ്റ് കാണാനല്ല, പകരം ഞായറാഴ്ച നടക്കുന്ന ഐ എസ് എൽ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാണ് ഗാംഗുലിക്ക് താത്പര്യം. ഇതിനായി കൊച്ചിയിലെത്തുമെന്ന് ഗാംഗുലി തന്നെയാണ് അറിയിച്ചത്. ഐ എസ് എൽ ക്ലബ് എടികെക്ക് വേണ്ടി ഈ സീസണിലെ പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നെന്നും അവരുടെ ഭാഗമാണ് ഇപ്പോഴുമെന്നും ഗാംഗുലി പറഞ്ഞു. ഈ സാഹചര്യത്തിൽ ഉദ്ഘാടനമത്സരത്തിന് എത്താതിരിക്കാനാകില്ല. ശനിയാഴ്ച റാഞ്ചിയിൽ തുടങ്ങുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് കാണാൻ ദാദ പോകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. എന്നാൽ കൊച്ചിയിൽ വരേണ്ട സാഹചര്യത്തിൽ റാഞ്ചി യാത്ര ഒഴിവാക്കാനാണ് തീരുമാനം. ഐ എസ് എല്ലിന്റെ തുടക്കം മുതൽ കൊൽക്കത്ത ടീമുമായി ഗാംഗുലി സഹകരിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് നേരെ മുംബൈയിലേക്കാകും ഗാംഗുലി പോകുന്നത്. അവിടെച്ചെന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും.
ഇനി കമന്ററിയില്ല
ബിസിസിഐ പ്രസിഡന്റാകുന്ന പശ്ചാത്തലത്തിൽ കമന്റേറ്റർ, കോളമിസ്റ്റ് തുടങ്ങിയ റോളുകളിൽ ഇനി ഉണ്ടാകില്ലെന്നും ഗാഗുംലി വ്യക്തമാക്കി. ഐപിഎൽ ടീമായ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഉപദേശകസ്ഥാനം ഒഴിഞ്ഞു. ഇക്കാര്യം ക്യാപ്പിറ്റൽസ് മാനേജ്മെന്‍റിനെ അറിയിച്ചിട്ടുണ്ട്. ഐ എസ് എൽ ടീം എടികെയുമായുളള ബന്ധം അവസാനിപ്പിക്കുമെന്ന സൂചനയും ഗാംഗുലി നൽകി. എടികെ അധികൃതരുമായി ഇതേപ്പറ്റി സംസാരിക്കും. ബിസിസിഐ പ്രസിഡന്റ് എന്നത് വളരെ ഭാരിച്ച ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ മറ്റ് ജോലികൾ ഏറ്റെടുക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ ബംഗാളി ടെലിവിഷൻ പരിപാടിയായ ദാദാഗിരിയിൽ തുടർന്നും പങ്കെടുക്കുമെന്ന് ഗാംഗുലി അറിയിച്ചു..
ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടത് നരേന്ദ്ര മോദിയും ഇമ്രാൻ ഖാനുമാണെന്ന് നിയുക്ത ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കി. സർക്കാരിന്റെ അനുമതിയോടെ മാത്രമെ പരമ്പര സാധ്യമാകൂ. 1999ലെ കാർഗിൽ യുദ്ധത്തിന് ശേഷം ആദ്യമായി ഇന്ത്യ, പാകിസ്ഥാനിൽ പര്യടനം നടത്തിയപ്പോൾ സൌരവ് ഗാംഗുലി ആയിരുന്നു ക്യാപ്റ്റൻ. 2004ലായിരുന്നു ചരിത്രപ്രസിദ്ധമായ പരന്പര. 2012ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ക്രിക്കറ്റ് പരന്പര നടന്നിട്ടില്ല. നിഷ്പക്ഷ രാജ്യത്ത് കളിക്കാമെന്ന നിർദേശം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.