• HOME
 • »
 • NEWS
 • »
 • sports
 • »
 • ഇംഗ്ലണ്ടിന്റെ ഷൂട്ട് ഔട്ട് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്കെന്ന് സൗത്ത്‌ഗേറ്റ്

ഇംഗ്ലണ്ടിന്റെ ഷൂട്ട് ഔട്ട് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്കെന്ന് സൗത്ത്‌ഗേറ്റ്

ഏറ്റവും നിര്‍ണായക കിക്കിന് പത്തൊന്‍പതു വയസു മാത്രം പ്രായമുള്ള സാക്കയെ നിശ്ചയിച്ച തീരുമാനത്തെയാണ് ആരാധകര്‍ കൂടുതലായി വിമര്‍ശിക്കുന്നത്.

Gareth Southgate (Photo Credit: Reuters)

Gareth Southgate (Photo Credit: Reuters)

 • Last Updated :
 • Share this:
  55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തീര്‍ത്തും നിരാശ സമ്മാനിക്കുന്നതായിരുന്നു ഇന്നത്തെ ഫൈനലിലെ തോല്‍വി. ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി കീഴടക്കിയത്. ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇറ്റലി വിജയം നേടിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ഇറ്റലിയുടെ വിജയം.

  ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് പരിശീലകന്‍ ഗാരത് സൗത്ത്ഗേറ്റ്. പെനാല്‍റ്റി എടുക്കാന്‍ യുവതാരങ്ങളെ തെരഞ്ഞെടുത്ത സൗത്ഗേറ്റിന്റെ രീതി വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ആരൊക്കെ പെനാല്‍റ്റി എടുക്കണം എന്നത് തന്റെ മാത്രം തീരുമാനമായിരുന്നു എന്നാണ് സൗത്ത്‌ഗേറ്റിന്റെ പ്രതികരണം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ മൂന്ന് കിക്കുകള്‍ നഷ്ടമാക്കിയതാണ് ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.

  ഷൂട്ടൗട്ടിനു തൊട്ടു മുന്‍പ് കളത്തിലിറങ്ങിയ മാര്‍ക്കസ് റാഷ്ഫോഡ്, ജാഡന്‍ സാഞ്ചോ എന്നിവര്‍ക്കു പുറമെ പകരക്കാരനായിരുന്ന ബുകായോ സാകയും പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. ജോര്‍ദാന്‍ പിക്ഫോഡ് ഇറ്റലിയുടെ രണ്ടാമത്തെ കിക്ക് തടുത്തിട്ട് ഇംഗ്ലണ്ടിന് ഷൂട്ടൗട്ടില്‍ മുന്‍തൂക്കം നല്‍കിയിരുന്നെങ്കിലും അവസാനത്തെ മൂന്നു കിക്കും ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഗോളാക്കാന്‍ കഴിയാതെ വന്നതോടെയാണ് വെംബ്ലിയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്.

  'പെനാല്‍റ്റികളുടെ കാര്യത്തില്‍, അതെന്റെ തീരുമാനമായിരുന്നു. അതിന്റെ ഉത്തരവാദിത്വവും എനിക്കാണ്. പരിശീലനത്തിനിടെ എന്തു ചെയ്തുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ഞാന്‍ പെനാല്‍റ്റി എടുക്കുന്നവരെ തീരുമാനിച്ചത്, ആരും സ്വന്തമായി വന്നതല്ല. ഒരു ടീമായാണ് ഞങ്ങള്‍ മത്സരങ്ങള്‍ വിജയിച്ചത്. ഫൈനലിലെ തോല്‍വിയും അങ്ങിനെ തന്നെയായിരിക്കും. ഞങ്ങള്‍ക്ക് വളരെയധികം നിരാശയുണ്ട്. എങ്കിലും ഈ താരങ്ങള്‍ മതിപ്പര്‍ഹിക്കുന്നു. അവര്‍ കഴിവിന്റെ പരമാവധി മികച്ച പ്രകടനം കാഴ്ച വെച്ചു.'- മത്സരശേഷം ബി ബി സിയോട് സംസാരിക്കവെ സൗത്ത്‌ഗേറ്റ് പറഞ്ഞു.

  തങ്ങള്‍ നിരാശരാണെന്ന് പറഞ്ഞ സൗത്ത്‌ഗേറ്റ് രണ്ടാം പകുതിയില്‍ ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലയെന്നും തുറന്ന് സമ്മതിച്ചു. 'ചില സമയങ്ങളില്‍ അവര്‍ വളരെ നന്നായി കളിച്ചു. ചില നേരങ്ങളില്‍ പന്ത് വേണ്ടത്ര കാല്‍ക്കല്‍ വെച്ചില്ല, പ്രത്യേകിച്ച് രണ്ടാം പകുതിയുടെ തുടക്കത്തില്‍. കുറ്റപ്പെടുത്തലുകള്‍ നടത്താന്‍ കഴിയില്ല. ഈ രാത്രി ഡ്രസിംഗ് റൂം അവിശ്വസനീയമാം വിധം വേദനാജനകമാണ്'- സൗത്ത്‌ഗേറ്റ് കൂട്ടിച്ചേര്‍ത്തു.

  ഏറ്റവും നിര്‍ണായക കിക്കിന് പത്തൊന്‍പതു വയസു മാത്രം പ്രായമുള്ള സാക്കയെ നിശ്ചയിച്ച തീരുമാനത്തെയാണ് ആരാധകര്‍ കൂടുതലായി വിമര്‍ശിക്കുന്നത്. ഷൂട്ടൗട്ടില്‍ ഇറ്റലി ആയിരുന്നു ആദ്യ കിക്ക് എടുത്തത്. ഇറ്റലിക്കായി ബെറാര്‍ഡി, ബോന്നുച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബെലോട്ടി, ജോര്‍ഗീഞ്ഞോ എന്നിവരുടെ കിക്കുകള്‍ ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് തടുത്തിട്ടു. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍, മഗ്വയര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റാഷ്‌ഫോര്‍ഡ്, ജെയ്ഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
  Published by:Sarath Mohanan
  First published: