• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

ഗരിഞ്ച - ബ്രസീലിന്‍റെ മാലാഖ

news18india
Updated: June 13, 2018, 3:39 PM IST
ഗരിഞ്ച - ബ്രസീലിന്‍റെ മാലാഖ
news18india
Updated: June 13, 2018, 3:39 PM IST
ഫുട്‌ബോളിന്റെ മാമാങ്കം റഷ്യയിലെ തുണുത്തുറഞ്ഞ പുല്‍മേടുകളെ തീപിടിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കാല്‍പ്പന്തിന്റെ ചരിത്രത്തിലെ വേറിട്ട കാഴ്ചകളെ, വേറിട്ട കളിക്കാരെ, അപൂര്‍വ നിമിഷങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് മുംബൈയിലെ പത്രപ്രവര്‍ത്തകനായ സിബി സത്യന്‍ എഴുതുന്ന പരമ്പര - ഓഫ് ലൈന്‍ - ഇന്നു മുതല്‍ ആരംഭിക്കുന്നു. ആഴ്ചയില്‍ രണ്ടു ദിവസം വീതം. വേറിട്ട കാഴ്ചകളുടെ സംഗീതം.

ഗരിഞ്ച (Garrincha) എന്ന ബ്രസീലിയന്‍ ഫുട്‌ബോളറെക്കുറിച്ച് എഴുതുമ്പോള്‍ വാക്കുകള്‍ കവിതകളാകേണ്ടതുണ്ട്. അയാളവശേഷിപ്പിച്ചു പോയ ഫുട്‌ബോളിന്‍റെ വന്യസൗന്ദര്യം എത്ര ദശാബ്ദങ്ങള്‍ക്കിപ്പുറവും ജനതകളെ പ്രചോദിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.

ഏറ്റവും പ്രിയപ്പെട്ട കളിക്കാരനാരെന്ന് ഒരു ബ്രസിലുകാരനോട് ചോദിച്ചാല്‍ അവനൊറ്റ പേരേ പറയാനുണ്ടാകൂ. അത് ഗരിഞ്ചയെന്നാകും. പെലെ ഒരു സമ്പൂര്‍ണ ഫുട്‌ബോളറായിരുന്നുവെങ്കില്‍ ഗരിഞ്ച ഫുട്‌ബോളിന്‍റെ മാലാഖയായിരുന്നു. ഡ്രബ്‌ളിങ്ങിന്‍റെ പൊന്നു തമ്പുരാന്‍. ചട്ടുകാലും വളഞ്ഞ നട്ടെല്ലുമായി ജനിച്ച വികലാംഗന്‍. വലംകാലിനേക്കാള്‍ രണ്ടിഞ്ചു നീളം കൂടിയ ഇടംകാല്‍. പക്ഷേ, അയാള്‍ പന്തു തൊടുമ്പോള്‍ കളിക്കളങ്ങളില്‍ കവിത വിരിഞ്ഞു. ബ്രസീലിയന്‍ ഫുട്‌ബോള്‍ സൗന്ദര്യമായിരുന്ന സീംഗ(Ginga) ആയിരുന്നു ഗരീഞ്ചയുടെ ഹൃദയരക്തം. അയാള്‍ ആനന്ദിപ്പിക്കുകയായിരുന്നു. ഫുട്‌ബോളിന്‍റെ ചരിത്രത്തില്‍ ഗരിഞ്ചയെപ്പോലെ ജനങ്ങളെ ആനന്ദിപ്പിച്ച മറ്റൊരു കളിക്കാരനില്ലെന്ന് ഉറൂഗ്വന്‍ എഴുത്തുകാരനായ എഡ്വേര്‍ഡോ ഗലീനോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
Loading...ഗരിഞ്ച ആരായിരുന്നു - 1958 ലെയും 62ലെയും ലോകകപ്പ് നേടിയ ബ്രസീലിയന്‍. 1962ലെ ഗോള്‍ഡന്‍ ബൂട്ട് ബഹുമതിയും ഗോള്‍ഡന്‍ പ്ലയര്‍ ബഹുമതിയും ലഭിച്ചയാള്‍. ലോകത്തിലെ എല്ലാക്കാലത്തേയും ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ സ്ഥാനം കിട്ടിയ ആള്‍. നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫിഫയുടെ വോട്ടെടുപ്പില്‍ ഏഴാംസ്ഥാനം എത്തിയവന്‍. മൂന്നു ഭാര്യമാര്‍. അഞ്ചു സ്ത്രീകളിലായി 14 കുട്ടികള്‍. ഒടുവില്‍ 49-ാം വയസില്‍ കടുത്ത മദ്യപാനിയായി, കരള്‍ രോഗം പിടിപെട്ട്, ഏകനായി മരിച്ചവന്‍. ഗരിഞ്ചയെ ചുരുക്കത്തില്‍ അങ്ങിനെ എഴുതാം. ഗരിഞ്ച വാണവനും വീണവനുമായിരുന്നു. പക്ഷേ, ഫുട്‌ബോളിന്റെ അനശ്വരതയില്‍ അയാളൊരു ഒറ്റനക്ഷത്രമായി.

ഗരിഞ്ചയുടെ മുത്തച്ഛനും മുത്തശിയും അടിമകളായിരുന്നു. 1933ല്‍ ബ്രസീലിന്റെ ദാരിദ്ര്യത്തിലേക്ക്, കടുത്ത മദ്യപാനിയായ പിതാവിന്റെ മകനായി ഗരിഞ്ച ജനിച്ചു. പ്രായത്തിന്റെ വളര്‍ച്ചയില്ലാതെ, കാര്യഗൗരവമില്ലാതെ വളര്‍ന്ന ആ ചെറുപ്പക്കാരന്‍ ഫുട്‌ബോള്‍ മാത്രം കളിച്ചു. ബാക്കിസമയം പെണ്ണുപിടിയനായും കള്ളുകുടിയനായും ജീവിച്ചു. 1953ല്‍ ബോട്ടാഫാഗോ എന്ന ബ്രസീലിയന്‍ ക്ലബിന്‍റെ ട്രയല്‍സിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ, അവിടെ ബ്രസീലിന്റെ ദേശീയ ടീം പ്രതിരോധഭടനായിരുന്ന നില്‍ട്ടണ്‍ സാന്റോസിനെ കാഴ്ചക്കാരനാക്കി പലവട്ടം ഡ്രിബിള്‍ ചെയ്തു പന്തു കൊണ്ടുപോയതോടെ ഗരിഞ്ച ഒരത്ഭുതമായി. പക്ഷേ, ചട്ടുകാലനെ ടീമിലെടുക്കാന്‍ പലവട്ടം ചര്‍ച്ചകള്‍ക്കു ശേഷമാണ് ക്ലബ് തയ്യാറായത്.

1958ലെ ബ്രസീല്‍ ലോകകപ്പ് ടീമിലേക്ക് ഗരിഞ്ച തെരഞ്ഞെടുക്കപ്പെടുമ്പോള്‍ 25 വയസ്. ഒപ്പം തെരഞ്ഞെടുക്കപ്പെട്ട പതിനെട്ടുകാരന്റെ പേര് പെലെ എന്നായിരുന്നു. ബ്രസീല്‍ ടീമിന്‍റെ സന്നാഹമത്സരത്തിലൊന്നില്‍ ഇറ്റാലിയന്‍ ക്ലബുമായുള്ള കളിയില്‍ ഗരിഞ്ച നടത്തിയ പ്രകടനം ഫുട്‌ബോള്‍ മരിക്കുവോളം മറക്കപ്പെടില്ല. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ മൂന്നു ഡിഫന്‍ഡര്‍മാരെ വെട്ടിച്ചു ഗോളിയെയും വെട്ടിച്ചു മുന്നേറുമ്പോള്‍ അയാള്‍ക്കു മുന്നില്‍ തുറന്ന പോസ്റ്റ് മാത്രം. പക്ഷേ, അയാള്‍ താന്‍ അല്‍പം മുമ്പ് വെട്ടിച്ചു കളഞ്ഞ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ പാഞ്ഞു വരാന്‍ കാത്തു നില്‍ക്കുകയായിരുന്നു. അയാളെ പിന്നെയും വെട്ടിച്ചു വീഴ്ത്തിയ ശേഷം പിന്നെ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടു മാത്രം ഗോള്‍വലയിലേക്ക് ബോള്‍ തട്ടിയിട്ടു. ശേഷം ബോള്‍ കൈകൊണ്ട് എടുത്ത് തിരികെ സെന്റര്‍ലൈനില്‍ കൊണ്ടു വെച്ച ശേഷം മാറി നിന്ന ഗരിഞ്ചയുടെ പ്രകടനത്തിനു മുന്നില്‍ സ്തബ്ധരായിപ്പോയ ഇറ്റാലിയന്‍ കാണികള്‍ പിന്നെ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് അലറി വിളിച്ചാണ് ഗരിഞ്ചയെ അഭിനന്ദിച്ചത്.ഫുട്‌ബോള്‍ അയാള്‍ക്ക് ഗോളടി മാത്രമായിരുന്നില്ല. സംശുദ്ധമായ ആനന്ദമായിരുന്നു. ഇരുകാലുകള്‍ കൊണ്ടും പടുകൂറ്റന്‍ ഷോട്ടുകളുതിര്‍ക്കാന്‍ കഴിയുമായിരുന്ന, കുള്ളനായിരുന്നെങ്കിലും മനോഹരമായ ഹെഡറുതിര്‍ക്കാന്‍ കഴിയുന്ന, കോര്‍ണര്‍കിക്കില്‍ നിന്നു നേരിട്ടു ഗോള്‍ നേടാന്‍ കഴിയുമായിരുന്ന (അത്തരം നാലു ഗോളുകള്‍ ഗരിഞ്ച നേടിയിട്ടുണ്ട്), അതിവേഗത്തില്‍ ഓടുമ്പോള്‍ അസാധ്യമായ ആംഗിളുകളിലേക്ക് തിരിയുവാന്‍ കഴിയുമായിരുന്ന ഗരിഞ്ച കളിക്കളങ്ങളില്‍ ഉപമകളും ഉല്‍പ്രേക്ഷകളും തീര്‍ത്തു. ഗരിഞ്ച പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഒരു മാന്ത്രികന്‍ മന്ത്രവടി ചുഴറ്റും പോലെ പന്തിനെ വരുതിയിലാക്കി ഡ്രിബിള്‍ ചെയ്യുമ്പോള്‍ ഗോളിമാര്‍ പോലും കളിമറന്നു കണ്ടു നിന്നു പോയിട്ടുണ്ടെന്നും ചിലപ്പോഴൊക്കെ ലൈനിനു പുറത്തു പോകുമ്പോള്‍ കളി മുടക്കാന്‍ മനസുവരാതെ റഫറിമാര്‍ വിസിലടിക്കാതെ കണ്ടു നിന്നിട്ടുണ്ടെന്നും ഐതിഹ്യങ്ങള്‍ പറയുന്നു. ഞാനത് വിശ്വസിക്കുന്നു.

1958ലെ ലോകകപ്പില്‍ ആദ്യത്തെ രണ്ടു മത്സരങ്ങളില്‍ പെലെയെയും ഗരിഞ്ചയേയും കളിപ്പിക്കാന്‍ മാനേജ്‌മെന്‍റ് തയ്യാറായില്ല. സീംഗ ശൈലിയിലുള്ള വിശ്വാസക്കുറവായിരുന്നു കാരണം. പിന്നെ നിവൃത്തിയില്ലാതെ കരുത്തരായ റഷ്യയ്‌ക്കെതിരെയാണ് അവരെ ഇറക്കിയത്. ബ്രസീല്‍ കളി തുടങ്ങുമ്പോള്‍ ഗരിഞ്ചയുടെ ഡ്രിബ്‌ളിങ്ങും പെലെയുടെ ഷോട്ടുകളും റഷ്യയെ ആദ്യത്തെ മൂന്നു മിനിറ്റുകളില്‍ വിറപ്പിച്ചു. വിശ്വോത്തര ഗോളി ലെവ് യാഷിന്‍ വിയര്‍പ്പില്‍ കുതിര്‍ന്നു. ലോകഫുട്‌ബോളിലെ ഏറ്റവും മനോഹരമായ ആദ്യത്തെ മൂന്നു മിനിറ്റുകള്‍ എന്നാണ് ഫുട്‌ബോള്‍ ചരിത്രകാരന്മാര്‍ ആ നിമിഷങ്ങളെ വിശേഷിപ്പിച്ചത്. 1958 ലെ ഫൈനലില്‍ സ്വീഡനെ പരാജയപ്പെടുത്തി ബ്രസീലിന്‍റെ വിജയം ടീമംഗങ്ങള്‍ ആഘോഷിക്കുമ്പോള്‍ തങ്ങള്‍ ലോകകപ്പ് വിജയിച്ചെന്ന് ഗരിഞ്ചയ്ക്കു മനസിലായതു കൂടെയില്ല. 1962 ലെ ലോകകപ്പില്‍ തുടക്കത്തില്‍ തന്നെ പെലെ പരിക്കേറ്റു പുറത്താകുമ്പോള്‍ ബ്രസീലുകാര്‍ തരിച്ചു നിന്നു. പക്ഷേ, അവര്‍ക്ക് ഗരിഞ്ചയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം 1986ല്‍ മാറഡോണ എന്ന കുറിയ മനുഷ്യന്‍ ഒറ്റയ്ക്ക് അര്‍ജന്‍റീനയില്‍ ലോകകപ്പെത്തിച്ചതുപോലെ അന്ന് ഗരിഞ്ചയെന്ന ഒറ്റയാള്‍ പട്ടാളം ഓരോ കളിയും ഓരോ കവിതയാക്കി കിരീടം കൊണ്ടുപോയി. ഗരിഞ്ച ദേശീയടീമിനു വേണ്ടി കളിച്ച 50 കളികളില്‍ ഒന്നില്‍ മാത്രമാണ് ബ്രസീല്‍ തോറ്റത്. ഗരിഞ്ചയും പെലെയും ചേര്‍ന്നു കളിച്ച ഒറ്റക്കളിയില്‍ പോലും ബ്രസീല്‍ പരാജയപ്പെട്ടിട്ടില്ല.ഓരോ തവണയും ഡിഫന്‍ഡറെ വെട്ടിച്ചു മുന്നേറിയ ശേഷം പിന്നെയും അയാള്‍ വരാന്‍ ഗരിഞ്ച കാത്തുനില്‍ക്കുമായിരുന്നു. ഒരേ ഡിഫന്‍ഡറെ പല തവണ വെട്ടിക്കുക അയാള്‍ക്കൊരു ഹരമായിരുന്നു. ചിലപ്പോഴൊക്കെ പന്ത് അവിടെത്തന്നെയിട്ടിട്ടു മുന്നോട്ടോടുന്ന ഗരിഞ്ചയ്‌ക്കൊപ്പം ഡിഫന്‍ഡറും അറിയാതെ ഓടും. അത് പലവട്ടം ആവര്‍ത്തിക്കുന്നതില്‍ അയാള്‍ വെറുതേ ആനന്ദിക്കുകയും കാണികളെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു. ഗരിഞ്ച മറ്റേതോ ഗ്രഹത്തില്‍ നിന്നു വന്നയാളെന്ന് പത്രങ്ങള്‍ തലക്കെട്ടെഴുതി.

യൂറോപ്യന്‍ ലീഗുകള്‍ പണക്കൊഴുപ്പുമായി പലവട്ടം വിളിച്ചിട്ടും ഗരിഞ്ച പോയില്ല. അയാളുടെ ക്ലബ് ഫുട്‌ബോള്‍ ജീവിതം ബ്രസീലില്‍ തന്നെയായിരുന്നു. ബ്രസീലുകാര്‍ അയാളെ ഹൃദയത്തോടു ചേര്‍ത്തുവെച്ചു. പക്ഷേ ഒടുങ്ങാത്ത മദ്യപാനാസക്തിയും വിട്ടുമാറാത്ത പരിക്കുകളും ഗരിഞ്ചയ്ക്ക് വിനകളായി. 49 വയസില്‍ മരിക്കുമ്പോള്‍ അയാള്‍ ഏകനും ദരിദ്രനുമായിരുന്നു. പക്ഷേ അന്ത്യയാത്രയില്‍ വിടനല്‍കാന്‍ ജനലക്ഷങ്ങള്‍ തിങ്ങിക്കൂടി. ഈ ഭൂമിയില്‍ ജീവിച്ചു പോയതിന് അവര്‍ അയാളുടെ കല്ലറയില്‍ നന്ദി രേഖപ്പെടുത്തിവെച്ചു. അയാളോ, അവരുടെ ചരിത്രത്തിന്റെ ഐതിഹ്യമാലകളില്‍ അനശ്വരനായി.
First published: June 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍