ജർമനിയുടെ മധ്യനിരയിലെ നിർണായക സാന്നിധ്യമായിരുന്ന ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന്റെ പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ജർമനിക്കായി തന്റെ കഴിവിന്റെ പരമാവധി നൽകിയെന്നും യൂറോ കപ്പ് നേടുക എന്ന ആഗ്രഹം മാത്രമാണ് സാധിക്കാതെ പോയതെന്നും തന്റെ വിരമിക്കൽ സന്ദേശത്തിൽ ക്രൂസ് പറഞ്ഞു.
'106 മത്സരങ്ങളിൽ ഞാൻ ജർമൻ ജേഴ്സിയിൽ കളിച്ചു. 109 മത്സരങ്ങൾ കളിച്ച് യൂറോ കപ്പും നേടി വിടപറയാണെമെന്നായിരുന്നു ആഗ്രഹം. പക്ഷെ പ്രീക്വാർട്ടറിൽ പുറത്തായതോടെ 106 മത്സരങ്ങൾ എന്ന നിലയിൽ തന്നെ കരിയർ അവസാനിപ്പിക്കുകയാണ്, യൂറോ കപ്പ് നേടാൻ കഴിഞ്ഞില്ല എന്നത് ഒരു ദുഃഖമായി അവശേഷിക്കുന്നു.' - ക്രൂസ് വ്യക്തമാക്കി.
യൂറോ കപ്പിന് ശേഷം വിരമിക്കുക എന്ന തീരുമാനം നേരത്തെ എടുത്തത്താണ്. 2022 ലോകകപ്പിൽ ജർമനിക്ക് വേണ്ടി കളിക്കില്ലെന്ന് ഉറപ്പിച്ചിച്ചിരുന്നു. ബാക്കിയുള്ള കരിയറിൽ തന്റെ ക്ലബ്ബായ റയൽ മാഡ്രിഡിന് വേണ്ടി കൂടുതൽ ശ്രദ്ധ ചെലുത്താൻ ആഗ്രഹിക്കുന്നു. 2010ല് ജർമനിക്കായി അരങ്ങേറിയ ക്രൂസ് 106 മത്സരങ്ങളിൽ നിന്നും 17 ഗോളുകളും 19 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2014 ലോകകപ്പ് ജേതാക്കളായ ജര്മന് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഈ 31 വയസ്സുകാരൻ. ഇതിൽ ബ്രസീലിനെ ജർമനി 7-1ന് തകർത്തുവിട്ട മത്സരത്തിൽ രണ്ട് ഗോൾ നേടിയ താരം നാല് ഗോളുകൾക്ക് വഴിയൊരുക്കുന്നതിൽ പങ്കാളിയുമായി. ഇതിനു പുറമെ ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ജർമനി ലോക ഫുട്ബോൾ കിരീടം ഉയർത്തിയ മത്സരത്തിൽ നിർണായക പ്രകടനം നടത്താനും താരത്തിന് കഴിഞ്ഞിരുന്നു.
Also read-Euro Cup|യൂറോ കപ്പ്: സൂപ്പർ പോരാട്ടത്തിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി സെമിയിൽ; എതിരാളികൾ സ്പെയിൻ
മധ്യനിരയിൽ കളിക്കുന്ന ക്രൂസിന് കളത്തിൽ തന്റെ സഹതാരങ്ങളെ കണ്ടെത്തുന്നതിലും അവർക്ക് കൃത്യമായി പാസ് നൽകുന്നതിലും അപാര മികവാണ് ഉണ്ടായിരുന്നത്. സെറ്റ്പീസുകൾ എടുക്കുന്നതിലും താരത്തിന് ഒരുപോലെ മികവുണ്ടായിരുന്നു. ഇതിനു പുറമെയാണ് ഗോൾ നേടാനുള്ള മികവും താരം പുലർത്തിയിരുന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരങ്ങളിലൊരാളായ ക്രൂസ് ഫിഫയുടെ ഓൾ സ്റ്റാർ ടീമിലും ഇടം നേടിയിട്ടുണ്ട്. ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിൽ തന്റെ ക്ലബ്ബ് ഫുട്ബോൾ കരിയർ ആരംഭിച്ച ക്രൂസ് 2014ലാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ താരമായത്.
Also read- Euro Cup|യൂറോ കപ്പ്: അട്ടിമറി വീരൻമാരായ സ്വിറ്റ്സർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി സ്പെയിൻ സെമിയിൽ
ക്രൂസിന്റെ വിടവാങ്ങലോടെ ജർമൻ മധ്യനിരയിൽ വലിയൊരു വിടവാണ് വരുന്നതെങ്കിലും ആ സ്ഥാനത്തെ വെല്ലുവിളി ഏറ്റെടുക്കാനുള്ള താരങ്ങൾ നിലവിൽ അവരുടെ ടീമിലുണ്ട്. ജർമനിയുടേയും ബയേൺ മ്യുണിക്കിന്റെയും മധ്യനിര താരങ്ങളായ ജോഷ്വ കിമ്മിക്കും ലിയോണാർഡോ ഗോരെറ്റ്സക്കയും തങ്ങളുടെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞവരാണ്. അതുകൊണ്ട് ഒരു തലമുറ മാറ്റത്തിന് ജർമൻ ഫുട്ബോൾ വേദിയാവുമ്പോൾ അവർക്ക് ക്രൂസിന്റെ വിരമിക്കൽ വലിയ വെല്ലുവിളിയാവാൻ സാധ്യതയില്ല.
ക്രൂസിന് പിന്നാലെ ടീമിലെ മറ്റ് സീനിയർ താരങ്ങളായ മുള്ളറും ഹമ്മൽസും വിരമിക്കൽ പ്രഖ്യാപനം നടത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. യോക്കിം ലോ പടിയിറങ്ങിയ സ്ഥാനത്തേക്ക് പുതുതായി വരുന്ന ഹാൻസി ഫ്ലിക്ക് ടീമിലെ സീനിയർ താരങ്ങളോട് കുറച്ച് കാലം കൂടി ടീയിൽ തുടർന്ന് കൊണ്ട് യുവതാരങ്ങൾക്ക് വേണ്ടുന്ന നിർദേശം നൽകി ജർമൻ ഫുട്ബോളിലെ തലമുറമാറ്റം സുഗമമാക്കാൻ ആവശ്യപ്പെട്ടേക്കാം.
Summary
German Footballer Toni Kroos retires from International Football
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.