HOME » NEWS » Sports » GOALKEEPER ALISSON BECKER GOAL GIVES HIGH HOPES TO LIVERPOOL CHAMPIONS LEAGUE ENTRY MM INT

ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്ക് തിളക്കമേറി; രക്ഷകനായത് ഗോൾകീപ്പർ ആലിസൺ

ചരിത്രത്തിലാദ്യമായി ലിവർപൂളിന് വേണ്ടി ഗോൾ നേടുന്ന ഗോളിയായി ആലിസൺ

News18 Malayalam | news18-malayalam
Updated: May 18, 2021, 7:08 AM IST
ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്ക് തിളക്കമേറി; രക്ഷകനായത് ഗോൾകീപ്പർ ആലിസൺ
ആലിസൺ ബെക്കർ
  • Share this:
ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ നിലനിർത്താൻ ജയം അത്യാവശ്യമായിരുന്ന ലിവർപൂളിന് ഇഞ്ചുറി ടൈമിലെ ഗോളിലൂടെ രക്ഷകനായി ഗോൾകീപ്പർ ആലിസൺ ബെക്കർ. വെസ്റ്റ്ബ്രോമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ തകർപ്പൻ ഗോൾ നേടി ലിവർപൂളിൻ്റെ രക്ഷകനായി മാറുകയായിരുന്നു ആലിസൺ.

മത്സരം 1-1 എന്ന സ്കോറിൽ സമനിലയിലേക്ക് എന്ന് ഉറപ്പിച്ച് നിൽക്കവേയായിരുന്നു ആലിസണിൻ്റെ അപ്രതീക്ഷിത ഹെഡർ ഗോൾ പിറന്നത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി നിർത്താനും ലിവർപൂളിനായി.

കളിയുടെ അവസാന നിമിഷത്തിൽ കിട്ടിയ കോർണറിൽ ടീമിന് ഗോൾ നേടിക്കൊടുക്കുന്നതിൽ സഹായിക്കാൻ വേണ്ടിയാണ് ആലിസൺ എതിർ ഗോൾ മുഖത്തേക്ക് പോയത്. കോർണറിൽ നിന്നും ഉയർന്നു വന്ന പന്തിൽ ഒരു ബുള്ളറ്റ് ഹെഡറിലൂടെയാണ് ആലിസൺ ലിവർപൂളിന് വിജയം നൽകിയ ഗോൾ നേടിയത്.

നേരത്തെ മത്സരത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ലിവർപൂൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. റോബ്സൻ കനുവിലൂടെ 15-ാം മിനിറ്റിൽ വെസ്റ്റ് ബ്രോമാണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. പിന്നീട് ആക്രമിച്ചു കളിച്ച ലിവർപൂൾ 33-ാം മിനിട്ടിൽ മത്സരം സമനിലയിലാക്കി. സാദിയോ മാനെയുടെ പാസ് സ്വീകരിച്ച് സലയാണ് ലിവർപൂളിനെ കളിയിലേക്ക് തിരികെകൊണ്ടു വന്നത്.

സമനില ഗോൾ നേടിയതോടെ ഉത്തേജിതരായ ലിവർപൂൾ താരങ്ങൾ നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഒന്നും ഗോളിൽ കലാശിച്ചില്ല. അവസാനം ആലിസണിൻ്റെ ഗോളിലാണ് ചെമ്പട വിജയം നേടിയത്. ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് ലിവർപൂൾ 63 പോയിൻ്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ്. 64 പോയിന്റുമായി ചെൽസി നാലാമതും 66 പോയിന്റുമായി മൂന്നാമതുള്ള ലെസ്റ്ററും ആണ് ലിവർപൂളിന് മുന്നിൽ.



ലീഗിൽ ഇനി രണ്ടു മത്സരങ്ങൾ ബാക്കിയുള്ള ടീം രണ്ടിലും വിജയം നേടുകയും ചെൽസിയോ ലെസ്റ്ററോ മത്സരങ്ങൾ തോൽക്കുകയും ചെയ്താൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാം. അവസാന രണ്ട് മത്സരങ്ങളിൽ ബേൺലിയും ക്രിസ്റ്റൽ പാലസുമാണ് ലിവർപൂളിൻ്റെ എതിരാളികൾ.

വെസ്റ്റ്ബ്രോമിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ ചരിത്രത്തിലാദ്യമായി ലിവർപൂളിന് വേണ്ടി ഗോൾ നേടുന്ന ഗോളിയായി ആലിസൺ മാറി. പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആറാം ഗോൾകീപ്പറെന്ന നേട്ടവും, ലീഗിൽ ഹെഡറിലൂടെ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറെന്ന നേട്ടവും ഇതിനോടൊപ്പം ആലിസൺ സ്വന്തമാക്കി.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായിരുന്ന പീറ്റർ ഷ്മൈക്കലാണ് പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പർ. 2001ൽ എവർട്ടണെതിരായ മത്സരത്തിലാണ് ഷ്മൈക്കൽ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് ശേഷം ബ്രാഡ് ഫ്രീഡൽ, പോൾ റോബിൻസൺ, ടിം ഹൊവാർഡ്, അസ്മിർ ബെഗോവിച്ച് തുടങ്ങിയവരാണ് പ്രീമിയർ ലീഗിൽ ഗോൾ നേടിയ മറ്റു ഗോൾകീപ്പർമാർ.

Summary: Alisson's incredible late goal stuns West Brom; keeps Champions League hopes alive
Published by: user_57
First published: May 18, 2021, 7:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories