HOME » NEWS » Sports » GOKULAM FC INCHING CLOSER TO VICTORY BY BEATING MOHAMMEDAN SPORTING IN I LEAGUE MM INT

കിരീടം കയ്യെത്തും ദൂരത്ത്: ഐ ലീഗിൽ മുഹമ്മദൻസിനെ മുട്ടുകുത്തിച്ച് ഗോകുലം കേരള എഫ്.സി.

തുടക്കം മുതൽ ആക്രമണം അഴിച്ചു വിട്ട ഗോകുലം ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകളും നേടി

News18 Malayalam | news18-malayalam
Updated: March 22, 2021, 11:09 AM IST
കിരീടം കയ്യെത്തും ദൂരത്ത്: ഐ ലീഗിൽ മുഹമ്മദൻസിനെ മുട്ടുകുത്തിച്ച് ഗോകുലം കേരള എഫ്.സി.
ഐ ലീഗ്
  • Share this:
കൊൽക്കത്ത: ഐ ലീഗിലെ കിരീടപ്പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ മുഹമ്മദൻസിനെ മുട്ടുകുത്തിച്ച് ഗോകുലം കേരള എഫ്.സി. കിരീടത്തിനും ഗോകുലത്തിനുമിടയിൽ ഇനി ഒരു വിജയത്തിൻ്റെ അകലം മാത്രം.

ഇന്നലെ നടന്ന മത്സരത്തിൽ മുഹമ്മദൻസിനെ പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിൻ്റെ വിജയം. തകർപ്പൻ ഫോമിലുള്ള ഘാന സ്ട്രൈക്കർ ഡെന്നിസ് അഗ്യാരെയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്.

ഇന്നലെ തന്നെ നടന്ന ചർച്ചിൽ - ട്രാവു മത്സരം സമനിലയിൽ കലാശിച്ചിരുന്നു (1-1). ഇതോടെ ഗോകുലം, ചർച്ചിൽ, ട്രാവു എന്നിവർക്ക് 26 പോയിൻ്റ് വീതമായി. ഗോകുലം പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തിയത് ഗോൾ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിലാണ്. 27ന് ഗോകുലവും ട്രാവുവും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികൾ ഐ ലീഗ് കിരീടം ചൂടും.

നേരത്തെ മുഹമ്മദൻസിനോട് ഗോകുലം ഐഎഫ്എ ഷീൽഡിലും ഐ ലീഗിൻ്റെ ആദ്യ റൗണ്ടിലും പരാജയം ഏറ്റുവാങ്ങിയിരുന്നു. ഈ രണ്ടു തോൽവികളുടെയും കണക്ക് തീർക്കുന്നതായി ഇന്നലത്തെ വിജയം.



തുടക്കം മുതൽ ആക്രമണം അഴിച്ചു വിട്ട ഗോകുലം, ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്. ഇതിനുള്ള പ്രതിഫലമായി 19ാം മിനുട്ടിൽ ആദ്യ ഗോൾ. മധ്യനിരയിൽ നിന്ന് ഉയർത്തി നൽകിയ പന്ത് നെഞ്ചു കൊണ്ട് നിയന്ത്രിച്ച് ഒന്ന് വെട്ടിത്തിരിഞ്ഞ് ഡെന്നിസ് അഗ്യാരെ തൊടുത്ത മനോഹരമായ വലംകാലൻ ഷോട്ട് വലയിലാക്കി. 33ാം മിനുട്ടിൽ വീണ്ടും അഗ്യാരെയുടെ ഗോൾ. പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ അഗ്യാരെ എതിർ ഗോളിയെ സാക്ഷിയാക്കി പന്ത് വലയിലേക്ക് അടിച്ചുകയറ്റി.

രണ്ടാം പകുതിയിൽ ഗോകുലം പയറ്റിയത് പ്രതിരോധ തന്ത്രമായിരുന്നു. ഗോകുലത്തിൻ്റെ പ്രതിരോധം പൊളിച്ച് 84ാം മിനുട്ടിൽ ഒരു ഗോൾ മടക്കാൻ മുഹമ്മദൻസിനായി. ഒരു ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെ സുജിത് സദ്ദു ആണ് അവരുടെ ആശ്വാസ ഗോൾ നേടിയത്‌. തുടർച്ചയായി ആക്രമണം അഴിച്ചുവിട്ട് മുഹമ്മദൻസ് ഗോകുലത്തിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും ഗോൾകീപ്പർ സി.കെ. ഉബൈദ് തൻ്റെ സേവുകളോടെ ടീമിൻ്റെ രക്ഷകനായി.

ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ മൂന്ന് ടീമുകൾക്കും കിരീടം നേടുന്നതിൽ നിർണായകമാണ്. 27ന് നടക്കുന്ന മത്സരങ്ങളിൽ ഗോകുലം ട്രാവുവിനേയും ചർച്ചിൽ ബ്രദേഴ്സ് പഞ്ചാബ് എഫ്സിയേയും നേരിടും. ഗോകുലം - ട്രാവു മത്സരത്തിലെ വിജയികൾക്ക് ഐ ലീഗ് കിരീടം സ്വന്തമാക്കാം.

ഈ മത്സരം സമനിലയായാൽ, ചർച്ചിൽ പഞ്ചാബിനെ തോൽപ്പിച്ചാൽ അവർക്ക് കിരീടം സ്വന്തമാക്കാം. ചർച്ചിൽ തോറ്റാലോ മത്സരം സമനിലയായാലോ കിരീടം ഗോകുലത്തിനു ലഭിക്കും. അവസാന മത്സരവും ജയിച്ച് കിരീടം കോഴിക്കോട്ടേക്ക് തന്നെ കൊണ്ടുവരാൻ ആണ് ഉറച്ചാവും ഗോകുലം ഇറങ്ങുക.

English Summary: Gokulam Kerala FC tightens the competition in title race in I league by beating Mohammedan Sporting by 2-1
Published by: user_57
First published: March 22, 2021, 11:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories