• HOME
  • »
  • NEWS
  • »
  • sports
  • »
  • GOKULAM KERALAS TECHNICAL DIRECTOR BINO GEORGE DECIDES TO PART WAYS WITH THE CLUB 1 AFTER A SUCCESSFUL SEASON JK

ഗോകുലത്തിനൊപ്പമുള്ള സ്വപ്നയാത്രക്ക് അവസാനം; ബിനോ ജോര്‍ജ് ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു

ഐഎസ്എല്‍ ക്ലബുകളില്‍ നിന്നും മികച്ച വാഗ്ദാനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബിനോ ജോര്‍ജ് ക്ലബ്ബ് വിട്ടതെന്നാണ് സൂചന

Bino George

Bino George

  • Share this:
    ഐ ലീഗ് കിരീട ജേതാക്കളായ ഗോകുലം കേരള എഫ്‌സിയുടെ ടെക്‌നിക്കല്‍ ഡയറക്ടറായ ബിനോ ജോര്‍ജ്ജ് ക്ലബിലെ സ്ഥാനമൊഴിഞ്ഞു. ഗോകുലം കേരള സ്ഥാപിതമായത് മുതല്‍ ക്ലബിന്റെ കൂടെയുണ്ടായിരുന്ന ബിനോ ടീമിന്റെ ആദ്യത്തെ പരിശീലകന്‍ കൂടിയായിരുന്നു. പിന്നീട് ടെക്‌നിക്കല്‍ ഡയറക്ടററുടെ കുപ്പായമണിഞ്ഞ ബിനോ ഇന്നലെ തന്റെ ഇന്‍സ്റ്റാഗ്രാം ആക്കൗണ്ടിലൂടെയാണ് താന്‍ ക്ലബ്ബിലെ സ്ഥാനം ഒഴിയുകയാണെന്ന വാര്‍ത്ത പങ്കുവെച്ചത്. ചില ഐഎസ്എല്‍ ക്ലബുകളില്‍ നിന്നും മികച്ച വാഗ്ദാനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബിനോ ജോര്‍ജ് ക്ലബ്ബ് വിട്ടതെന്നാണ് സൂചന.

    ഗോകുലത്തിന്റെ ആദ്യ മത്സരം മുതല്‍ അവരുടെ പരിശീലകനായിരുന്ന ബിനോ ജോര്‍ജ്ജ് ഐ ലീഗിലെ അവരുടെ ആദ്യ സീസണില്‍ വമ്പന്‍ ക്ലബുകളെ അട്ടിമറിച്ച് ഗോകുലത്തിന് ജയന്റ് കില്ലേഴ്‌സ് എന്ന പേര് വാങ്ങിക്കൊടുത്തിരുന്നു. പിന്നീട് പരിശീലക സ്ഥാനം വേണ്ടെന്നു വച്ച് ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത ബിനോ ടീമിനെ ഉയരങ്ങളിലേക്കാണ് നയിച്ചത്. ഓരോ സീസണ്‍ കഴിയുംതോറും ഗോകുലത്തിന്റെ പ്രകടനത്തിന്റെ ഗ്രാഫ് മുകളിലേക്ക് ഉയര്‍ത്താന്‍ ബിനോക്കും സംഘത്തിനും കഴിഞ്ഞു. ഗോകുലം ഐ ലീഗ് കിരീടവും ഡ്യൂറണ്ട് കപ്പും വനിതാ ഐ ലീഗ് കിരീടവും എല്ലാം നേടുമ്പോള്‍ ക്ലബിന്റെ അമരക്കാരില്‍ ഒരാളായി ബിനോ ജോര്‍ജ്ജ് ഉണ്ടായിരുന്നു. ഇതുകൂടാതെ രണ്ട് കേരള പ്രീമിയര്‍ ലീഗ് കിരീടവും ഗോകുലം ബിനോ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നേടി.

    Also Read-റയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത് ആന്‍സലോട്ടി; റയല്‍ മാഡ്രഡില്‍ രണ്ടാം അങ്കത്തിന് ഒരുങ്ങി ഇറ്റാലിയന്‍ പരിശീലകന്‍

    ക്ലബ് ആരംഭിച്ച സമയത്ത് എ എഫ് സി കപ്പ് യോഗ്യത ആണ് ലക്ഷ്യം എന്ന് പറഞ്ഞിരുന്ന ബിനോ ജോര്‍ജ്ജ് തന്റെ ലക്ഷ്യം നിറവേറ്റിയാണ് പടിയിറങ്ങുന്നത്. പ്രാദേശിക തലത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ഒരുപാട് യുവ മലയാളി താരങ്ങളെ ദേശീയ തലത്തിലേക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് വളര്‍ത്തിക്കൊണ്ടുവരാനും ബിനോ ജോര്‍ജിന് കഴിഞ്ഞു. ഐഎസ്എല്ലില്‍ കഴിവ് തെളിയിച്ച താരങ്ങളായ സി.കെ വിനീത്, റിനോആന്റോ, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ബിനോ ജോര്‍ജിന് കീഴിലാണ് ഫുട്ബാള്‍ രംഗത്തേക്ക് കടന്നുവരുന്നത്. ഇവരെകൂടാതെ കേരളത്തിന്റെ പുത്തന്‍ ഫുട്ബാള്‍ പ്രതീക്ഷകളായ എമില്‍ ബെന്നി, ജിതിന്‍ എം.എസ് എന്നിവരെയും കണ്ടെത്തി കൊണ്ടുവന്നത് ബിനോജോര്‍ജ് എന്ന പരിശീലകന്റെ മികവുകളില്‍ചിലതാണ്.

    Also Read-India Tour of England| ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് സന്തോഷ വാർത്ത; കുടുംബത്തെ ഒപ്പം കൂട്ടാം

    ക്ലബ് വിടാനുള്ള തീരുമാനം അറിയിച്ച ബിനോ തന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളായിരുന്നു ഗോകുലത്തിലെന്നും ജീവിതത്തില്‍ മുന്നോട്ട് പോവാനുള്ള സമയമായി എന്ന് തോന്നിയതിനാലാണ് ഈ ഒരു കടുത്ത തീരുമാനം എടുക്കാനുള്ള കാരണമെന്നുമാണ് തന്റെ പോസ്റ്റില്‍ ബിനോ കുറിച്ചത്.

    എഎഫ്‌സി പ്രോലൈസന്‍സ് നേടിയ ഏക മലയാളിയാണ് ബിനോ ജോര്‍ജ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനായ ബിനോ നിലവില്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം പരിശീലകനാണ്. കേരള ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും ഇനിയും ഒരുപാട് സംഭാവന ചെയ്യാന്‍ ബാക്കിയുള്ള ബിനോയുടെ അടുത്ത തട്ടകം അറിയാനുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍.
    Published by:Jayesh Krishnan
    First published:
    )}