ദോഹ: ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ മുഖാമുഖം വരുന്നത്, ലോകകപ്പിനായുള്ള പോരാട്ടത്തിനുകൂടിയാണ്. മെസിയും എംബാപ്പെയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ലോകകപ്പിന് പുറമെ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ പുരസ്ക്കാരങ്ങൾ ആര് നേടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1998 മുതലുള്ള ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്ക്കാരം നേടുന്ന ടീമിന് കിരീടം കിട്ടാക്കനിയാണ്. ആ ചരിത്രം തിരുത്തിയെഴുതാൻ മെസിക്കോ എംബാപ്പെയ്ക്കോ കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇത്തവണ ഗോൾഡൻ ബോൾ പുരസ്ക്കാരത്തിനായി മെസിയും എംബാപ്പെയും അന്റോയിൻ ഗ്രീസ്മാനുമാണ് മുന്നിലുള്ളത്. ഇവരില്‍ കിരീടം ചൂടുന്ന ടീമിലെ ഒരാള്‍ ഇന്ന് ഗോള്‍ഡന്‍ ബോള്‍ ഏറ്റു വാങ്ങിയാല്‍ 24 വര്‍ഷമായി തുടരുന്ന ചരിത്രം വഴിമാറും.
1998 മുതല്‍ ലോകകപ്പ് നേടുന്ന ടീമിലെ കളിക്കാരന് ഗോള്‍ഡന്‍ ബോള്‍ പുരസ്ക്കാരം ലഭിച്ചിട്ടില്ല. 1998ൽ ഫ്രാന്‍സാണ് കിരീടം നേടിയത്. അന്ന് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സിദാനാണ് ഫ്രാൻസിനെ ലോകകിരീടത്തിലേക്ക് നയിച്ചത്. സിദാൻ ഗോൾഡൻ ബോൾ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫൈനലിൽ തോറ്റ ബ്രസീൽ ഫോർവേഡ് റൊണാൾഡോയ്ക്കായിരുന്നു ഗോൾഡൻ ബോൾ ലഭിച്ചത്.
ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന 2002 ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയത് ബ്രസീൽ. അന്ന് ഇരട്ട ഗോളോടെ റൊണാള്‍ഡോ തിളങ്ങിയെങ്കിലും ഫൈനലിൽ തോറ്റ ജർമ്മനിയുടെ ഗോൾവലയം കാത്ത ഒലിവര്‍ ഖാനായിരുന്നു ടൂര്‍ണമെന്റിലെ താരമായത്. 2006ല്‍ മാര്‍കോ മറ്റെരാസിയുടെ നെഞ്ചിലിടിച്ചുവീഴ്ത്തി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ സിദാൻ ഗോൾഡൻ ബോൾ നേടി. എന്നാൽ സിദാന്റെ ടീം ജർമ്മനിയോട് തോറ്റ് ലോകകപ്പിൽ റണ്ണേഴ്സ് അപ്പായി.
2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പില്‍ നാലാമതായി ഫിനിഷ് ചെയ്ത ഉറുഗ്വായുടെ ഇതിഹാസതാരം ഡീഗോ ഫോർലാനാണ് ഗോൾഡൻ ബോൾ നേടിയത്. 2014ല്‍ ലോകകപ്പ് കിരീടത്തിന് തൊട്ടരികെ കാലിടറിവീണ് വേദനയോടെ മടങ്ങുമ്പോൾ മെസിയ്ക്കായിരുന്നു ഗോൾഡൻ ബോൾ പുരസ്ക്കാരം. 2018ൽ റഷ്യയില്‍ ഫ്രാന്‍സിനോട് തോറ്റ് ക്രൊയേഷ്യ റണ്ണേഴ്സ് അപ്പായപ്പോൾ ലൂകാ മോഡ്രിച്ചിനായിരുന്നു ഗോൾഡൻ ബോൾ പുരസ്ക്കാരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.