HOME » NEWS » Sports » GRAEME SWANN SAYS REMOVING VIRAT KOHLI FROM CAPTAINCY WOULD BE CRUEL TO CRICKET

കോഹ്ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റുന്നത് ക്രിക്കറ്റിനോട് ചെയ്യുന്ന ക്രൂരതയാകും: മുന്‍ ഇംഗ്ലണ്ട് താരം 

കോഹ്ലിയെ ക്യാപ്റ്റന്‍സി റോളില്‍ നിന്നും മാറ്റണമെന്ന ആവശ്യം തെറ്റാണെന്നും കോഹ്ലി നൂറ് ശതമാനം ആത്മാര്‍ത്ഥയുള്ള നായകനാണെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

News18 Malayalam | news18-malayalam
Updated: June 26, 2021, 12:18 PM IST
കോഹ്ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റുന്നത് ക്രിക്കറ്റിനോട് ചെയ്യുന്ന ക്രൂരതയാകും: മുന്‍ ഇംഗ്ലണ്ട് താരം 
വിരാട് കോഹ്ലി
  • Share this:
ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനമുള്ള വ്യക്തിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. എം എസ് ധോണി വിരമിച്ചതിന് ശേഷം വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം വിദേശത്തും സ്വദേശത്തുമായി മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുമ്പോഴും ഐ സി സിയുടെ ഒരു പ്രധാന ട്രോഫി ഇന്ത്യക്ക് സ്വപ്നം മാത്രമായി തുടരുകയാണ്.

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകളും കൈവിട്ടതോടെ കോഹ്ലി ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങളുടെ നടുവിലാണ്. ഇന്ത്യന്‍ ടീമിലും സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ട് വരണമെന്നാണ് ബഹുഭൂരിഭാഗം ആളുകളുടെയും ആവശ്യം. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ ടി20 ടീമിന്റെ നായക സ്ഥാനം രോഹിത് ശര്‍മയ്ക്ക് നല്‍കണമെന്നാണ് ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നത്. മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസറും സമാന നിര്‍ദേശവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ടീമിലെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഗ്രേയിം സ്വാന്‍ വ്യത്യസ്തമായ ഒരു അഭിപ്രായമാണ് പങ്കു വെക്കുന്നത്. വിരാട് കോഹ്ലിയെ പോലെയൊരു താരത്തെ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത് ക്രിക്കറ്റിനോട് തന്നെ നമ്മള്‍ ചെയ്യുന്ന ക്രൂരതയാണെന്നാണ് സ്വാന്‍ അഭിപ്രായപെടുന്നത്.

'ഓരോ മത്സരവും കോഹ്ലി സമീപിക്കുന്നത് നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ്. ഓരോ വിക്കറ്റ് വീഴുമ്പോഴും ഓരോ സെഞ്ച്വറികള്‍ താരങ്ങള്‍ നേടുമ്പോഴും നമുക്ക് അദേഹത്തിന്റെ മുഖത്ത് വരുന്ന വൈകാരിക ഭാവങ്ങള്‍ കാണുവാന്‍ സാധിക്കും. ഫൈനലിലെ ഇന്ത്യന്‍ ടീമിന്റെ തോല്‍വി മതിയായ തയ്യാറെടുപ്പുകള്‍ ഇല്ലാത്തതുകൊണ്ട് മാത്രമായിരുന്നു.'- ഗ്രേയിം സ്വാന്‍ അഭിപ്രായം വിശദമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം കോഹ്ലിയെ ക്യാപ്റ്റന്‍സി റോളില്‍ നിന്നും മാറ്റണമെന്ന ആവശ്യം തെറ്റാണെന്നും കോഹ്ലി നൂറ് ശതമാനം ആത്മാര്‍ത്ഥയുള്ള നായകനാണെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ആശയത്തിന് വളരെ പ്രാധാന്യമാണ് വിവിധ രാജ്യാന്തര ടീമുകള്‍ നല്‍കുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ മുന്‍നിര ടീമുകളിലെല്ലാം തന്നെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കാണാന്‍ കഴിയും. ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ കോഹ്ലിക്ക് ഇതുവരെ അവിടെയും കിരീടം നേടാനായിട്ടില്ല. നേരത്തെ, 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പുറത്തായിരുന്നു. ഇതെല്ലാം സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വാദക്കാര്‍ താരത്തെ വിമര്‍ശിക്കാന്‍ പ്രയോഗിക്കുകയാണ്.

വരുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് കോഹ്ലിയുടെ ഭാരം കുറയ്ക്കാം എന്നാണ് നിലവിലെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വാദക്കാരുടെ അഭിപ്രായം. അതേസമയം കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ചിട്ടുള്ള താരമാണ് രോഹിത് ശര്‍മ്മ. കോഹ്ലിയുടെ അഭാവത്തില്‍ ഏഷ്യ കപ്പും നിദാഹസ് ട്രോഫിയും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഐ പി എല്ലില്‍ അഞ്ച് തവണ രോഹിത് മുംബൈ ഇന്ത്യന്‍സിന് കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
Published by: Sarath Mohanan
First published: June 26, 2021, 12:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories