യൂറോ കപ്പ് പോരാട്ടത്തിന് ആരംഭം കുറിക്കാനായി ടീമുകളെ ഗ്രൂപ്പുകളായി തിരിച്ച് നറുക്കിട്ട് എടുത്തപ്പോൾ ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു ഗ്രൂപ്പ് ആയിരുന്നു എല്ലാവരും മരണ ഗ്രൂപ്പ് എന്ന് പേരെടുത്ത് വിളിച്ച ഗ്രൂപ്പ് എഫ്. യൂറോ കപ്പ് നേടാൻ സാധ്യതയുള്ള മൂന്ന് ടീമുകളാണ് ഇതിൽ ഇടം പിടിച്ചത്. അതിനാലാണ് ഗ്രൂപ്പിന് മരണ ഗ്രൂപ്പ് എന്ന പേരും വീണത്. നിലവിലെ യൂറോ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ, ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, മുൻ ലോക ചാമ്പ്യന്മാരായ ജർമനി, എന്നിവർക്കൊപ്പം ചെറുതല്ലാത്ത പ്രതീക്ഷകൾ പേറി ഹംഗറിയും. പക്ഷേ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് പ്രീ ക്വാർട്ടറും കടന്ന് ക്വാർട്ടറിൽ എത്തി നിൽക്കുമ്പോൾ മരണ ഗ്രൂപ്പിലെ ഒരു ടീമിന് പോലും അവസാന എട്ടിൽ ഒരാളാകാൻ കഴിഞ്ഞില്ല.
പേരുപോലെ തന്നെ മികച്ച പോരാട്ടങ്ങൾക്ക് തന്നെ ഗ്രൂപ്പ് വേദിയായി. ഗ്രൂപ്പിൽ ഹംഗറി നടത്തിയ ശക്തമായ പോരാട്ടങ്ങളാണ് ഇതിൻ്റെ ആവേശം കൂട്ടിയത്. ഫ്രാൻസ്, ജർമനി എന്നീ ടീമുകളെ ഹംഗറി സമനിലയിൽ തളച്ചെങ്കിലും ജയം നേടാൻ കഴിഞ്ഞില്ല എന്നതിനാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്തായി. ബാക്കിയുള്ള ടീമുകൾ എല്ലാം ഓരോ ജയം നേടിയിരുന്നു. ഗ്രൂപ്പിൽ നിന്ന് ഒന്നാമതായി ഫ്രാൻസും രണ്ടാം സ്ഥാനക്കാരായി ജർമനിയും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയപ്പോൾ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന പേരിൽ പോർച്ചുഗലിനും പ്രീക്വാർട്ടറിൽ സ്ഥാനം ലഭിച്ചു.
പക്ഷേ മരണ ഗ്രൂപ്പിലെ ശക്തമായ വെല്ലുവിളികൾ മറികടന്നെത്തിയിട്ടും പ്രീക്വാർട്ടറിൽ ഈ മൂന്ന് ടീമുകൾക്കും വിജയം നേടാൻ കഴിഞ്ഞില്ല. പ്രീക്വാർട്ടറിൽ ജർമനിക്കും പോർച്ചുഗലിനും പോരാട്ടം കടുപ്പമായിരുന്നെങ്കിലും ഫ്രാൻസിൻ്റെ എതിരാളികൾ അത്ര ശക്തരായിരുന്നില്ല. ഫ്രാൻസിന് ലഭിച്ചത് സ്വിറ്റ്സർലൻഡിനെ ആയിരുന്നു. മികച്ച താരനിരയുള്ള ഫ്രഞ്ച് ടീം അതുകൊണ്ട് തന്നെ ക്വാർട്ടറിലേക്ക് മുന്നേറും എന്ന് തന്നെ എല്ലാവരും വിധിയെഴുതി. ജർമനിക്ക് അവരുടെ വൈരികളായ ഇംഗ്ലണ്ടിനെ ലഭിച്ചപ്പോൾ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയമായിരുന്നു പോർച്ചുഗലിൻ്റെ എതിരാളികൾ.
ബെൽജിയത്തിന് എതിരായ മത്സരത്തിൽ ഒരേയൊരു ഗോളിന് തോറ്റ് റൊണാൾഡോയുടെ പോർച്ചുഗലാണ് ആദ്യം പുറത്തായത്. ഇതിന് ശേഷം ഫ്രാൻസിൻ്റെ മത്സരമായിരുന്നു. ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഫ്രഞ്ച് ടീമിന് പക്ഷേ സ്വിസ് ടീമിൻ്റെ പോരാട്ടവീര്യം മറികടക്കാൻ കഴിഞ്ഞില്ല. റഗുലർ സമയവും അധിക സമയവും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ ഒടുവിൽ ഫ്രാൻസിനെ അട്ടിമറിച്ച് സ്വിസ് ടീം ക്വാർട്ടറിലേക്ക് മുന്നേറി. അടുത്ത ഊഴം ജർമനിയുടേതായിരുന്നു. അവരുടെ വൈരികളായ ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ വർഷങ്ങൾക്ക് മുൻപ് സംഭവിച്ച തോൽവികളുടെ കണക്ക് ഇംഗ്ലണ്ട് വീട്ടിയതോടെ ഗ്രൂപ്പ് എഫ് പതനം പൂർണം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ട് ജർമനിയെ തോൽപ്പിച്ചത്. ജർമനിയുടെ തോൽവി അവരുടെ പരിശീലകനായ യോക്കിം ലോയുടെ അവസാന മത്സരം കൂടിയാക്കി. യൂറോ കപ്പ് കഴിയുന്നതോടെ ജർമൻ പരിശീലക സ്ഥാനം ഒഴിയാൻ പോകുന്ന ലോയ്ക്ക് കിരീടത്തോടെ മടങ്ങാനുള്ള അവസരവും ഇതോടെ നഷ്ടപ്പെട്ടു.
യൂറോ കപ്പിലെ ഈ മരണ ഗ്രൂപ്പിലെ കൂട്ടമരണം സമൂഹ മാധ്യമങ്ങളിലും വൈറലാണ്. വിഷയുവമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ഹംഗറിയുടെ ശാപം കാരണമാണ് ബാക്കി മൂന്ന് ടീമുകൾക്കും ടൂർണമെൻ്റിൽ മുന്നേറാൻ കഴിയാത്തത് എന്ന ട്രോൾ ആണ് ഏറ്റവും കൂടുതൽ പ്രചാരം നേടിയിരിക്കുന്നത്.
ഏതായാലും ക്വാർട്ടർ ഘട്ടത്തിലേക്ക് കടന്ന യൂറോയിൽ ഇതിലും മികച്ച പോരാട്ടങ്ങളാണ് വരാൻ പോകുന്നത്.
Summary
Germany goes out of Euro Cup, following the exit of Portugal, France and Hungary in the death group.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.