• HOME
 • »
 • NEWS
 • »
 • sports
 • »
 • Euro Cup|യൂറോ കപ്പ്: ഗ്രൂപ്പ് മത്സരങ്ങൾക്ക് അവസാനം, ഇനി പ്രീക്വാർട്ടർ ആവേശം; ആദ്യ മത്സരം നാളെ വെയ്ൽസും ഡെന്മാർക്കും തമ്മിൽ

Euro Cup|യൂറോ കപ്പ്: ഗ്രൂപ്പ് മത്സരങ്ങൾക്ക് അവസാനം, ഇനി പ്രീക്വാർട്ടർ ആവേശം; ആദ്യ മത്സരം നാളെ വെയ്ൽസും ഡെന്മാർക്കും തമ്മിൽ

ബെൽജിയം - പോർച്ചുഗൽ; ഇംഗ്ലണ്ട് - ജർമനി; ക്രൊയേഷ്യ - സ്‌പെയിൻ എന്നിങ്ങനെ തീപാറുന്ന മത്സരങ്ങൾക്കാണ് പ്രീക്വാർട്ടർ ഘട്ടം സാക്ഷ്യം വഹിക്കുക.

euro cup

euro cup

 • Last Updated :
 • Share this:


  യൂറോ കപ്പിൽ ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് അവസാനം. അവസാന ഗ്രൂപ്പായ എഫിലെ മത്സരങ്ങൾ കൂടി പൂർത്തിയായി മൂന്നു ടീമുകൾ കൂടി യോഗ്യത നേടിയതോടെയാണ്. പ്രീക്വാർട്ടർ ചിത്രം മുഴുവനായത്. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മികച്ച 16 ടീമുകളാണ് പ്രീക്വാർട്ടർ പ്രവേശനം നേടിയത്. ടൂർണമെന്റിലെ ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഇവർക്ക് പുറമെ മികച്ച നാല് മൂന്നാം സ്ഥാനക്കാർ കൂടിയാണ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. ഇതിൽ എ, സി, ഡി, എഫ് എന്നീ ഗ്രൂപ്പുകളിൽ നിന്നും മൂന്ന് വീതം ടീമുകളും ബി, ഇ ഗ്രൂപ്പുകളിൽ നിന്ന് രണ്ട്‌ വീതം ടീമുകളുമാണ് അവസാന 16ൽ ഉൾപ്പെട്ടിട്ടുള്ളത്.

  ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെയ്ൽസ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്മാർക്കും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടർ മത്സരം. 2016 ലെ സെമി ഫൈനൽ നേട്ടം ആവർത്തിക്കാൻ വെയ്ൽസ് ഇറങ്ങുമ്പോൾ 1992ലെ യൂറോ കപ്പിൽ നടത്തിയ അവിസ്മരണീയ കുതിപ്പിന്റെ ഓർമയിലാകും ഡെന്മാർക്ക് ഇറങ്ങുക. ഒപ്പം അവരുടെ സൂപ്പർ താരമായ ക്രിസ്റ്റ്യൻ എറിക്സന്റെ വീഴ്ചയിൽ തളർന്നു പോയതിനു ശേഷം പിന്നീട് അവിശ്വസനീയമാം വിധം തിരിച്ചുവന്ന് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത് അവർക്ക് ആത്മസിശ്വാസം നൽകും.

  ഗ്രൂപ്പ് എയിൽ നിന്നു കളിച്ച മൂന്നു കളികളും ജയിച്ച് ആധികാരികമായാണ് ഇറ്റലി പ്രീക്വാർട്ടറിലേക്ക് കടന്നത്. റോബർട്ടോ മാൻചീനിക്ക് കീഴിൽ അവരുടെ തനത് പ്രതിരോധ സ്വഭാവം വിട്ട് ആക്രമണ ഫുട്‍ബോളാണ് അവർ ഈ ടൂർണമെന്റിൽ കാഴ്ചവെച്ചത്. ആക്രമിച്ച്‌ കളിക്കുമ്പോഴും പ്രതിരോധം അവർ മറന്നില്ല. കളിച്ച മൂന്ന് കളികളിൽ ഏഴ് ഗോളുകൾ അവർ അടിച്ചുകൂട്ടിയപ്പോൾ ഒറ്റ ഗോൾ പോലും വഴങ്ങിയില്ല എന്നത് ഇതിന്റെ തെളിവാകുന്നു. യൂറോയിൽ 30 മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കി നിൽക്കുകയാണ് ഇറ്റലി. മിന്നും ഫോമിലുള്ള ഇറ്റലിക്ക് എതിരാളികളായി വരുന്നത് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയയാണ്. ഒരു വൻകര ചാമ്പ്യൻഷിപ്പിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. അവരുടെ ചരിത്രപരമായ പ്രവേശനം അവർക്ക് അവിസ്മരണീയമാക്കാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതെങ്കിലും മിന്നും ഫോമിലുള്ള ഇറ്റലിയെ അട്ടിമറിക്കാനുള്ള കെൽപ് ഓസ്ട്രിയ്ക്കുണ്ട് എന്നാരും കരുതുന്നില്ല.

  ഗ്രൂപ്പ് സിയിൽ നിന്നും മൂന്ന് കളികളും ജയിച്ച്‌ ഒന്നാം സ്ഥാനക്കാരായ നെതർലാൻഡ്‌സിനെ കാത്തരിക്കുന്നത് ഗ്രൂപ്പ് ഡിയിലെ മൂന്നാം സ്ഥാനക്കാരായ ചെക്ക് റിപ്പബ്ലിക്കാണ്. ഡച്ച് ടീമിന് മത്സരം അത്ര കടുപ്പമുള്ളതല്ലെങ്കിലും ഡി ഗ്രൂപ്പിൽ മികച്ച പ്രകടനം തന്നെയാണ് ചെക് റിപ്പബ്ലിക് പുറത്തെടുത്തത്. 2004ലെ സെമിഫൈനൽ നേട്ടം പോലൊരു പ്രകടനം ആണ് ചെക് റിപ്പബ്ലിക് ലക്ഷ്യം വെക്കുന്നത്.

  ഗ്രൂപ്പ് ബിയിൽ എല്ലാ കളികളും ജയിച്ച് വരുന്ന ബെൽജിയത്തിന് എതിരാളികൾ മരണ ഗ്രൂപ്പായ എഫിലെ മൂന്നാം സ്ഥാനക്കാരായ പോർച്ചുഗലാണ്. പ്രീക്വാർട്ടറിലെ തീപാറുന്ന പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മത്സരം ഇതായിരിക്കും. മികച്ച ഫോമിലുള്ള ലുക്കാക്കു, കെവിൻ ഡ്യു ബ്രിയനെ എന്നിവർക്ക് ഒപ്പം ഹസാർഡ് സഹോദരങ്ങളും അടക്കം ബെൽജിയം സുവർണ തലമുറ ഒരു കിരീടം തന്നെയാണ് ഇത്തവണ ലക്ഷ്യം വെക്കുന്നത്. അതേസമയം മൂന്നാമന്മാരായാണ് യോഗ്യത നേടിയതെങ്കിലും തകർപ്പൻ പ്രകടനമാണ് അവർ പുറത്തെടുത്തത്, 2016 ൽ കിരീടം നേടിയപ്പോഴും മൂന്നാമത് ആയാണ് ഗ്രൂപ്പിൽ നിന്നു യോഗ്യത നേടിയത് എന്നത് അവർക്ക് പ്രചോദനം ആവും. ഒപ്പം മിന്നും ഫോമിൽ ടീമിന് പ്രചോദനം ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനെ മുന്നിൽ നിന്നു നയിക്കുന്നുമുണ്ട്.

  ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യയും ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാർ ആയ സ്പെയിനും നേർക്കുനേർ വരുന്നത് മറ്റൊരു സൂപ്പർ മത്സരത്തിന് വഴിവെക്കും. പോരാട്ടവീര്യം കൈമുതലാക്കിയ ക്രൊയേഷ്യൻ നിരയും പന്ത് കൈവശം വച്ച് കളി സ്വന്തമാക്കുന്ന സ്പെയിനും മത്സരിക്കുമ്പോൾ കളിപ്രേമികൾക്ക് അതൊരു വിരുന്നാകും. പന്ത് കൈവശം വച്ച് ഗോളടിക്കാൻ മറക്കുന്ന പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞാൽ സ്‌പെയിൻ ക്രൊയേഷ്യക്ക് മുന്നിൽ വലിയ വെല്ലുവിളിയുയർത്തും.

  ഗ്രൂപ്പ് എഫ് ജേതാക്കളായ ഫ്രാൻസിന് ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡ് ആണ് എതിരാളികൾ. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനാണ് എല്ലാവരും ഈ ടൂർണമെന്റിലെ കിരീടം നേടാൻ കൂടുതൽ സാധ്യത കല്പിക്കപെടുന്നത്. പക്ഷെ ഫ്രഞ്ച് ടീം ഇതുവരെയും അവരുടെ യഥാർത്ഥ മികവിലേക്ക് ഉയർന്നിട്ടില്ല. ആ മികവ് പുറത്തെടുക്കാനായാൽ സ്വിസ് ടീമിനെ മറികടക്കുക അവർക്ക് പ്രയാസമുള്ള കാര്യമാവില്ല.

  ഗ്രൂപ്പ് ഡി ജേതാക്കൾ ആയി ഇംഗ്ലണ്ട് എത്തുമ്പോൾ അവരെ കാത്തിരിക്കുന്നത് ഗ്രൂപ്പ് എഫിൽ നിന്നു രണ്ടാം സ്ഥാനക്കാരായ ജർമനിയാണ്. പേരുകേട്ട നിരയാണ് ഇംഗ്ലണ്ട് ടീമിനുള്ളതെങ്കിലും അതിനൊത്ത പ്രകടനം അവര്ക്ക് ഇതുവരെയും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം മരണഗ്രൂപ്പിലെ പോരാട്ടച്ചൂടിന്റെ അനുഭവുമായാണ് ജർമനി ഇറങ്ങുന്നത്.

  ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായ സ്വീഡന് മികച്ച മൂന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് സിയിൽ നിന്നു യോഗ്യത നേടിയ ഉക്രെയ്നാണ് എതിരാളികൾ. ഗ്രൂപ്പ് ഇയിൽ സ്‌പെയിൻ, പോളണ്ട് ടീമുകളെ മറികടന്ന് വരുന്ന സ്വീഡൻ മികച്ച ഫോമിലാണ്. എമിൽ ഫോർസ്ബർഗ്മി, മിന്നും പ്രകടനം നടത്തുന്ന യുവതാരം അലക്‌സാണ്ടർ ഇസാക്ക് എന്നിവരിലാണ് സ്വീഡന്റെ മുഴുവൻ പ്രതീക്ഷകളും. ഗ്രൂപ്പ് സിയിൽ ഡച്ച് ടീമിനെതിരെ പുറത്തെടുത്ത പോരാട്ടവീര്യം ഉക്രെയ്നെ അത്രപെട്ടെന്ന് എഴുതിത്തള്ളാൻ കഴിയില്ല എന്നത് കാണിച്ചു തരുന്നു.

  നാളെ മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്.

  പ്രീക്വാർട്ടർ മത്സരങ്ങൾ

  ജൂൺ 26, ശനിയാഴ്ച: വെയിൽസ് vs ഡെന്മാർക്ക് - 9:30 PM

  ജൂൺ 27, ഞായർ: ഇറ്റലി vs ഓസ്ട്രിയ - 12:30 AM
  നെതർലൻഡ്സ് vs ചെക്ക് റിപ്പബ്ലിക്ക് - 9.30 PM

  ജൂൺ 28, തിങ്കൾ : ബെൽജിയം vs പോർച്ചുഗൽ - 12.30 AM
  ക്രൊയേഷ്യ vs സ്പെയിൻ - 9.30 PM

  ജൂൺ 29, ചൊവ്വ : ഫ്രാൻസ് vs സ്വിട്സർലാൻഡ് - 12.30 AM
  ഇംഗ്ലണ്ട് vs ജർമനി - 9.30 PM

  ജൂൺ 30, ബുധൻ : സ്വീഡൻ vs ഉക്രൈൻ- 12.30 AM

  Summary

  Round of 16 matches to start from tomorrow as Wales faces Denmark
  Published by:Naveen
  First published: