ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ 29ാം പിറന്നാളാണ് ഇന്ന്. കുറഞ്ഞ കാലത്തിനിടയിൽ ഇന്ത്യൻ ബൗളിങ് നിരയിലെ കരുത്തനായ സാന്നിധ്യമായി മാറിയ താരമാണ് സിറാജ്. 2020-21 ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ വമ്പൻ പ്രകടനമാണ് സിറാജിനെ ഇതിനു സഹായിച്ചത്.
കരിയറിൽ മികച്ച പ്രകടനം നടത്തുമ്പോഴും വ്യക്തിജീവിതത്തിൽ നഷ്ടങ്ങളുടേയും അധിക്ഷേപത്തിന്റെയും സമയം കൂടിയായിരുന്നു സിറാജിനെ സംബന്ധിച്ച് ഓസ്ട്രേലിയൻ പര്യടനം.
തന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലുള്ളപ്പോഴാണ് താരത്തിന്റെ പിതാവിന്റെ മരണം. പിതാവിനെ അവസാനമായി കാണാനാകാത്തത്തിന്റെ പ്രയാസം, ഇതിനിടയിൽ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ സമ്മർദ്ദം. ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നുവെന്ന് സിറാജ് പറയുന്നു.
ആർസിബി സീസൺ 2 പോഡ്കാസ്റ്റിൽ സംസാരിക്കവേയായിരുന്നു സിറാജ് ജീവിതത്തിലെ തിക്താനുഭവങ്ങളെ കുറിച്ച് പറഞ്ഞത്. കോവിഡിനെ തുടർന്ന് ബയോ ബബിളിലായിരുന്നു താരങ്ങൾ കഴിഞ്ഞിരുന്നത്.
“ഓസ്ട്രേലിയയിൽ ബയോ ബബിളിൽ ആയിരുന്നതിനാൽ മറ്റ് കളിക്കാരെ കാണാനോ അവരുടെ മുറിയിൽ പോകാനോ കഴിയില്ല. വീഡിയോ കോളിലൂടെയാണ് പരസ്പരം സംസാരിച്ചിരുന്നത്. ഇന്ത്യൻ ടീമിന്റെ മുൻ ഫീൽഡിങ് കോച്ചായിരുന്ന സുധീർ സർ സ്ഥിരമായി വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. അത് വലിയ ആശ്വാസമായിരുന്നു. പിന്നെ സ്ഥിരമായി വിളിച്ചിരുന്നത് ഞാനുമായി വിവാഹം ഉറപ്പിച്ചിരുന്ന പെൺകുട്ടിയാണ്. ഫോണിൽ സംസാരിക്കുമ്പോൾ ഞാൻ കരയാറില്ല, പക്ഷേ പലപ്പോഴും മുറിയിൽ ഒറ്റയ്ക്കിരുന്ന് കരഞ്ഞതിനു ശേഷമാണ് അവരുമായി സംസാരിച്ചിരുന്നത്.
ഈ സമയത്താണ് പിതാവിന്റെ മരണവും. പിതാവ് മരിച്ച അടുത്ത ദിവസം പരിശീലനത്തിനായി എത്തിയപ്പോൾ രവി ശാസ്ത്രി ആശ്വസിപ്പിച്ചു. എനിക്ക് പിതാവിന്റെ അനുഗ്രഹമുണ്ടെന്നും മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ബ്രിസ്ബെയ്നിൽ ഞാൻ അഞ്ച് വിക്കറ്റുകൾ നേടിയപ്പോൾ രവി ശാസ്ത്രി പറഞ്ഞതു പോലെ തന്നെ സംഭവിച്ചു.
ക്രിക്കറ്റിൽ താൻ വിജയങ്ങൾ കീഴടക്കമണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിതാവ് മുഹമ്മദ് ഗൗസ് ആണ്. താൻ കഠിനാധ്വാനം ചെയ്യുന്നതിൽ അദ്ദേഹത്തിന് അഭിമാനവും സന്തോഷവുമായിരുന്നുവെന്നും സിറാജ് പറഞ്ഞു.
ഓസ്ട്രേലിയയിൽ നേരിട്ട വംശീയ അധിക്ഷേപത്തെ കുറിച്ചും സിറാജ് പോഡ്കാസ്റ്റിൽ മനസ്സ് തുറന്നു. സിഡ്നിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആയിരുന്നു സംഭവം.
“കരിങ്കുരങ്ങ് എന്നൊക്കെയായിരുന്നു കാണികളിൽ ചിലർ വിളിച്ചിരുന്നത്. മദ്യപിച്ചവരായിരിക്കും എന്നു കരുതി ആദ്യത്തെ ദിവസം അത് അവഗണിച്ചു. എന്നാൽ, രണ്ടാമത്തെ ദിവസവും ഇത് തുടർന്നപ്പോൾ അമ്പയറെ സമീപിച്ച് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അജിങ്ക്യാ രഹാനേയോട് പറഞ്ഞു. അദ്ദേഹമാണ് അമ്പയറെ സമീപിച്ചത്.
പ്രശ്നം പരിഹരിക്കുന്നതു വരെ ഫീൽഡിൽ നിന്നും വിട്ടു നിൽക്കാമെന്നായിരുന്നു അമ്പയറിന്റെ പ്രതികരണം. എന്നാൽ, തങ്ങളല്ല, പ്രകോപനമുണ്ടായക്കിയവരാണ് മാറി നിൽക്കേണ്ടത് എന്ന നിലപാടായിരുന്നു രഹാനെയുടേത്”.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.