നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli| കിംഗ് കോഹ്‌ലിക്ക് ഇന്ന് 33ാ൦ പിറന്നാൾ; ആശംസകളുമായി ആരാധകർ

  Virat Kohli| കിംഗ് കോഹ്‌ലിക്ക് ഇന്ന് 33ാ൦ പിറന്നാൾ; ആശംസകളുമായി ആരാധകർ

  ലോകകപ്പിൽ നിരാശപ്പെടുത്തുന്ന തോൽവികൾ കാരണം ഏറെ വിമർശനം കേൾക്കേണ്ടി വന്ന ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ജന്മദിനത്തിൽ മികച്ച പ്രകടനം നടത്തി അതിനെല്ലാം മറുപടി കൊടുക്കാൻ കൂടിയാകും ലക്ഷ്യമിടുന്നത്.

  • Share this:
   ടി20 ലോകകപ്പിന്റെ ( ICC T20 World Cup) ആവേശത്തിനിടയിൽ നിൽക്കുന്ന ഇന്ത്യൻ ആരാധകർക്ക് ആവേശമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (Virat Kohli) ജന്മദിനം. ഇന്ത്യൻ ക്യാപ്റ്റന്റെ ജന്മദിനത്തിൽ സ്കോട്‍ലൻഡിനെതിരെ നിർണായക മത്സരത്തിനായി ഇന്ത്യ (Team India) കളത്തിൽ ഇറങ്ങുന്നുണ്ട് എന്നത് ആരാധകരുടെ ആവേശം ഇരട്ടിക്കുന്നു. 33ാ൦ ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യൻ ക്യാപ്റ്റന് പിറന്നാൾ സമ്മാനമായി ഇന്ത്യൻ ടീം വമ്പൻ ജയം തന്നെ നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജന്മദിനത്തിൽ തകർപ്പൻ പ്രകടനം നടത്തി കോഹ്ലി വിരുന്നൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കോഹ്‌ലിക്ക് ആശംസകളുമായി എത്തുകയാണ് ആരാധകർ.

   മകൾ വാമിക ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് കോഹ്ലി ആഘോഷിക്കുന്നത്. ലോകകപ്പിൽ നിരാശപ്പെടുത്തുന്ന തോൽവികൾ കാരണം ഏറെ വിമർശനം കേൾക്കേണ്ടി വന്ന ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ജന്മദിനത്തിൽ മികച്ച പ്രകടനം നടത്തി അതിനെല്ലാം മറുപടി കൊടുക്കാൻ കൂടിയാകും ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ ജയം നേടി തിരിച്ചുവരവിന്റെ പാതയിലാണ് ഇന്ത്യൻ ടീം. ഇന്നത്തെ മത്സരത്തിലും കോഹ്‌ലിയും സംഘവും ഇത് തുടരാനാകും അവർ ലക്ഷ്യമിടുന്നത്.

   ക്രിക്കറ്റ് ലോകത്ത് വലിയ ആരാധക പിന്തുണയുള്ള താരമാണ് കോഹ്ലി. അതുകൊണ്ട് തന്നെ ഇന്ത്യൻ ക്യാപ്റ്റന് ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ അവരുടെ ആശംസകൾ അറിയിക്കുന്നുണ്ട്.'#HappyBirthdayViratKohli' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാമതായി നിൽക്കുന്നത് ഈ ആരാധക പിന്തുണയുടെ തെളിവാണ്. കോഹ്‌ലിക്ക് ആശംസ നേർന്നുകൊണ്ടുള്ള ആരാധകരുടെ പോസ്റ്റുകളും വീഡിയോകളും സമൂഹ മാധ്യമങ്ങൾ കീഴടക്കുകയാണ്.





   ടി20 ലോകകപ്പോടെ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. ജോലിഭാരം കണക്കിലെടുത്താണ് കോഹ്ലി ഈ തീരുമാനം എടുക്കുന്നതായി അറിയിച്ചത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‌ലിയുടെ അവസാന ഐപിഎൽ ആയിരുന്നു അടുത്തിടെ കഴിഞ്ഞത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കോഹ്ലി, ടീമിനെ മികച്ച രീതിയിൽ നയിക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങിൽ പഴയ ആധിപത്യം തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ ക്യാപ്റ്റന് കഴിഞ്ഞിട്ടില്ല. നിർണായക ഇന്നിങ്‌സുകൾ കളിക്കുന്നുണ്ടെങ്കിലും അവയെ വലിയ സ്കോറുകളിലേക്ക് മാറ്റിയെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റന് അടുത്ത കാലത്തായി സാധിക്കുന്നില്ല. ക്രിക്കറ്റിൽ ഏതെങ്കിലുമൊരു ഫോർമാറ്റിൽ കോഹ്ലി സെഞ്ചുറി നേടിയിട്ട് രണ്ട് വർഷക്കാലമായി. 2019ൽ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റിൽ സെഞ്ചുറി നേടിയതിന് ശേഷം പിന്നീട് കോഹ്‌ലിക്ക് മൂന്നക്കം കടക്കാൻ കഴിഞ്ഞിട്ടില്ല.


   അന്താരാഷ്ട്ര ടി20യിൽ ഇതുവരെയായിട്ടും സെഞ്ചുറി നേടിയിട്ടില്ലാത്ത ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ജന്മദിനത്തിൽ, ഇന്ത്യ നിർണായക മത്സരത്തിൽ സ്കോട്‍ലൻഡിനെ നേരിടാൻ ഇറങ്ങുമ്പോൾ ആ കുറവ് നികത്തുമോ എന്നത് കൂടിയാണ് ആരാധകർ ഉറ്റുനോക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ബാറ്റിങ്ങിൽ വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നെങ്കിലും കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. കഴിഞ്ഞ കളിയിൽ മറ്റ് ഇന്ത്യൻ ബാറ്റർമാർ അടിച്ചുതകർക്കുന്നത് കാഴ്ചക്കാരനായി നോക്കി നിന്ന കോഹ്ലി ഇന്ന് അവർക്കൊപ്പം തകർത്തടിക്കുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്.

   33ാ൦ ജന്മദിനം ആഘോഷിക്കുന്ന 'കിംഗ്' കോഹ്‌ലിക്ക് എല്ലാ ഭാവുകങ്ങളും.
   Published by:Naveen
   First published:
   )}