കളിക്കളത്തിന് അകത്തും പുറത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, ഇന്ത്യയിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ വിരേന്ദർ സെവാഗിന് (Virender Sehwag) ഇന്ന് 43 വയസ് തികയുകയാണ്. ക്രിക്കറ്റ് ക്രീസിൽ ആക്രമണോത്സുകമായ പ്രകടനത്തിലൂടെ ബൗളർമാരുടെ പേടിസ്വപ്നമായി മാറിയ ബാറ്റ്സ്മാൻ ആയിരുന്നു സെവാഗ്.
ക്രിക്കറ്റ് ഗ്രൗണ്ടിലെ കളിജീവിതത്തിന് വിരാമമിട്ടെങ്കിലും സെവാഗ് ഇന്നും സമൂഹ മാധ്യമങ്ങളുടെ പ്ലേഗ്രൗണ്ടിൽ നിറഞ്ഞാടുന്ന വ്യക്തിത്വമാണ്. സരസമായ സംഭാഷണരീതി കൊണ്ടും നർമബോധം കൊണ്ടും മുമ്പ് തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള സെവാഗ് തന്റെ സഹ ക്രിക്കറ്റ് താരങ്ങളെയും ആരാധകരെയും ഇന്നും സമൂഹ മാധ്യമങ്ങളിലൂടെ രസിപ്പിച്ചു കൊണ്ടിരിക്കുന്നു.
13 വർഷക്കാലം നീണ്ടുനിന്ന കരിയറിൽ സെവാഗ് 104 ടെസ്റ്റ് മത്സരങ്ങളിലും 251 ഏകദിന മത്സരങ്ങളിലും 19 ടി20 മത്സരങ്ങളിലും 104 ഐപിഎൽ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മാത്രം 23 സെഞ്ചുറികളുടെയും ആറ് ഇരട്ട സെഞ്ചുറികളുടെയും രണ്ട് ട്രിപ്പിൾ സെഞ്ചുറികളുടെയും പിൻബലത്തോടെ സെവാഗ് നേടിയത് 8,586 റൺസാണ്. ആവേശം നിറഞ്ഞ ഏകദിന ഇന്നിങ്‌സുകളിൽ സെവാഗ് അടിച്ചുകൂട്ടിയത് 8,273 റൺസാണ്. അതിൽ 15 സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും ഉൾപ്പെടുന്നു.
Also read- T20 World Cup| ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? കാരണം വ്യകത്മാക്കി സെവാഗ്അന്താരാഷ്ട്ര ക്രിക്കറ്റിൽ മാത്രമല്ല, ഇന്ത്യൻ പ്രീമിയർ ലീഗിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിട്ടുള്ള താരമാണ് സെവാഗ്. ബാറ്റിങിന് പുറമെ ബൗളിങിലും തന്റെ വഴക്കം പല തവണ തെളിയിച്ചിട്ടുള്ള അദ്ദേഹം മികച്ച ഓൾ റൗണ്ടർമാരുടെ പട്ടികയിലും മുൻനിരയിൽ തന്നെ ഉണ്ടാകും. ടെസ്റ്റ് ക്രിക്കറ്റിൽ 40 വിക്കറ്റുകൾ നേടിയിട്ടുള്ള ഈ വലംകൈയൻ ബൗളർ ഏകദിന മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളത് 96 വിക്കറ്റുകളാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു തവണ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഐപിഎൽ മത്സരങ്ങളിൽ ആറ് ബാറ്റ്സ്മാൻമാരെയാണ് അദ്ദേഹം തന്റെ ബൗളിങ് മികവിലൂടെ ക്രീസിൽ നിന്ന് പുറത്തേക്ക് അയച്ചിട്ടുള്ളത്.
'നജഫ്ഗഡിലെ നവാബ്' എന്ന വിശേഷണത്തിന് കൂടി ഉടമയായ സെവാഗ് തന്റെ നർമം ചാലിച്ച കമന്റുകളുടെ പേരിലും പ്രശസ്തനാണ്. കമന്ററി ബോക്സിൽ നിന്ന് മത്സരങ്ങളുടെ തത്സമയ വിവരണം നടത്തുമ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോഴുമെല്ലാം അദ്ദേഹത്തിന്റെ നർമബോധം ആസ്വദിക്കാൻ ആരാധകർക്ക് അവസരം ലഭിച്ചിട്ടുണ്ട്.
Also read- MS Dhoni | ഒരങ്കത്തിന് കൂടിയുള്ള ബാല്യമുണ്ട്; ധോണി അടുത്ത ഐപിഎല്ലിലും ചെന്നൈക്കായി കളിക്കണമെന്ന് സെവാഗ്43 -ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ ആരാധകരുടെ സ്വന്തം 'വീരുവിന്റെ' ഫലിതം നിറഞ്ഞ ചില ട്വീറ്റുകളിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.
2016 ഒക്ടോബറിൽ ഒരു കബഡി മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിനെ തുടർന്ന് സെവാഗ് ഇംഗ്ലണ്ടിനെ ട്രോളിയിരുന്നു. ഒരു ലോകകപ്പിലും കൂടി ഇംഗ്ലണ്ട് തോറ്റിരിക്കുന്നു എന്നായിരുന്നു ആ ട്വീറ്റിൽ സെവാഗ് എഴുതിയത്.
രവിചന്ദ്രൻ അശ്വിനെ അഭിനന്ദിക്കുന്ന ഒരു ട്വീറ്റിൽ അദ്ദേഹത്തെ സ്നേഹത്തോടെ ഒന്ന് കളിയാക്കാനും വീരു മറന്നില്ല.
വിനോദ് ഖന്നയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് പ്രാസമൊപ്പിച്ച് കുറിച്ച വാചകങ്ങൾ ആരെയും ഒന്ന് പുഞ്ചിരിപ്പിക്കും.
വിവാഹം സംബന്ധിച്ച് ക്രിക്കറ്റിന്റെ ഭാഷയിൽ ഒരു ഉപദേശം നൽകിയാൽ എങ്ങനെയിരിക്കും! വീരുവിന് മാത്രം സാധ്യമായ വിരുത്.
ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്താൽ പുളകം കൊള്ളിച്ച പ്രതിഭയ്ക്ക് ജന്മദിനാശംസകൾ!
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.