മുംബൈ: ടെലിവിഷന്‍ ഷോയ്ക്കിടെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയെ സസ്പെന്‍ഡ് ചെയ്തേക്കും. താരത്തെ രണ്ടുകളികളില്‍ നിന്നു വിലക്കണമെന്ന് വിനോദ് റായി ശുപാര്‍ശ ചെയ്തു. കഴിഞ്ഞദിവസം ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയിലെ പരാമര്‍ശങ്ങളാണ് ഹര്‍ദ്ദിക്കിനെ കുടുക്കിയത്.
താരങ്ങളുടെ വിശദീകരണം തൃപ്തികരമല്ലെന്നും നടപടി എടുക്കണമെന്നുമാണ് ബിസിസിഐ ഉന്നതധികാര സമിതി ചെയര്മാന് വിനോദ് റായി ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ദ്ദിക്കിനു പുറമെ കെഎല്‍ രാഹുലിനെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്.
സ്വാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിച്ചതിന് ഹര്‍ദ്ദിക്കിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിസിസിഐ വിഷയത്തില്‍ ഇടപെട്ടത്. നേരത്തെ സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞും ഹര്‍ദ്ദിക്ക് രംഗത്തെത്തിയിരുന്നു.
'കോഫി വിത്ത് കരണില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. സത്യസന്ധമായി പറയുകയാണ്, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല അത്' എന്നായിരുന്നു പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.