ഇന്ത്യൻ ടീമിലെ സ്റ്റാർ ഓൾറൗണ്ടർമാരാണ് റവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും. പരിക്കിൽ നിന്ന് മോചിതനായ രവീന്ദ്ര ജഡേജ തന്റെ ഫോം മികച്ച രീതിയിൽ തുടർന്നുകൊണ്ടിരിക്കുമ്പോഴും ശസ്ത്രക്രിയക്ക് ശേഷം ടീമിലെത്തിയ പാണ്ഡ്യ പഴയകാല ഫോമിന്റെ നിഴൽ മാത്രമായി മാറിക്കൊണ്ടിരിക്കുന്നതാണ് ഐ പി എല്ലിലും നാം കണ്ടത്. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരം തന്റെ ഫാസ്റ്റ് ബൗളിംഗിലും ടീമിന് ഏറെ നിര്‍ണ്ണായക വിജയങ്ങള്‍ കരിയറില്‍ നേടി തന്നിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിലേക്ക് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഹാർദിക്കിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ബൗൾ ചെയ്യാൻ കഴിയില്ലെങ്കിൽ ഹാർദിക് പാണ്ഡ്യയെ ഏകദിന, ടി20 ടീമുകളിലേക്കും പരിഗണിക്കരുതെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടർ ശരൺദീപ് സിങ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയ ബി സി സി ഐയുടെ തീരുമാനത്തെയും ശരൺദീപ് സിങ് പിന്തുണച്ചു.
Also Read-
ഭുവനേശ്വർ കുമാർ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നു; പരിമിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുംഫീല്ഡിങ്ങില് ഏറെ മുന്നേറ്റം നടത്തുന്ന ഹാർദിക്കിനെ ഇതിഹാസ താരം കപില്‍ ദേവുമായി പല ക്രിക്കറ്റ് ആരാധകരും ഉപമിക്കാറുണ്ട്. എന്നാൽ പരിക്കിന്റെ പിടിയിൽ അകപ്പെട്ടതിന് ശേഷം താരത്തിന് പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരകളിൽ ഹാർദിക്കിന് അധികം ഓവറുകൾ നൽകാതിരുന്നത് അദേഹത്തിന്റെ ജോലിഭാരം കുറയ്ക്കാൻ വേണ്ടിയാണെന്ന് ഇന്ത്യൻ നായകൻ കോഹ്ലി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ വിമർശനങ്ങൾ അന്നും ഉയർന്ന് വന്നിരുന്നു. വിരേന്ദർ സെവാഗ് ഉൾപ്പെടെയുള്ള മുൻ താരങ്ങൾ ശക്തമായ രീതിയിൽ കോഹ്ലിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. എന്നാൽ ഹാർദിക് ചെയ്ത ഓവറുകൾ എല്ലാം മികച്ചു നിന്നിരുന്നു.
ഇനിയും ടീമിനായി ബൗള്‍ ചെയ്യാനാവില്ലെങ്കില്‍ ഒരിക്കലും ഹാര്‍ദിക് പാണ്ഡ്യയെ ഏകദിന, ടി20 ടീമുകളിലേക്കും പരിഗണിക്കരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ സെലക്ടറായ ശരണ്‍ദീപ് സിങ്ങ് അഭിപ്രായപെട്ടതാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാരവിഷയം. 'ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ എല്ലാവരും ഹാര്‍ദികിനെ കേവലം ഒരു ബാറ്റ്സ്മാനായി മാത്രമാണ് പരിഗണിക്കുന്നത്. പക്ഷേ ഇപ്പോള്‍ ടീമില്‍ അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജഡേജ എന്നിവര്‍ മികച്ച ഓൾ റൗണ്ടര്മാരായിട്ടുള്ളപ്പോള് എന്തിന് ഹാര്‍ദിക്കിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്തണം. ഈ സാഹചര്യത്തില്‍ ഹാർദിക്കിന് ഏകദിന, ടി20 ടീമുകളില്‍ ഇനിയും ബാറ്റ്സ്മാനെന്ന നിലയില്‍ മാത്രം ഇടം നല്‍കാനാവില്ല'-മുന്‍ ഇന്ത്യന്‍ സെലക്ടര്‍ വിമര്‍ശനം കടുപ്പിച്ചു.
ഇത്തവണത്തെ ഐ പി എല്ലില്‍ ഓരോവര്‍ പോലും മുംബൈ ടീമിനായി എറിയാതിരുന്ന താരം ബാറ്റിങ്ങിലും അത്ര മികച്ച ഫോമിലല്ലായിരുന്നു. മുംബൈ ഇന്ത്യൻസ് ടീം ഡയറക്ടർ സഹീർ ഖാൻ ഹാർദിക് എത്രയും പെട്ടെന്ന് തന്നെ ബോളിങ്ങിലേക്ക് തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടന്നിരുന്നില്ല. 2019ല്‍ താരത്തിനേറ്റ പരിക്ക് ക്രിക്കറ്റ് ലോകത്തേറെ ചര്‍ച്ചയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഹാര്‍ദിക് പിന്നീട് സ്ഥിരമായി ഒരിക്കലും പന്തെറിഞ്ഞിരുന്നില്ല.
News summary: Hardik Pandya doesn't fit into playing XI even in ODIs and T20s if he can't bowl: Sarandeep Singh.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.