ഈ വർഷം ഓസ്ട്രേലിയയിൽ (Australia) നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യൻ ടീമിൽ (Indian Cricket Team) ആരെയൊക്കെ ഉൾപ്പെടുത്തണമെന്നതാണ് ടീമിന്റെ പരിശീലകനായ ദ്രാവിഡും (Rahul Dravid) സെലക്ടർമാരും നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. പ്രമുഖ താരങ്ങളിൽ ചിലരുടെ സമീപകാലത്തെ മോശം പ്രകടനവും ചില താരങ്ങളുടെ തകർപ്പൻ പ്രകടനവുമാണ് ഇതിന് കാരണം.
അങ്ങനെയിരിക്കെ ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ (Sanju Samson) ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി (Ravi Shastri). ഓസ്ട്രേലിയയിലെ സാഹചര്യങ്ങളിൽ ലോകോത്തര ബൗളർമാർക്ക് ഭീഷണി ഉയർത്താൻ പോന്ന താരങ്ങളിൽ ഒരാളാണ് സഞ്ജുവെന്ന് പറഞ്ഞ ശാസ്ത്രി, മറ്റേത് ഇന്ത്യൻ താരത്തെക്കാളും ഷോട്ടുകൾ സഞ്ജുവിന്റെ പക്കലുണ്ടെന്നും കൂട്ടിച്ചേർത്തു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അവിടെ പേസും ബൗൺസും നിർണായകമാണ്. അതുകൊണ്ട് തന്നെ ഷോർട്ട് പിച്ച് പന്തുകൾക്ക് നിർണായക റോളുണ്ട്. രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവർ തമ്മിലാകും ടീമിലെ സ്ഥാനത്തിനായി മത്സരിക്കുന്നത്. പക്ഷേ, ഓസ്ട്രേലിയയിലെ ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സഞ്ജുവാണ് കൂടുതൽ അപകടകാരി. മത്സരങ്ങൾ ജയിപ്പിക്കാൻ സഞ്ജുവിന് സാധിക്കും.'
'കട്ട് ഷോട്ടുകളും പുൾ ഷോട്ടുകളുമായി അത്തരം വിക്കറ്റുകളിൽ മികച്ച രീതിയിൽ കളിക്കാൻ സഞ്ജുവിന് സാധിക്കും. ഓസ്ട്രേലിയൻ പിച്ചുകളിൽ കാര്യമായ മൂവ്മെന്റുകളൊന്നും ഉണ്ടാകില്ല. പന്ത് ബാറ്റിലേക്ക് വരാൻ ഇഷ്ടപ്പെടുന്ന താരമാണെന്നിരിക്കെ അത്തരം സാഹചര്യങ്ങളിൽ തിളങ്ങാൻ സഞ്ജുവിന് കഴിയും. സത്യം പറഞ്ഞാൽ ഓസ്ട്രേലിയൻ പിച്ചുകളിൽ മറ്റേത് ഇന്ത്യൻ താരത്തെക്കാളും കൂടുതൽ ഷോട്ടുകൾ സഞ്ജുവിന്റെ പക്കലുണ്ട്.’– ശാസ്ത്രി പറഞ്ഞു.
Also read-
IND Vs SA| തിരിച്ചടിച്ച് വാൻഡർ ഡസനും (75*) മില്ലറും (64*) ; വമ്പൻ സ്കോർ മറികടന്ന് ദക്ഷിണാഫ്രിക്കക്ക് വിജയം
ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവര്‍ കളിക്കില്ലെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. ലോകകപ്പിന് മുമ്പായി നിരവധി ടി20 പരമ്പരകൾ ഇന്ത്യ കളിക്കുന്നുണ്ട്. ഓരോ താരങ്ങളെയും പരീക്ഷിക്കാനും അവരിൽ നിന്ന് മികച്ചവരെ തിരഞ്ഞെടുത്ത് ലോകകപ്പിന് ശക്തമായ ടീം രൂപീകരിക്കാനുള്ള അവസരമാണ് ഈ പരമ്പരകളിലൂടെ മാനേജ്മെന്റിന് ലഭിക്കുന്നതെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.