ഇത്തവണത്തെ ടി20 ലോകകപ്പിലെ (T20 World Cup) ഓസ്ട്രേലിയ- പാകിസ്ഥാന് (Australia vs Pakistan) സെമിഫൈനല്‍ മത്സരം ആവേശകരമായ മുഹൂര്‍ത്തങ്ങളാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്. മത്സരത്തില്‍ ഓസീസ് താരം മാത്യു വെയ്ഡ് (Matthew Wade) നായകനായപ്പോള്‍ പാകിസ്ഥാന് താരം ഹസന് അലി(Hasan Ali) ദുരന്തനായകനായി മാറുകയായിരുന്നു.
മത്സരത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ ഹസന് അലി, പത്തൊമ്പതാം ഓവറില്‍ ഓസീസിനെ ജയിപ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച മാത്യൂ വെയ്ഡിന്റെ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തു. ഇതിനു പിന്നാലെ തുടര്‍ച്ചയായി പാകിസ്ഥാന് സൂപ്പര്‍ ബോളറായ ഷഹീന് അഫ്രീദിയെ തുടരെ മൂന്ന് സിക്സ് പറത്തിയാണ് വെയ്ഡ് പാകിസ്ഥാനില്‍ നിന്ന് വിജയം പറിച്ചെടുത്തത്. ഇതോടെ ഹസന് അലിക്കെതിരെ അധിക്ഷേപവും വിമര്‍ശനവുമായി പാക് ആരാധകരും രംഗത്തെത്തുകയായിരുന്നു.
മത്സരത്തിലെ 19ാം ഓവറില്‍ മൂന്നാമത്തെ പന്തില്‍ മിഡ് വിക്കറ്റിലേക്ക് മാത്യു വെയ്ഡ് അടിച്ചതെങ്കിലും ടൈമിങ് തെറ്റിയതോടെ, ഹസന് അലിക്ക് ക്യാച്ച് ചെയ്യാനുള്ള അവസരമായി മാറി. എന്നാല്‍ ഓടിയെത്തിയ ഹസന് അലിക്ക് പിഴച്ചതോടെ, മാത്യു വെയ്ഡിന് ലൈഫ് ലഭിക്കുകയായിരുന്നു.
ഇപ്പോള്‍ സംഭവത്തില്‍ ഹസന് അലിയുടെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. 'നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് എന്റെ പ്രകടനം ഉയരാത്തതില്‍ നിങ്ങള്‍ അസ്വസ്ഥരാണെന്ന് എനിക്ക് അറിയാം. നിങ്ങളേക്കാള്‍ നിരാശനാണ് ഞാന്‍. എന്നിലുള്ള നിങ്ങളുടെ പ്രതീക്ഷ മാറ്റരുത്. ഏറ്റവും ഉയര്‍ന്ന നിലയില്‍ പാകിസ്ഥാന് ക്രിക്കറ്റിനായി സേവനം ചെയ്യണം എന്നാണ് എനിക്ക്. അതിനായി വീണ്ടും കഠിനാധ്വാനം ചെയ്യുന്നു. ഈ പരിക്ക് എന്നെ കൂടുതല്‍ കരുത്തനാക്കുന്നു.'- ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഹസന് അലി കുറിച്ചു.
میرا سینہ تیری حُرمت کا ہے سنگین حصار،
میرے محبوب وطن تُجھ پہ اگر جاں ہو نثار
میں یہ سمجھوں گا ٹھکانے لگا سرمایہِ تن،
اے میرے پیارے وطن 💚🇵🇰 pic.twitter.com/4xiTS0hAvx
— Hassan Ali 🇵🇰 (@RealHa55an) November 13, 2021
അതേസമയം മത്സരത്തിന് ശേഷം പാക് നായകന് ബാബര്‍ അസം ഹസന് അലിയെ പിന്തുണച്ചിരുന്നു. കൂടാതെ നിരവധി സഹതാരങ്ങളും വസീം അക്രമടക്കമുള്ള മുന്‍ താരങ്ങളും ഹസനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഹസന് അലിക്കും ഭാര്യക്കും നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യക്കാരിയാണ് ഹസന് അലിയുടെ ഭാര്യ. ഹസന് അലിയുടെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യക്കു വേണ്ടിയാണ് ഹസന് അലി ക്യാച്ച് വിട്ടതെന്നും ക്യാച്ച് വിടും മുന്‍പ് ഹസന് അലിയുടെ അക്കൗണ്ടില്‍ പണമെത്തിയെന്നും അടക്കം നിരവധി വിമര്‍ശനങ്ങളാണ് താരത്തിനെതിരെ വന്നത്.
കൂടാതെ, ഹസന് അലിയുടെ മാതാപിതാക്കളെ അടക്കം രൂക്ഷമായ ഭാഷയില്‍ അസഭ്യ വര്‍ഷം തുടരുകയാണ്. നേരത്തെ ഇന്ത്യ പാകിസ്ഥാനെതിരെ തോറ്റപ്പോള്‍, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഇന്ത്യന്‍ ആരാധകരും ഇത്തരത്തില്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. ഷമിയെ പിന്തുണച്ച, ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ മകളെ പീഡിപ്പിക്കുമെന്ന ഭീഷണിയും ഉയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ പിന്നീട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.