ഇന്ത്യ-ന്യൂസിലാന്‍ഡ് (India vs New Zealand) ടെസ്റ്റ് പരമ്പരയ്ക്ക് (Test series) നാളെ കാൺപൂരിൽ തുടക്കമാകാനിരിക്കെ തന്റെ ബാറ്റിംഗ് ഫോമിനെ കുറിച്ച് ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകി അജിങ്ക്യ രഹാനെ (Ajinkya Rahane). തന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അതിനാൽ ഫോമിനെക്കുറിച്ച് ആശങ്കയേതുമില്ലെന്നുമാണ് രഹാനെ പറഞ്ഞത്.
"ടീമിന് വേണ്ടി എനിക്ക് എന്ത് നൽകാൻ കഴിയുമെന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. എന്നാൽ അത് എല്ലാ മത്സരങ്ങളിലും സെഞ്ചുറി നേടണമെന്ന് അർത്ഥമാക്കുന്നില്ല, നിര്‍ണായക ഘട്ടങ്ങളിൽ ടീമിനായി സംഭാവന നൽകുക, മത്സരത്തിൽ നിർണായക ഘട്ടങ്ങളിൽ 30-40 റണ്‍സോ അല്ലെങ്കില്‍ 50-60 റണ്‍സോ നേടുക എന്നതാകും പ്രധാനപെട്ടതാവുക. എല്ലാറ്റിലും മുകളിൽ നിൽക്കുന്നത് ടീം എന്നത് തന്നെയാണ്. ടീമിനെ കുറിച്ചാണ് ഞാൻ ചിന്തിക്കാറുള്ളത്, എന്റെ വ്യക്തിപരമായ നേട്ടങ്ങളോ അല്ലെങ്കിൽ ഭാവിയിൽ എനിക്ക് എന്ത് സംഭവിക്കും എന്നുള്ളതോ ഞാൻ ചിന്തിക്കാറില്ല." രഹാനെ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ആദ്യത്തെ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത് രഹാനെയാണ്. ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്ലി ആദ്യത്തെ ടെസ്റ്റിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് അറിയിച്ചത് മൂലം വൈസ് ക്യാപ്റ്റനായ രഹാനെയെ ബിസിസിഐ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആക്കുകയായിരുന്നു. ഇന്ത്യൻ ടീമിനെ നയിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നെനും രഹാനെ പറഞ്ഞു.
"എന്‍റെ രാജ്യത്തെ നയിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാന്‍ തന്നെയാണ്, അതെനിക്ക് ലഭിച്ച വലിയ ബഹുമതിയായി ഞാന്‍ കാണുന്നു." - രഹാനെ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫോമിലെത്താൻ കഴിയാതെ വിഷമിക്കുന്ന രഹാനെയെ വിമർശിച്ച് ഗൗതം ഗംഭീർ അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. രണ്ട് വർഷമായി ഫോമിലേക്ക് ഉയരാൻ കഴിയാത്ത രഹാനെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഫോമിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷയെന്നും വിരാട് കോഹ്ലിയുടെ അഭാവത്തിൽ ടീമിനെ നയിക്കുന്നത് കൊണ്ട് മാത്രമാണ് താരം ടീമിൽ നിലനിൽക്കുന്നതെന്നു൦ അത് രഹാനെയുടെ ഭാഗ്യമാണെന്നുമാണ് ഗംഭീർ തുറന്നടിച്ചത്.
വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിലും ഇന്ത്യയെ നയിച്ചത് രഹാനെ ആയിരുന്നു. അന്ന് പ്രമുഖ താരങ്ങൾ ഇല്ലാതിരുന്നിട്ടും രഹാനെയുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയെ അവരുടെ മണ്ണിൽ തറപറ്റിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ആ പരമ്പരയിൽ മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയശേഷം രഹാനെയ്ക്ക് ടെസ്റ്റിൽ മൂന്നക്കം കടക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്ക് കേവലം ഒരു അർധസെഞ്ചുറി മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം നിരാശപ്പെടുത്തിയിരുന്നു. നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ 15.57 ശരാശരിയില്‍ 109 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്. ലോര്‍ഡ്സ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ 61 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം ഫോം മൂലം ടീമിലെ താരത്തിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നതെങ്കിലും വിരാട് കോഹ്ലിയുടെ അഭാവത്തിൽ പരിചയ സമ്പത്ത് കണക്കിലെടുത്ത് വൈസ് ക്യാപ്റ്റനായ താരത്തെ ക്യാപ്റ്റനായി നിലനിർത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ajinkya Rahane, Gautam Gambhir, IND vs NZ, India vs New Zealand Test Series