നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഹെയ്ഡന്‍ രണ്ട് മൂന്ന് വര്‍ഷത്തേക്ക് എന്നോട് മിണ്ടിയില്ല'; ഇന്ത്യ- ഓസ്‌ട്രേലിയ മത്സരങ്ങളിലെ സ്ലഡ്ജിങ്ങ് സംഭവങ്ങളെ വിശദീകരിച്ച് ഉത്തപ്പ

  'ഹെയ്ഡന്‍ രണ്ട് മൂന്ന് വര്‍ഷത്തേക്ക് എന്നോട് മിണ്ടിയില്ല'; ഇന്ത്യ- ഓസ്‌ട്രേലിയ മത്സരങ്ങളിലെ സ്ലഡ്ജിങ്ങ് സംഭവങ്ങളെ വിശദീകരിച്ച് ഉത്തപ്പ

  2007ലെ ടി20 ലോകകപ്പിനിടയ്ക്കും പിന്നീടുണ്ടായ ഏകദിന പരമ്പരയ്ക്കിടയിലും ഉണ്ടായ സ്ലഡ്ജിങ്ങിനെക്കുറിച്ചാണ് ഉത്തപ്പ തുറന്ന് പറഞ്ഞിരിക്കുന്നത്

  ഫയല്‍ ചിത്രം

  ഫയല്‍ ചിത്രം

  • Share this:
   ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആരാധകര്‍ എന്നും ആവേശത്തോടെ സ്വീകരിച്ച മത്സരങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടങ്ങള്‍. ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച താരനിരയുമായി ഏറ്റുമുട്ടുമ്പോള്‍ കളത്തില്‍ വാക്‌പോരുകളും നിത്യ സംഭവങ്ങളായിരുന്നു. ഇരു കൂട്ടരും തമ്മിലുള്ള മത്സരങ്ങളുടെ തീവ്രത കൂട്ടിയിരുന്നതും ഇത്തരം വാക്‌പോരുകളായിരുന്നു. ഇത്തരം വാക്‌പോരുകളെ ക്രിക്കറ്റില്‍ സ്ലഡ്ജിങ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

   സാധാരണ രീതിയില്‍ ഉള്ള കളിയാക്കലുകളും തമാശകളും ആവും പക്ഷേ മത്സരത്തിലെ തീവ്രത കൂടുന്നതിനനുസരിച്ച് സ്ലഡ്ജിങ്ങിലും മാറ്റങ്ങള്‍ വരും. ചിലപ്പോള്‍ അത് കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചെന്നാവും അവസാനിക്കുക. ക്രിക്കറ്റില്‍ സ്ലഡ്ജിങ്ങില്‍ മുമ്പന്മാര്‍ ഓസ്‌ട്രേലിയക്കാര്‍ തന്നെയാണ്. ഇന്ത്യയും ഇപ്പൊള്‍ സ്ലെഡ്ജിങ്ങില്‍ മോശക്കാരല്ല. കളത്തില്‍ അഗ്രസീവായി പെരുമാറുന്ന ക്യാപ്റ്റന്‍ കോഹ്ലിയുടെ കീഴില്‍ എന്ത് തരം സ്ലെഡ്ജിങ്ങുകളെയും നേരിടാന്‍ ഇന്ത്യന്‍ നിര തയാറാണ്. കളത്തിനുള്ളില്‍ നടക്കുന്ന സ്ലെഡ്ജിങ് വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമാണ് കളത്തിന് പുറത്തേക്കും പോയിട്ടുള്ളത്.

   ഇപ്പോഴിതാ ഓസ്ട്രേലിയന്‍ പരമ്പരയ്ക്കിടെ ഉണ്ടായ സ്ലഡ്ജിങ് സംഭവത്തെത്തുടര്‍ന്ന് ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡനുമായി രണ്ട് മൂന്ന് വര്‍ഷത്തോളം സംസാരിക്കാതിരുന്ന സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

   Also Read-ആർച്ചറിന് വീണ്ടും പരിക്ക്; ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമാകും

   2007ലെ ടി20 ലോകകപ്പിനിടയ്ക്കും പിന്നീടുണ്ടായ ഏകദിന പരമ്പരയ്ക്കിടയിലും ഉണ്ടായ സ്ലഡ്ജിങ്ങിനെക്കുറിച്ചാണ് ഉത്തപ്പ തുറന്ന് പറഞ്ഞിരിക്കുന്നത്. 'ആ പരമ്പരയില്‍ ഉണ്ടായ സ്ലെഡിങ് സംഭവങ്ങള്‍ എത്രത്തോളമെന്ന് പറയാന്‍ കഴിയില്ല. അന്ന് സഹീര്‍ ഖാനും മറ്റ് ചില പേസര്‍മാരുമായിരുന്നു പ്രധാനമായും പ്രശ്നം. ആ മത്സരത്തില്‍ ഗൗതം ഗംഭീറും സ്ലഡ്ജിങ് നടത്തിയിരുന്നു. ഞാന്‍ ആന്‍ഡ്രൂ സൈമണ്‍സിനോടും മിച്ചല്‍ ജോണ്‍സനോടും ബ്രാഡ് ഹാഡിനോടുമായെല്ലാം ഇത്തരത്തില്‍ വാക്‌പോരില്‍ ഏര്‍പ്പെട്ടു. അതില്‍ ഏറ്റവും രൂക്ഷമായ തര്‍ക്കം നടന്നത് മാത്യു ഹെയ്ഡനോടൊപ്പമാണ്. ഒരു ബാറ്റ്സ്മാനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഏറെ പ്രചോദനമായ ആളാണ് ഹെയ്ഡന്‍. അന്ന് ഞാന്‍ ബാറ്റ് ചെയ്യുന്നതിനിടക്ക് സ്റ്റെപ് ഔട്ട് ചെയ്ത് ഒരു ഷോട്ട് കളിച്ചിരുന്നു. ഹെയ്ഡന്‍ അപ്പോള്‍ എന്നെ സ്ലഡ്ജ് ചെയ്തു. അപ്പോള്‍ പ്രതികരിക്കാതിരുന്ന ഞാന്‍ ഹെയ്ഡന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ തിരിച്ചും സ്ലഡ്ജ് ചെയ്തു'-ഉത്തപ്പ പറഞ്ഞു.

   'ഇതിന് ശേഷം ഹെയ്ഡന്‍ എന്നോട് രണ്ട് മൂന്ന് വര്‍ഷം മിണ്ടാതിരുന്നു. എന്നോട് വളരെ ദേഷ്യത്തിലായിരുന്നു അദ്ദേഹം. അത് വല്ലാതെ വേദനിപ്പിച്ചു. ആ സമയത്ത് മത്സരത്തിന്റെ ആവേശത്തില്‍ സംഭവിച്ചതാണ്. അവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാക്കി മാറ്റാനാണ് ശ്രമിച്ചത്. മത്സരം ഞങ്ങള്‍ വിജയിച്ചു. പക്ഷെ എന്നെ ഏറെ സ്വാധീനിച്ച പലരുമായുള്ള ബന്ധം ആ ഒരു സംഭവത്തോടെ കുറഞ്ഞു.' ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

   Also Read-കളിക്കളത്തിലെ ഉത്കണ്ഠ മറികടന്നത് വീഡിയോ ഗെയിം കളിച്ച് - സച്ചിന്‍

   ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിറസാന്നിധ്യമായിരുന്നു റോബിന്‍ ഉത്തപ്പ. നടന്നുകയറി ഗാലറിയിലേക്ക് സിക്സര്‍ പായിക്കുന്ന ഉത്തപ്പ സ്റ്റൈല്‍ ഷോട്ട് ആരാധകരുടെ ആവേശമായിരുന്നു. 2007ലെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്കായിരുന്നു. കിരീടം നേടിയ ടീമില്‍ ഉത്തപ്പ അംഗമായിരുന്നു. പിന്നീട് ഫോം നഷ്ടപ്പെട്ട താരം ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. അതേസമയം, സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അവതാരകനായും കമന്റേറ്ററായും ഹെയ്ഡന്‍ സജീവമാണ്. ഉത്തപ്പ പിന്നീട് ദേശീയ ടീമില്‍ കളിച്ചില്ലെങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെ താരമാണ്. അഭ്യന്തര ക്രിക്കറ്റില്‍ താരം കേരളത്തിന് വേണ്ടിയാണ് കളിക്കുന്നത്.
   Published by:Jayesh Krishnan
   First published: