2022 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയെ നേരിടുന്ന നെതർലൻഡ്സിനുവേണ്ടി കളത്തിലിറങ്ങുന്ന ഡാലി ബ്ലൈൻഡ് രണ്ടുതവണ മൈതാനത്തുവെച്ച് ഹൃദയാഘാതത്തെ അതിജീവിച്ച താരം. തന്റെ 99-ാമത്തെ അന്താരാഷ്ട്ര മത്സരത്തിനായി ഇറങ്ങുമ്പോൾ ഡച്ച് നിരയിൽ ഉറച്ച പ്രതിരോധതാരമാണ് ഡാലി ബ്ലൈൻഡ്. 2019ലാണ് ബ്ലൈൻഡിന് രണ്ടുതവണ മൈതാനത്തുവെച്ച് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടർന്ന് വിദഗ്ദ ചികിത്സയിലൂടെ ജീവൻ രക്ഷപെട്ട ബ്ലൈൻഡ് പിന്നീട് നെഞ്ചിൽ ഇംപ്ലാന്റ് ചെയ്യാവുന്ന കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവിതത്തിൽ മുന്നോട്ടുപോകുന്നത്.
ഇപ്പോൾ സാധാരണ ജീവിതം നയിക്കാനാകുന്നതും ഫുട്ബോൾ കളിക്കാൻ സാധിക്കുന്നതുമെല്ലാം ഈ ഉപകരണത്തിന്റെ സഹായത്താലാണെന്നും ബ്ലൈൻഡ് പറയുന്നു. ഈ ഉപകരണം ക്രമരഹിതമായ ഹൃദയമിടിപ്പ് കണ്ടെത്തുകയും ഹൃദയസ്തംഭന സമയത്ത് ജീവൻ രക്ഷിക്കാൻ ഉതകുന്ന ഷോക്ക് നൽകുകയും ചെയ്യുന്നു.
മൈതാനത്ത് രണ്ട് ഹൃദയസ്തംഭനമുണ്ടായിട്ടും ബ്ലൈൻഡ് ഇപ്പോഴും കളിക്കുന്നത് ഡിഫ്രിബിലേറ്ററിന്റെ സഹായത്തോടെയാണ്. 2019-ൽ, ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് ഹൃദയാഘാതമുണ്ടായി ബ്ലൈൻഡ് കളിക്കളത്തിൽ കുഴഞ്ഞുവീണത്. അന്ന് സ്ട്രെച്ചറിൽ മൈതനാത്തുനിന്ന് പുറത്തേക്ക് പോയ ബ്ലൈൻഡ് കളിക്കളത്തിലേക്ക് തിരികെയെത്തുമെന്ന് ആരും കരുതിയിരുന്നില്ല.
“അന്ന് എല്ലാവരും എന്നെ ഭയത്തോടെ നോക്കുന്നത് നിങ്ങൾ കണ്ടു. എപ്പോഴും എന്നിൽ തങ്ങിനിൽക്കുന്ന എന്തോ ഒന്ന് എന്റെ അച്ഛൻ പകർന്നുതന്നിട്ടുള്ള ധൈര്യമായിരുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിൽ തോൽവി വഴങ്ങാൻ എനിക്കായില്ല, അന്ന് അച്ഛൻ ഒപ്പം നിന്നതുകൊണ്ടാണ് ചികിത്സയിലൂടെ അതിജീവനം കണ്ടെത്താൻ സാധിച്ചത്,” ‘നെവർ എഗെയ്ൻ സ്റ്റാൻഡിംഗ് സ്റ്റിൽ’ എന്ന ഡോക്യുമെന്ററിയിൽ ബ്ലൈൻഡ് പറഞ്ഞു.
ഡിഫിബ്രിലേറ്റർ കിട്ടിയതിന് ശേഷം, ഐസിഡി ഓഫായതിനാൽ ഒരുതവണകൂടി ബ്ലൈൻഡ് മൈതാനത്ത് കുഴഞ്ഞുവീണു. ഈ ഘട്ടത്തിൽ അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടതാണ്. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ബ്ലൈൻഡ് കളിക്കളത്തിലേക്ക് തിരികെയെത്തി.
Also Read- ആയിരം പെനാൽറ്റി കിക്കുകൾ പരിശീലിച്ച് സ്പെയിൻ; പക്ഷേ ലോകകപ്പിൽ ഒരു കിക്ക് പോലും ഗോളായില്ല!
“ഇത് എല്ലാ ദിവസവും എന്നോടൊപ്പം ഉണ്ടാകും. ഇതിനൊപ്പമാണ് ഞാൻ എന്നും രാവിലെ ഉറക്കം എഴുന്നേൽക്കുന്നത്, ജോലിക്ക് പോകുന്നതും ഫുട്ബോൾ കളിക്കുന്നതും ഓടുന്നതും അങ്ങനെ ജീവിതത്തിൽ എന്തൊക്കെ ചെയ്യുമ്പോഴും ഈ ഡിഫ്രിബിലേറ്റർ എനിക്കൊപ്പമുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഇങ്ങനെയൊരു ഉപകരണം ശരീരത്തിനുള്ളിൽ ഉണ്ടെന്ന കാര്യം പോലും വിസ്മരിച്ചുകൊണ്ടു മുന്നോട്ടുപോകാൻ സാധിക്കുന്നത്” അദ്ദേഹം പറഞ്ഞു.
“ഞാനിപ്പോൾ ശാരീരികമായി വളരെ ഫിറ്റാണെന്ന് തോന്നുന്നു, ഒരു സാധാരണ വ്യക്തിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ കഴിയും. ഇടയ്ക്കിടെ, ഞാൻ പരിശോധനകൾക്കായി പോകും, ഇപ്പോഴും ഡിഫ്രിബിലേറ്റർ ഉള്ളതിനാൽ ജീവിതത്തിലും കളിക്കളത്തിലും പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ ശ്രമിക്കും,” ബ്ലൈൻഡ് കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.